മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാനത്തില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു

Posted on: June 27, 2016 6:30 pm | Last updated: June 27, 2016 at 8:18 pm

missileന്യൂഡല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാനത്തില്‍ (മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെഷിം എംടിസിആര്‍) ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഇന്ത്യക്ക് വേണ്ടി എംടിസിആര്‍ അംഗത്വത്തില്‍ ഒപ്പു വെച്ചത്.ആണവ വിതരണ ഗ്രൂപ്പില്‍ അംഗത്വം നിഷേധിച്ചതിനു പിന്നാലെയാണ് മിസൈല്‍ സാങ്കേതിക വിദ്യ നിയന്ത്രണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്. എന്‍എസ്ജി പ്രവേശനത്തെ ഇന്ത്യയെ പിന്തുണയ്ക്കാത്ത ചൈനയ്ക്ക് എംടിസിആറില്‍ അംഗത്വം ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ഫ്രാന്‍സിലെ നിയുക്ത അംബാസഡര്‍ അലക്‌സാന്ദ്രെ സീഗ്ലെര്‍, നെതര്‍ലന്‍ഡ് അംബാസഡര്‍, ലക്‌സംബര്‍ഗ് അംബാസഡര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗത്വം സംബന്ധിച്ച ധാരണാപത്രത്തില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ഒപ്പുവച്ചത്. എംടിസിആറില്‍ അംഗമാവുന്ന 35 ാമത്തെ രാജ്യമാണ് ഇന്ത്യ.

എംടിസിആറില്‍ അംഗത്വ ലഭിച്ചതോടെ രാസ, ജൈവ ആണവ ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കാനും ഉപയോഗിക്കാനുമുള്ള അനുമതി, മിസൈല്‍ സാങ്കേതിക വിദ്യാകള്‍ ലഭിക്കാനും കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്ക് സാധിക്കും. റഷ്യന്‍ സഹകരണത്തോടെ ഇന്ത്യ നിര്‍മിക്കുന്ന ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കാനും എംടിസിആര്‍ അംഗത്വം ഇന്ത്യയെ സഹായിക്കും. എംടിസിആര്‍ അംഗത്വം ഇന്ത്യക്ക് മിസൈല്‍ സാങ്കേതികവിദ്യയില്‍ മാത്രമല്ല ബഹിരാകാശ ഗവേഷണത്തിലും ഏറ്റവും പുതിയ അറിവുകളും ഉപകരണങ്ങളും വാങ്ങാന്‍ അവസരം നല്‍കും.

2008 ല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാര്‍ ഒപ്പിട്ട ശേഷമാണ് ആയുധ വ്യാപാര നിയന്ത്രണ ഗ്രൂപ്പുകളായ എംടിസിആര്‍, എന്‍എസ്ജി, ഓസ്‌ട്രേലിയ ഗ്രൂപ്പ്, വാസിനാര്‍ അറേഞ്ച്‌മെന്റ് എന്നിവയില്‍ അംഗമാകാന്‍ ഇന്ത്യ ശ്രമം തുടങ്ങിയത്. ഇന്ത്യ അമേരിക്കയുടെ മുഖ്യപ്രതിരോധ പങ്കാളിയാണെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതുവഴി യുഎസിന്റെ പ്രതിരോധ സാങ്കേതിക വിദ്യയുടെ 99 ശതമാനവും ഇന്ത്യയക്ക് ലഭ്യമാകും.