ഹമദ് ആശുപത്രി എമര്‍ജന്‍സിയില്‍ രോഗികളുടെ വര്‍ധനവില്ല

Posted on: June 22, 2016 8:55 pm | Last updated: June 22, 2016 at 8:55 pm

ദോഹ: റമസാന്‍ വ്രതകാലവും കനത്ത ചൂടും പക്ഷേ രാജ്യത്ത് ജനങ്ങളുടെ ആരോഗ്യസ്ഥിതിക്ക് പരുക്കേല്‍പ്പിച്ചിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. റസമാനില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയെത്തുന്ന രോഗികളുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് റമസാനും ചൂടുകാലവും ആരോഗ്യ സ്ഥിതിയില്‍ സുരക്ഷിതമാണെന്ന് അധികൃര്‍ അറിയിച്ചത്.
റമസാന്‍ മാസത്തില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ ചികിത്സ തേടുന്ന രോഗികളില്‍ പ്രത്യേകമായ വര്‍ധന രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നും വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായും സൂര്യതാപമേറ്റും സാധാരണ രോഗാവസ്ഥയിലാകുന്നവര്‍ വര്‍ധിക്കാറുണ്ടെന്നും എമര്‍ജന്‍സി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സാദ് അല്‍ നുഐമി പറഞ്ഞു. അതേസമയം, രോഗികള്‍ ആശുപത്രിയിലെത്തുന്ന സമയത്തില്‍ ചെറിയ മാറ്റമുണ്ട്. ഇഫ്താര്‍ സമയം മുതല്‍ അത്താഴ സമയം വരെയാണ് അധികപേരും ചികിത്സ തേടിയെത്തുന്നത്. ഇതു മുന്‍വര്‍ഷങ്ങളിലും പ്രകടമായിരുന്നു.
ഗ്യാസ് പ്രശ്‌നവുമായാണ് കൂടുതല്‍ പേര്‍ സമീപിക്കുന്നത്. ഇത് സാധാരണഗതിയില്‍ വ്രതമെടിക്കുന്നവരില്‍ കണ്ടു വരുന്നതാണ്. കൂടുതല്‍ ഭക്ഷണം കഴിക്കുന്നതു കൊണ്ടാണ് പ്രധാനമായും ഈ പ്രശ്‌നം ഉണ്ടാകുന്നത്. സന്തുലിതമല്ലാത്ത രീതിയിലുള്ള ഭക്ഷ്യരീതികളുമാണ് പ്രശ്‌നമുണ്ടാക്കുന്നത്. പതയുള്ളതും മധുരം കൂടുതലുള്ളതുമായ പാനീയം കൂടുതല്‍ കുടിക്കുന്നതും ഗ്യാസ്‌സ്ട്രബിളിനു വഴിവെക്കും. ഇത്തരം രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും കനത്ത വേദന, ഛര്‍ദി, വയറു വീര്‍ക്കല്‍, ശോദനക്കുറവ് പോലുള്ള പ്രയാസങ്ങളാണ് കണ്ടു വരുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ ഈ അവസ്ഥ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. നോമ്പു തുറന്നയുടന്‍ ലളിതമായതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കണം. മൂന്നു ഈത്തപ്പഴം, ഒരു കപ്പ് വെജിറ്റബിള്‍ സൂപ്പ്, അരകപ്പ് ഓറഞ്ച് ജ്യസ് എന്നിവ ശരീരത്തിലെ ഗ്ലൂക്കോസ് ലെവല്‍ സാധാരണഗതിയിലേക്കു തിരിച്ചു വരുന്നതിനു സഹായിക്കും. കട്ടികൂടിയ ഭക്ഷണത്തോടുള്ള ആസക്തി കുറക്കാനും ഇതു വഴിവെക്കും. പ്രധാന ഭക്ഷണം മഗ്‌രിബ് നിസ്‌കാരത്തിനു ശേഷം കഴിക്കുന്നതാണ് ഉത്തമം. നാരുള്ള ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണം. കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒഴിവാക്കുകയും വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നോമ്പുകാലത്ത് ശാരീരിക വ്യായാമങ്ങള്‍ തീരേ നിര്‍ത്തിവെക്കുന്നതാണ് പലര്‍ക്കും പ്രശ്‌നം സൃഷ്ടിക്കുന്നത്. ഭക്ഷണത്തിന്റെ കുറവും കഴിക്കുന്ന ഭക്ഷണത്തില്‍ നാരിന്റെ അഭാവവും പ്രശ്‌നമുണ്ടാക്കും. വെള്ളം കൂടുതലായി കുടിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. ഫ്രഷ് ജ്യൂസ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ കഴിക്കുന്നതിനൊപ്പം ഇഫ്താറിനും അത്താഴത്തിനുമിടയില്‍ ശാരീരിക വ്യായാമവും നടത്തണം. ഇഫ്താറിനും അത്താഴത്തിനുമിടയില്‍ ചായ, കാപ്പി എന്നിവ കുടിക്കുന്നത് തലവേദന കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.