കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു

Posted on: June 26, 2016 10:31 pm | Last updated: June 27, 2016 at 5:47 am

KAVALAM 2തിരുവനന്തപുരം: നാടാകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.88 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്.

മലയാള ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായ കാവാലം നാരായണപണിക്കര്‍ നാടകകൃത്ത്, കവി, സംവിധായകന്‍, സൈദ്ധാന്തികന്‍ എന്നീ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു. തനതു നാടകവേദിയെ രൂപപ്പെടുത്തിയ നാടകാചാര്യനാണ് കാവാലം. തനതു നാടോടി കലാരൂപങ്ങളെ മലയാള നാടകവേദിയിലേക്ക് ഉള്‍ച്ചേര്‍ത്തു. അവനവന്‍ കടമ്പ, ദൈവത്താര്‍, സാക്ഷി എന്നിവയാണ് പ്രമുഖ നാടകങ്ങള്‍.

കാളിദാസന്റെയും ഭാസന്റെയും സംസ്‌കൃത നാടകങ്ങള്‍ പരിഭാഷപ്പെടുത്തി. മധ്യമവ്യായോഗം, വിക്രമോര്‍വശീയം, ശാകുന്തളം, കര്‍ണഭാരം തുടങ്ങിയവ അരങ്ങിലെത്തിച്ചു. ആലായാല്‍ തറവേണം, കറുകറെ കാര്‍മുകില്‍, കുമ്മാട്ടി എന്നിവ കാവാലത്തിന്റെ ഗാനങ്ങളാണ്. 1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു. 2007ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരവും ലഭിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛന്‍ ഗോദവര്‍മ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമാണ്. സര്‍ദാര്‍ കെ.എം. പണിക്കര്‍ കാവാലത്തിന്റെ അമ്മാവനാണ്‌. ശാരദാമണിയാണ് ഭാര്യ.ഗായകന്‍ കാവാലം ശ്രീകുമാര്‍ മകനാണ്.