ബഗ്ദാദ് സ്‌ഫോടനം: സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തം

Posted on: July 5, 2016 6:00 am | Last updated: July 5, 2016 at 1:19 am
SHARE
 സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരസൂചകമായി സ്‌ഫോടനം നടന്ന സ്ഥലത്ത് ഒരുമിച്ചുകൂടിയവര്‍
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരസൂചകമായി സ്‌ഫോടനം നടന്ന സ്ഥലത്ത് ഒരുമിച്ചുകൂടിയവര്‍

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. വ്യാപാര കേന്ദ്രമായ കരാദയിലാണ് ഞായറാഴ്ച സ്‌ഫോടനം നടന്നത്. റമസാന്‍ വ്രതകാലമായതിനാല്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരാണ് ശിയാ ഭൂരിപക്ഷ കേന്ദ്രമായ ഇവിടെ നടന്ന സ്‌ഫോടനത്തിന്റെ ഇരകളിലേറെയും. തകര്‍ന്ന കെട്ടിടങ്ങള്‍ക്കകത്ത് നിന്ന് ഇന്നലെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അമ്യൂസ്‌മെന്റ് മാള്‍ അടങ്ങിയ ബഹുനില കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കൂടുതല്‍ മൃതദേഹങ്ങള്‍ ഈ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തേക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ അത്യന്തം രോഷത്തോടെയാണ് സ്‌ഫോടനത്തോട് പ്രതികരിക്കുന്നത്. മിക്കവരും സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. അബാദി അടക്കമുള്ള എല്ലാ രാഷ്ട്രീയ നേതാക്കളും ഈ ദുരവസ്ഥക്ക് ഉത്തരവാദികളാണെന്ന് ഉറ്റവര്‍ നഷ്ടപ്പെട്ട വനിത പ്രാദേശിക വാര്‍ത്താ സംഘത്തോട് പറഞ്ഞു. ‘ഞങ്ങള്‍ക്ക് ഈദ് ആഘോഷിക്കാനാകുന്നില്ല. ഒന്നുകില്‍ അത് ഇസില്‍ ആയിരിക്കും. അല്ലെങ്കില്‍ അല്‍ ഖാഇദയായിരിക്കും.
എന്നാല്‍ യഥാരര്‍ഥ കുറ്റവാളികള്‍ രാജ്യത്തെ രാഷ്ട്രീയ നേതൃത്വമാണ്’- അവര്‍ പറഞ്ഞു. അവര്‍ കൊട്ടാരങ്ങളില്‍ സുഖമായി കഴിയുമ്പോള്‍ ഞങ്ങളാണ് കൊല്ലപ്പെടുന്നത്. ഇസിലിനെ അവരാണ് ഇങ്ങോട്ട് കൊണ്ടു വന്നതെന്നും അവര്‍ രോഷാകുലയായി പ്രതികരിച്ചു.
ഈയിടെയായി നേരിടേണ്ടി വന്ന തിരിച്ചടികള്‍ക്ക് പ്രതികാരം ചെയ്യുകയാണ് ഇസില്‍ ചെയ്തതെന്ന് ഇറാഖിലെ യു എന്‍ പ്രതിനിധി ജാന്‍ കുബിസ് പറഞ്ഞു. ഇത് ഭീരുത്വമാണ്. മനുഷ്യത്വവിരുദ്ധമാണ്. വിശുദ്ധ റമസാന്റെ അവസാന നാളുകളില്‍ ഇത്തരമൊരു ക്രൂരതക്ക് ആരു മുതിര്‍ന്നാലും അത് മനുഷ്യത്വവിരുദ്ധമാണെന്നും ജാന്‍ പറഞ്ഞു.
ഇസിലിനെതിരെ മൊസൂളിലും ഫല്ലൂജയിലും ഇറാഖി സേന ഈയടുത്ത് ചില വിജയങ്ങള്‍ നേടിയെങ്കിലും സ്‌ഫോടനങ്ങള്‍ പോലുള്ള ആക്രമണങ്ങള്‍ നടത്തി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇസിലിന് ഇപ്പോഴും ശേഷിയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇരട്ട സ്‌ഫോടനം. മൊസൂളിന്റെ നിയന്ത്രണം ഇപ്പോഴും ഇസിലിന് തന്നെയാണ്. ശിയാ ഭൂരിപക്ഷ പ്രദേശത്ത് സ്‌ഫോടനം നടത്തുക വഴി സുന്നി- ശിയാ വിഭജനം ശക്തമാക്കുകയാണ് ഇസില്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്തരമൊരു സാധ്യത കുറയുന്നുവെന്നതാണ് ഇറാഖിലെ വര്‍ത്തമാനകാല സാഹചര്യമെന്ന് വിലയിരുത്തപ്പെടുന്നു.