സുരക്ഷാ വീഡിയോ എഎപി എംപി ഫേസ്ബുക്കിലിട്ടു;പാര്‍ലമെന്റ് സ്തംഭിച്ചു

Posted on: July 22, 2016 2:25 pm | Last updated: July 22, 2016 at 2:25 pm
SHARE

bhagwant-mann_650x400_51448448349ന്യൂഡല്‍ഹി: ലോക്‌സഭാ നടപടികളും സുരക്ഷയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും എ.എ.പി എം.പി ഭഗവന്ദ്മന്‍ ഫേസ്ബുക്കിലിട്ടതിനെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭ തുടങ്ങിയത് മുതല്‍ ഈ വിഷയത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗങ്ങള്‍ ബഹളം വെച്ചിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഭഗവന്ദ് മന്നിനെ സ്പീക്കര്‍ വിളിച്ച് വരുത്തിയിരുന്നു. സഭ പല തവണ നിര്‍ത്തിവെച്ചതിന് ശേഷമാണ് ഇന്നത്തേക്ക് പിരിഞ്ഞത്. ബിജെ പി അംഗങ്ങളാണ് ശക്തമായ പ്രതിഷേധമുയര്‍ത്തിയത്.

ഇത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്, ഭഗവന്ദ് മന്‍ സുരക്ഷാ രഹസ്യങ്ങളാണ് പരസ്യപ്പെടുത്തിയതെന്ന് കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി രാജ്യസഭയില്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ച് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും നഖ്‌വി വ്യക്തമാക്കി. സംഭവത്തില്‍ സ്പീക്കര്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 12 മിനുറ്റ് വീഡിയോയാണ് പാര്‍ലമെന്റ് നടപടികളുമായി ബന്ധപ്പെട്ടുള്ളത്. ഭഗവന്ദ് മന്നിനെതിരെ ഭരണ കക്ഷി അംഗങ്ങള്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.