തട്ടിപ്പ് കോഴ്‌സുകള്‍ വ്യാപകം; വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍

Posted on: July 3, 2016 11:17 am | Last updated: July 3, 2016 at 11:17 am
SHARE

EDUCATIONകൊച്ചി: യു ജി സി അംഗീകാരമില്ലാത്ത കര്‍ണാടക യൂനിവേഴ്‌സിറ്റിയുടെ കോഴ്‌സുകള്‍ നടത്തി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി വഴിയാധാരമാക്കിയതിന് പിന്നാലെ തട്ടിപ്പ് കോഴ്‌സുകളുമായി വീണ്ടും സ്വകാര്യ സ്ഥാപനങ്ങള്‍ രംഗത്ത്. ആകര്‍ഷകമായ പാക്കേജുകളും പ്ലേസ്‌മെന്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് എത്തിയിരിക്കുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍ക്ക് യു ജി സി അംഗീകാരമില്ലെന്ന വാസ്തവം മനസ്സിലാക്കാതെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പ്രവേശനം തേടുന്നത്. അരുണാചല്‍ പ്രദേശ് യൂനിവേഴ്‌സിറ്റിയെന്ന സ്വകാര്യ സര്‍വകലാശാലയുടെ പേരിലുള്ള ടെക്‌നിക്കല്‍ കോഴ്‌സുകളാണ് സ്ഥാപനങ്ങള്‍ നടത്തുന്നത്. ഈ യൂനിവേഴ്‌സിറ്റിക്ക് കേരളത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ കോഴ്‌സുകള്‍ നടത്താനുള്ള അനുവാദമില്ല. കോഴ്‌സുകള്‍ക്ക് അനുമതി നല്‍കുന്നതിനാവശ്യമായ യു ജി സി സംഘം അരുണാചല്‍ പ്രദേശ് യൂനിവേഴ്‌സിറ്റിയില്‍ പരിശോധിച്ച് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഇത്തരത്തില്‍ പരിശോധന നടത്തുകയും അതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഫിലിയേഷന്‍ നല്‍കുകയും ചെയ്താലേ കോഴ്‌സുകള്‍ നടത്താന്‍ സാധിക്കുകയുള്ളു. മാത്രമല്ല അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഇത്തരത്തില്‍ പരിശോധന നടത്തി അഫിലിയേഷന്‍ നല്‍കിയാലാണ് യൂനിവേഴ്‌സിറ്റി നിലനില്‍ക്കുന്ന സംസ്ഥാനത്തിന് പുറത്ത് ഓഫ് ക്യാമ്പസുകള്‍ വഴി ടെക്‌നിക്കല്‍ കോഴ്‌സുകള്‍ നടത്താന്‍ സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള ഒരു അംഗീകാരവുമില്ലാത്ത യൂനിവേഴ്‌സിറ്റിയുടെ പേരിലാണ് ഇപ്പോള്‍ അഡ്മിഷന്‍ നടക്കുന്നതെന്നതാണ് വാസ്തവം. എറണാകുളം, തൃശൂര്‍, കോട്ടയം ജില്ലകളില്‍ വിവിധ സ്ഥാപനങ്ങളിലായി കാണുന്ന ഇത്തരം കോഴ്‌സുകള്‍ ഇതിനോടകം എല്ലാ ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍ തുടങ്ങിയ കോഴ്‌സുകളും ബി ബി എ ഏവിയേഷന്‍, ഇന്റീരിയര്‍ ഡിസൈനിംഗ് തുടങ്ങിയ പുതുതലമുറ കോഴ്‌സുകളുമാണ് നടത്തിവരുന്നത്. ഓരോ സെമസ്റ്ററിനും 25,000 മുതല്‍ 60,000 രൂപ വരെ ഫീസാണ് ഈടാക്കുന്നത്.
