ഇബ്‌റാഹിം ലോഹി അക കണ്ണുകൊണ്ട് നോവലെഴുതുകയാണ്

Posted on: June 22, 2016 12:14 pm | Last updated: June 22, 2016 at 12:14 pm

muhammed lohiമലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ വിഭാഗം വിദ്യാര്‍ഥിയായ ഇബ്‌റാഹിം ലോഹി തനിക്ക് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത ലോകത്തെക്കുറിച്ച് അകകണ്ണുകൊണ്ട് കണ്ട് നോവല്‍ രചിക്കുന്നു.

ജന്മനാ അന്ധത ബാധിച്ചിരുന്നിലെങ്കിലും ചെറുപ്പം മുതലെ ഇബ്‌റാഹീമിന്റെ ലോകം ഇരുളടഞ്ഞതായിരുന്നു. കാഴ്ചയുടെ ഞരമ്പുകളുടെ ശക്തിക്ഷയമാണ് ഇബ്രാഹീമിനെ വര്‍ണങ്ങളുടെ ലോകത്തുനിന്നും തടഞ്ഞത്. വിട്ടുവീഴ്ച ഇല്ലാത്ത കഠിനാധ്വാനത്തിലൂടെ ഇബ്‌റാഹീം ഡിഗ്രിയും രണ്ട് പിജിയും ജെ ആര്‍ എഫും പൊരുതി നേടി. തന്റെ നേട്ടങ്ങള്‍ക്കിടയിലും കാഴ്ചയുടെ അനുഗ്രഹങ്ങള്‍ ലഭിക്കാതെ പോകുന്നവരുടെ നോവുകളെ അദ്ദേഹം മനസിലാക്കിയിരുന്നു. ആ വേദനകളാണ് ലോഹി തന്റെ കൃതിയില്‍ കോറിയിടുന്നത്. നോവലിന്റെ പേര് ‘മരിക്കാത്ത കണ്ണുകള്‍.’ ശബ്ദ ദാനത്തെക്കുറിച്ചും അവയവ ദാനത്തെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ പാതിവഴിയില്‍ കാഴ്ച നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഈ നോവല്‍. അവള്‍ സമൂഹത്തില്‍ നേരിടുന്ന അവഗണനയും നിലനില്‍പ്പിന് വേണ്ടി അവള്‍ നടത്തുന്ന പോരാട്ടങ്ങളുമാണ് ഈ നോവലില്‍ പരാമര്‍ശിക്കപ്പെടുന്നത്. നോവലിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലസില്‍ വെച്ച് നിര്‍വ്വഹിക്കും. വൈസ് ചാന്‍സിലര്‍ ഡോ. കെ മുഹമ്മദ് ബശീറായിരിക്കും മുഖ്യ അതിഥി. നാഷണല്‍ സര്‍വ്വീസ് സ്‌കീം ഓപ്പണ്‍ യൂനിറ്റാണ് പരിപാടിയുടെ സംഘാടകര്‍ എന്ന് പ്രോഗ്രാം ഓഫീസര്‍ ഡോ. മൊയ്തീന്‍കുട്ടി എ ബി അറിയിച്ചു. ചെമ്മാട് സി കെ നഗറില്‍ ജനിച്ച ഇബ്‌റാഹീം ലോഹി ചെമ്മാട് തൃക്കുളം എ എം എല്‍ പി സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പാസായതിനു ശേഷം കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് ചേര്‍ന്നു.
കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്നും ഡിഗ്രി നേടിയതിനു ശേഷം ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും എജ്യൂക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടി. അവയവ ദാനത്തിന്റെ പ്രസക്തിയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ദേശീയ തലത്തില്‍ ഓര്‍ഗണ്‍ ഡൊണേഷന്‍ ക്യാമ്പയിന്‍ നടത്തുന്നുണ്ട്.