റമസാന്‍ 19: ശൈഖ് സായിദ് ഓര്‍മദിനം

Posted on: June 23, 2016 3:02 pm | Last updated: June 23, 2016 at 3:02 pm
SHARE

SHEIKH SAYEEDദുബൈ: പ്രാദേശിക തലത്തിലും അന്താരാഷ്ട്രതലത്തിലും മാനവികതയും മനുഷ്യത്വ സ്‌നേഹ പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിപ്പിടിച്ച യു എ ഇയുടെ വഴികാട്ടിയായിരുന്നു രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍. എല്ലാ വര്‍ഷവും യു എ ഇയില്‍ റമസാന്‍ 19നാണ് സായിദ് മനുഷ്യത്വ സ്‌നേഹ പ്രവര്‍ത്തി ദിനമായി ആചരിച്ചു വരുന്നത്.

ശൈഖ് സായിദ് കാണിച്ച കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, സുപ്രീം കൗണ്‍സില്‍ അംഗങ്ങളായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നിസ്തുലമായ പ്രവര്‍ത്തനമാണ് യു എ ഇ നടത്തുന്നത്. ലോകത്തിന് മികച്ച സഹായ സംഭാവനകള്‍ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉയര്‍ന്ന സ്ഥാനമാണ് യു എ ഇക്കുള്ളത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മാനവിക സന്ദേശങ്ങളും ഉയര്‍ത്തുന്നതിന് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഫൗണ്ടേഷന്‍ ഫോര്‍ ചാരിറ്റബിള്‍ ഉന്നത പ്രവര്‍ത്തനമാണ് നടത്തുന്നത്. ഭൂമിശാസ്ത്രം, ഭാഷ, മതം, വര്‍ണം തുടങ്ങിയവ നോക്കാതെ ആവശ്യമായവര്‍ക്കെല്ലാം കൈയഴിഞ്ഞ സഹായമാണ് ഫൗണ്ടേഷന്‍ നല്‍കുന്നത്.

ദരിദ്ര രാജ്യങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനും അവരെ സഹായിക്കാനുമായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ‘ദുബൈ കെയേര്‍സ്’അടക്കമുള്ള നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. അന്ധരായവര്‍ക്ക് പ്രത്യാശ നല്‍കുന്ന ‘നൂര്‍ ദുബൈ’, ലോകമെമ്പാടുമുള്ള 10 ലക്ഷം കുട്ടികള്‍ക്ക് വസ്ത്രവും വെള്ളവും എത്തിച്ചു നല്‍കുന്ന ‘കിസ്‌വ’ എന്നീ സംരംഭങ്ങള്‍ക്ക് തുടക്കമിട്ട ശൈഖ് മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ യു എ ഇയുടെ മാനവീക സ്‌നേഹം വിളിച്ചോതുന്നതാണ്. ലോകമെമ്പാടും 50 ലക്ഷം പുസ്തകങ്ങളെത്തിക്കാനും ഇസ്‌ലാമിക ലോകത്ത് 2,000 ലൈബ്രറികള്‍ സ്ഥാപിക്കാനുമായി ഈ വര്‍ഷം ശൈഖ് മുഹമ്മദ് തുടക്കം കുറിച്ച ‘റീഡിംഗ് നാഷന്‍’ കാമ്പയിന്‍ ഇതിനോടകം ആഗോള ശ്രദ്ധ നേടി. 70 ലക്ഷം പുസ്തകങ്ങളാണ് കാമ്പയിനിലൂടെ ഇതുവരെ സമാഹരിച്ചത്. കൂടാതെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവരില്‍നിന്ന് 4.1 കോടി ദിര്‍ഹം സംഭാവനയായി ലഭിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here