ഖത്വര്‍ എയര്‍വേയ്‌സ് അറ്റാദായത്തില്‍ 328 ശതമാനം വര്‍ധന

Posted on: July 12, 2016 7:16 pm | Last updated: July 13, 2016 at 6:44 pm
SHARE
ചാര്‍ട്ടര്‍ സര്‍വീസിന് വേണ്ടി പുതിയ വിമാനങ്ങള്‍ വാങ്ങുന്ന പ്രഖ്യാപന ചടങ്ങില്‍  ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍
ചാര്‍ട്ടര്‍ സര്‍വീസിന് വേണ്ടി പുതിയ വിമാനങ്ങള്‍ വാങ്ങുന്ന പ്രഖ്യാപന ചടങ്ങില്‍
ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍

ദോഹ: ഖത്വര്‍ എയര്‍വേയ്‌സ് വാര്‍ഷിക അറ്റാദായത്തില്‍ 328 ശതമാനം വര്‍ധന രേഖപ്പെടുത്തുന്ന സാമ്പത്തിക റിപ്പോര്‍ട്ട് ഖത്വര്‍ എര്‍വേയ്‌സ് ഗ്രൂപ്പ് ഇന്നലെ പ്രസിദ്ധീകരിച്ചു. ഖത്വര്‍ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയുടെ അറ്റാദായം 1600 കോടി റിയാലാണ്. മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ ലാഭമായ 374 ദശലക്ഷം റിയാലില്‍നിന്നാണ് 1600 കോടി റിയാലായി ഉയര്‍ന്നത്.
അമേരിക്കന്‍ വിമാനക്കമ്പനികള്‍ സബ്‌സിഡി ആരോപണം ഉയര്‍ത്തിയ ശേഷം ഇതാദ്യമായാണ് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സാമ്പത്തിക റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത്. ഗവണ്‍മെന്റില്‍ നിന്നും സബ്‌സിഡി സ്വീകരിക്കുന്ന വിമാനമാണ് ഖത്വര്‍ എയര്‍വേയ്‌സ് എന്നായിരുന്നു അമേരിക്കന്‍ കമ്പനികളുടെ ആരോപണം. അമേരിക്കന്‍ റൂട്ടുകളില്‍ ഖത്വര്‍ എയര്‍വേയ്‌സിന് ഓപ്പണ്‍ എയര്‍ പോളിസി നടപ്പിലാക്കുന്നതിന് എതിരായിരുന്നു ഇത്. ആരോപണം ശക്തമായി നിഷേധിച്ച കമ്പനി, മറുപടിയായിക്കൂടിയാണ് സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തു വിടുന്നത്. ദുര്‍ബലമായ സര്‍വീസുകളെത്തുടര്‍ന്ന് വിപണിയില്‍ സാന്നിധ്യം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ആരോപണവുമായി യു എസ് വിമാനങ്ങള്‍ രംഗത്തു വരുന്നതെന്ന വിമര്‍ശവും ഖത്വര്‍ എയര്‍വേയ്‌സ് ഉയര്‍ത്തിയിരുന്നു.
ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ ചെലവുകളില്‍ 1.5 ശതമാനത്തിന്റെ കുറവു വരുത്താന്‍ സാധിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. പണവും ബേങ്ക് ബാലന്‍സും 54 ശതമാനം ഉയര്‍ന്നു. വിമാന സര്‍വീസുകളിലുണ്ടായ വികസനവും വിദേശ നാണയ വിനിമയ നിരക്കുകളിലെ മാറ്റവുമാണ് ലാഭം ഉയര്‍ത്താന്‍ സഹായിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 17 പുതിയ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നതിനാണ് വിമാനം തയാറെടുക്കുന്നത്. നാലു നഗരങ്ങളിലേക്ക് ഇതിനകം സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു. വിദേശ വിമാനങ്ങളില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നതിലും ഖത്വര്‍ എയര്‍വേയ്‌സ് ശ്രദ്ധിക്കുന്നു. ബൃട്ടീഷ് എയര്‍വേയ്‌സ് ഉടമസ്ഥതയിലുള്ള ഇന്റര്‍നാഷനല്‍ കണ്‍സോളിഡേറ്റഡ് എയര്‍ലൈന്‍ ഗ്രൂപ്പായ ഇബേരിയ, എയിര്‍ ലിന്‍ഗസ് എന്നിവയില്‍ ഓഹരി വിഹിതം 15.01 ശതമാനത്തിലേക്ക് മേയ് മാസം ഉയര്‍ത്തിയിരുന്നു.