ഇത്തരത്തില്‍ ഇതിന് മുമ്പ് കര്‍ണാടക യൂനിവേഴ്‌സിറ്റിയുടെ കോഴ്‌സുകള്‍ പഠിച്ച 35,000ത്തോളം വിദ്യാര്‍ഥികളുടെ ഭാവി ഇന്നും അനിശ്ചിതത്വത്തിലാണ്. കോടിക്കണക്കിന് രൂപയാണ് വിദ്യാര്‍ഥികളില്‍ നിന്നും സ്വകാര്യ മാനേജ്‌മെന്റുകള്‍ തട്ടിയെടുത്തിരിക്കുന്നത്. വിവിധ ജില്ലകളിലായി 82ഓളം സ്ഥാപനങ്ങളിലൂടെ കേരളത്തിലങ്ങോളമിങ്ങോളം അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ നടത്തി പണം തട്ടുകയായിരുന്നു. കര്‍ണാടക സ്‌റ്റേറ്റ് ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ(കെ എസ് ഒ യു)കീഴില്‍ അവരുടെ അക്കാദമിക് സഹകാരികള്‍ മുഖേന കേരളത്തിലെ 13 ജില്ലകളിലാണ് കോഴ്‌സുകള്‍ നടത്തി വന്നത്. ഇതിന് സമാനമായ രീതിയിലാണ് പുതിയ തട്ടിപ്പുകളും നടക്കുന്നത്. യുജി സി മാനദണ്ഡ പ്രകാരം ഇത്തരം യൂനിവേഴ്‌സിറ്റികള്‍ക്ക് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ നടത്താനുള്ള അംഗീകാരമില്ല. ഇത് മറച്ചുവെച്ചുകൊണ്ടാണ് കേരളത്തില്‍ സ്ഥാപനങ്ങള്‍ കോഴ്‌സുകള്‍ നടത്തി വന്നത്. ഇതിന് മുമ്പ് ഇത്തരം കോഴ്‌സുകളില്‍ ചേര്‍ന്ന് വഞ്ചിതരാകരുതെന്ന് യു ജി പബ്ലിക് നോട്ടീസിലൂടെ മുന്നറിയിപ്പ് നല്‍കിയപ്പോഴാണ് വിദ്യാര്‍ഥികള്‍ സംഭവം മനസ്സിലാക്കിയത്. യഥാര്‍ഥത്തില്‍ യൂനിവേഴ്‌സിറ്റിയുടെ യു ജി സി അംഗീകാരം 2012 ജൂണില്‍ നഷ്ടമായിരുന്നു. തുടര്‍ന്നും സ്ഥാപനങ്ങള്‍ കോഴ്‌സുകളും തുടര്‍ അഡ്മിഷനും തുടര്‍ന്നു.
തട്ടിപ്പ് വെളിച്ചത്തായതോടെ മാനേജ്‌മെന്റുകളെ സമീപിച്ചെങ്കിലും വിദ്യാര്‍ഥികളുടെ ഭാവി സുരക്ഷിതമാണെന്നും യൂനിവേഴ്‌സിറ്റി മാറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നുമാണ് മറുപടി ലഭിച്ചത്. എന്നാല്‍ അവിടെയും നടന്നത് തട്ടിപ്പാണെന്ന് വിദ്യാര്‍ഥികള്‍ മനസ്സിലാക്കാന്‍ വൈകുകയായിരുന്നു. അംഗീകാരമില്ലാത്ത യൂനിവേഴ്‌സിറ്റിയില്‍ നിന്നും മറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് വിദ്യാര്‍ഥികള്‍ക്ക് മാറാന്‍ സാധിക്കില്ല. മാത്രമല്ല മാനേജ്‌മെന്റുകള്‍ മുന്നോട്ട് വെച്ച സ്ഥാപനങ്ങളെല്ലാം അതത് സംസ്ഥാനങ്ങള്‍ക്ക് പുറത്ത് വിദൂര വിദ്യാഭ്യാസ രീതിയില്‍ കോഴ്‌സുകള്‍ നടത്താനോ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ നടത്താനോ അവകാശമില്ലാത്തവയുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ മക്കളാണ് ഇത്തരം കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്നവരിലധികവും. പല വിദ്യാര്‍ഥികളും ഒഴിവ് സമയങ്ങളില്‍ മറ്റ് ജോലി ചെയ്ത് പഠിക്കാനുള്ള പണം കണ്ടെത്തുന്നവരുമാണ്. മറ്റ് വിവിധ ഓപ്പണ്‍ യൂനിവേഴ്‌സിറ്റികളുടെ പേരിലും സമാന വിദ്യാഭ്യാസ തട്ടിപ്പ് നടക്കുന്നുണ്ട്.