‘തിരികെ വേണം കരിപ്പൂര്‍’ ഓണ്‍ലൈന്‍ കാമ്പയിന്‍

Posted on: July 15, 2016 7:46 pm | Last updated: July 15, 2016 at 7:46 pm
SHARE

KARIPOOR AIR PORTദുബൈ: കോഴിക്കോട് വിമാനത്താവളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നാട്ടുകാരിലും പ്രവാസി സമൂഹത്തിനു മുമ്പിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫേസ്ബുക്കിലൂടെ ഓണ്‍ലൈന്‍ കാമ്പയിന്‍ ആരംഭിച്ചു. കോഴിക്കോട് പ്രവാസി അസോസിയേഷന്‍ ( യു എ ഇ) എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ പേജിലാണ് ചര്‍ച്ചക്ക് തുടക്കമിട്ടിരിക്കുന്നത്.
സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി തന്റെ പ്രതികരണം അറിയിച്ചുകൊണ്ട് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജീവിക്കുമ്പോഴും, മരിച്ചാലും ഞങ്ങള്‍ മലബാറിലെ പ്രവാസികള്‍ നാട്ടിലെത്താന്‍ ഏറെ കൊതിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. പഴയ പോലെ തിരികെ വേണം കരിപ്പൂര്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലബാര്‍ ഡവലപ്‌മെന്റ് ഫോറം വര്‍കിംഗ് ചെയര്‍മാന്‍ കെ എം ബഷീര്‍, കാലിക്കറ്റ് എയര്‍പോര്‍ട് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. സാജിദ് അബൂബക്കര്‍, കാലിക്കറ്റ് ചേംബര്‍ സെക്രട്ടറി അബ്ദുല്ല മാളിയേക്കല്‍, എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ബഷീര്‍ തിക്കോടി, മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി, യു എ നസീര്‍ (ന്യൂയോര്‍ക്ക്), സി പി സദഖത്തുല്ല (ഖത്വര്‍), നിയാസ് അബ്ദുലത്വീഫ് (കുവൈത്ത്), അബ്ദുല്‍ മജീദ് (ബഹ്‌റൈന്‍) തുടങ്ങിയവര്‍ പ്രതികരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. മലബാറിലെ പ്രവാസികളുടെ അത്താണിയായ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളം പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. നിര്‍ത്തലാക്കിയ അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് പുനഃസ്ഥാപിച്ചു. എത്രയും വേഗത്തില്‍ പൂര്‍വ സ്ഥിതിയിലേക്ക് എത്തിക്കണമെന്നും മലബാറിലെ പ്രവാസികളുടെ ആശങ്ക അകറ്റണമെന്നും കോഴിക്കോട് പ്രവാസി അസോസിയേഷന്‍ (യു എ ഇ) പ്രസിഡന്റ് രാജന്‍ കൊളാവിപ്പാലം, സെക്രട്ടറി അഡ്വ. പി മുഹമ്മദ് സാജിദ് ആവശ്യപ്പെട്ടു. ഇതിനായുള്ള ശ്രമത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ കാമ്പയിനില്‍ മുഴുവന്‍ പ്രവാസികളും തങ്ങളുടെ അഭിപ്രായങ്ങളും പരാതികളും രേഖപ്പെടുത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. കാമ്പയിന്റെ ഭാഗമായി ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രധാനമന്ത്രി, മുഖ്യമന്തി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും കേന്ദ്ര വ്യോമയാന വകുപ്പ്, എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളിലും നിവേദനമായി സമര്‍പിക്കുമെന്നും കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.