ബജറ്റ്: സ്വാഗതം ചെയ്ത് വ്യവസായ സംരംഭകര്‍

Posted on: July 9, 2016 12:28 am | Last updated: July 10, 2016 at 1:19 am
തോമസ് ഐസക്‌
തോമസ് ഐസക്‌

കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ളതില്‍വച്ച് ഏറ്റവും കൂടുതല്‍ തുക ഇടതുമുന്നണി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വകയിരുത്തിയത് എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ സംരംഭകത്വത്തിലും അടിസ്ഥാന സൗകര്യങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുവദിച്ചതിനെക്കാള്‍ കൂടിയ തുകയാണ് സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളില്‍ ടെലിസാന്നിധ്യം ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ 150 കോടി രൂപ നീക്കിവച്ചതാണ് ഏറ്റവും നല്ല തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയിലെ സിലിക്കണ്‍ വാലിയിലുള്ള ആഗോള സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും ഈ മേഖലയിലെ വ്യവസായങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നവേഷന്‍ സോണുകളില്‍ അടിസ്ഥാന സൗകര്യം സൃഷ്ടിക്കാനുള്ള 225 കോടി രൂപയുടെ പദ്ധതി ഇപ്പോള്‍ ഇതിനായി ലഭ്യമായിട്ടുള്ള 3.5 ലക്ഷം ചതുരശ്ര അടി സ്ഥലസൗകര്യം അഞ്ചു ലക്ഷം ചതുരശ്ര അടിയാക്കും. സിലിക്കണ്‍വാലി, റാസ്പ്‌ബെറിപൈ, ഫാബ്‌ലാബ് തുടങ്ങിയ സ്റ്റാര്‍ട്ടപ് പദ്ധതികള്‍ക്കുള്ള വിഹിതം 60 കോടിയാകും. മികച്ച ഓരോ ആശയത്തിനും രണ്ടു ലക്ഷം രൂപ, ഒരു കോടി രൂപയുടെ പലിശ രഹിത വായ്പ, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ അപ്രന്റീസ് പദ്ധതി, സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ആയിരം കോടി രൂപ, ഹൈ ടെക് സ്‌കൂളുകള്‍ക്കുള്ള 500 കോടി രൂപ, സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളും ഗവ. എന്‍ജനീയറിംഗ് കോളജുകളും മെച്ചപ്പെടുത്തുന്നതിനുള്ള 500 കോടി രൂപ എന്നീ നിര്‍ദ്ദേശങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിനും ഏറെ ശക്തി പകരുമെന്ന് അദ്ദേഹം പറഞ്ഞു.

ബജറ്റ് വികസനോന്‍മുഖം: ഫിക്കി
കൊച്ചി: ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ഗവണ്‍മെന്റിന്റെ പുതിയ ബജറ്റിനെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് സ്വാഗതം ചെയ്തു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുള്ള പ്രായോഗിക നിര്‍ദേശങ്ങളടങ്ങിയ വികസനോന്മുഖ ബജറ്റ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നവീകരിക്കുമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ ദീപക് എല്‍ അസ്വാനി അഭിപ്രായപ്പെട്ടു. അതേസമയം ചരക്കുസേവന നികുതി ഉടന്‍ നടപ്പില്‍ വരാനിരിക്കെ നികുതിഘടനയില്‍ മാറ്റം വരുത്തുന്നതിന് കുറച്ചു കൂടി സര്‍ക്കാരിന് കാത്തിരിക്കാമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
വ്യവസായം, കാര്‍ഷിക വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് ഉത്തേജനം നല്‍കുന്ന ബജറ്റിലെ നിര്‍ദേശങ്ങള്‍ പ്രശംസനീയമാണ്. കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള 12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ മാറ്റി മറിക്കാന്‍ പര്യാപ്തമാണ്. കേരളത്തിലേക്ക് വന്‍തോതില്‍ നിക്ഷേപം കൊണ്ടുവരാന്‍ പാക്കേജ് സഹായകമാകും. കാര്‍ഷിക മേഖലക്കും ബജറ്റിലെ നിര്‍ദേശങ്ങള്‍ വലിയ പ്രതീക്ഷ പകരുന്നുണ്ട്. നെല്‍കൃഷിവികസനത്തിനും റബ്ബര്‍, നാളികേരം തുടങ്ങിയ മറ്റ് വിളകള്‍ക്കും വകയിരുത്തിയിട്ടുള്ള വിഹിതം കേരളത്തിലെ കാര്‍ഷിക വ്യവസായ മേഖലക്ക് പുത്തനുണര്‍വ്വ് പകരുന്നതാണ്. അടിസ്ഥാന സൗകര്യവികസനത്തിനുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ സമൂഹത്തിനാകെ ഗുണകരമാകും. ഐ ടി മേഖലക്കായി പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജ് ഐ ടി ബിസിനസിലും പുരോഗതി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ സമഗ്ര വികസനവും നിക്ഷേപ സാധ്യതകളും സംബന്ധിച്ച എല്‍ ഡി എഫ് സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം ബജറ്റില്‍ പ്രതിഫലിക്കുന്നതായി ദീപക് എല്‍ അസ്വാനി പറഞ്ഞു.

ബജറ്റിന് സ്വാഗതം ചേംബര്‍
കൊച്ചി: പിണറായി സര്‍ക്കാരിന്റെ കന്നിബജറ്റ് നിര്‍ദേശങ്ങളെ കേരളാ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ രാജാ സേതുനാഥ് പറഞ്ഞു. വ്യാപാരസമൂഹത്തിന് പ്രത്യേകമായ അനുകൂല്യങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ദോഷകരമായ കാര്യങ്ങള്‍ ഇല്ലെന്നത് ആശ്വാസകരമാണ്. നികുതിഉദ്യോഗസ്ഥര്‍ വഴിയില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുന്നതിനെ ലഘൂകരിക്കുന്ന നടപടി എടുക്കുമെന്ന വാഗ്ദാനവും വാണിജ്യനികുതി വകുപ്പ് ആധുനികവല്‍ക്കരിക്കുമെന്ന നിര്‍ദേശവും കേരളാ ചേംബര്‍ സ്വാഗതം ചെയ്യുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച തുക ബാക്കിയുള്ള 8 മാസത്തിനുള്ളില്‍ ഫലപ്രദമായി ചെലവഴിക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് നടപ്പിലാക്കാന്‍ കഴിയണം. മാന്ദ്യവിരുദ്ധ പാക്കേജിന്റെ വിശദാംശങ്ങള്‍ അറിഞ്ഞാല്‍ മാത്രമേ അതിനെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയൂ. ചെക്ക്‌പോസ്റ്റുകള്‍ നവീകരിക്കാനുള്ള നടപടിയും സ്വാഗതാര്‍ഹമാണ്. ഇതിന്റെ ഗുണം വ്യാപാരികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. എറണാകുളം, പാലക്കാട് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ സ്ഥാപിക്കുമെന്ന നിര്‍ദേശവും സ്വാഗതാര്‍ഹമാണ്.