ഷിബു ബേബി ജോണ്‍ വഞ്ചകനെന്ന് ഗണേഷ് കുമാര്‍

Posted on: June 25, 2016 6:01 pm | Last updated: June 26, 2016 at 10:43 am

ganesh-kumar.jpg.image.തിരുവനന്തപുരം: താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ വഞ്ചകനാണ് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍ എന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. തന്നെ വഞ്ചിച്ചതിനുള്ള ദൈവശിക്ഷയാണ് ഷിബുവിന് ചവറയിലുണ്ടായ പരാജയം. പത്തനാപുരത്ത് തന്നെ തോല്‍പിക്കാന്‍ ഷിബുവുമായി ബന്ധപ്പെട്ട ചിലര്‍ പണമൊഴുക്കിയെന്നും ഗണേഷ് ആരോപിച്ചു. സോളാര്‍ കമ്മീഷന് മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ്.

സരിത തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗണേഷ് കുമാറാണെന്ന് ഷിബു പറഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ഗണേഷ് ഷിബുവിനെ രൂക്ഷമായി പ്രതികരിച്ചത്.

2012 മുതല്‍ ലക്ഷ്മി നായര്‍ എന്ന സരിതയെ അറിയാമെന്ന് ഗണേഷ് മൊഴി നല്‍കി. ബിജു രാധാകൃഷ്ണനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ടീം സോളാറിന്റെ കട ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ വന്നപ്പോള്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് കണ്ടത്. സരിത ജയിലില്‍ വെച്ചെഴുതിയ കത്ത് കാണുകയോ വായിക്കുകയോ ചെയ്തിട്ടില്ലെന്നും ഗണേഷ് മൊഴി നല്‍കി.