അപകടത്തില്‍ പരുക്കേറ്റ പോലീസുകാരിക്ക് ചികിത്സയിലെ അപാകത കാരണം അംഗ വൈകല്യം സംഭവിച്ചതായി പരാതി

Posted on: June 20, 2016 10:11 pm | Last updated: June 20, 2016 at 10:11 pm

താമരശ്ശേരി: വാഹനാപകടത്തില്‍ പരുക്കേറ്റ പോലീസുകാരിക്ക് ചികിത്സയിലെ അപാകത കാരണം അംഗ വൈകല്യം സംഭവിച്ചതായി പരാതി. കോടഞ്ചേരി പോലീസ് സ്‌റ്റേഷനിലെ വനിത സി പി ഒ തിരുവമ്പാടി തമ്പലമണ്ണ പടിഞ്ഞാറെ പുരക്കല്‍ രജനിയാണ് ആശുപത്രി അധികൃതരുടെ അനാസ്ഥകാരണം തീരാ ദുരിതത്തിലായത്. രജനിയുടെ പരാതിയില്‍ ഓമശ്ശേരി ശാന്തി ഹോസ്പിറ്റല്‍ അധികൃതര്‍ക്കെതിരെ കൊടുവള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരി 2 ന് വൈകിട്ട് ജോലി കഴിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ രജനി സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍ പെട്ട് ഇടതു കൈക്ക് പരുക്കേറ്റിരുന്നു. ഓമശ്ശേരിയിലെ ശാന്തി ഹോസ്പിറ്റലിലെത്തിച്ച് എക്‌സ് റെ പരിശോധിച്ചതില്‍ ഇടതു കൈ തണ്ടയില്‍ തകരാറുള്ളതായി കണ്ടെത്തുകയും അന്നു രാത്രിയില്‍ ശസ്ത്ര ക്രിയ നടത്തി കൈക്ക് കമ്പിയിടുകയും ചെയ്തിരുന്നു. നാലു ദിവസം കഴിഞ്ഞും വേദനയും നീര്‍ക്കെട്ടും കുറയാത്തതിനാല്‍ കമ്പി മുറുകിയില്ലെന്നും പറഞ്ഞ് വീണ്ടും ശസ്ത്രക്രിയ നടത്തി പഴയ കമ്പി മാറ്റി വേറെ കമ്പിയിട്ടതായും എല്ലാം ശരിയായെന്നും പറഞ്ഞ് പിറ്റേ ദിവസം വീട്ടിലേക്കയച്ചതായും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഏതാനും ദിവസം കഴിഞ്ഞും വേദനക്ക് കുറവില്ലാത്തതിനാല്‍ വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ കൈ മുട്ടിന്റെ എല്ലും സ്ഥാനം തെറ്റിയ നിലയിലാണെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതിന്നായി വീണ്ടും ശസ്ത്രക്രിയ നടത്തി. തുടര്‍ന്ന് എം ആര്‍ ഐ സ്‌കാനിംഗ് നടത്താനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. സ്‌കാനിംഗ് പരിശോധിച്ചപ്പോള്‍ ശസ്ത്രക്രിയക്ക് ശേഷവും കൈ മുട്ടിന്റെ എല്ല് സ്ഥാനം തെറ്റിയ നിലയിലാണെന്നും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ കൈ തണ്ട മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ എന്നും അബദ്ധം പറ്റിയതാണെന്നുമായിരുന്നുവത്രെ മറുപടി. തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി പ്ലാസ്റ്റിട്ടു.

കയ്യിലെ പ്ലാസ്റ്റര്‍ രോഗി സ്വയം നീക്കിയപ്പോള്‍ കൈ മുട്ടിന്റെ എല്ല് സ്ഥാനം തെറ്റിയെന്നാണത്രെ ഡോക്ടര്‍ ചികിത്സാ രേഖയില്‍ എഴുതി ചേര്‍ത്തത്. ദിവസങ്ങള്‍ക്കു ശേഷം കമ്പി നീക്കം ചെയ്‌തെങ്കിലും കൈ അനക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനന്നായി ഫിസിയോ തൊറാപ്പി ചെയ്യാനാണത്രെ നിര്‍ദ്ദേശിച്ചത്. എല്ല് പുറത്തോട്ട് തളളി നില്‍ക്കുന്ന നിലിയില്‍ ഫിസിയോ തൊറാപ്പി ചെയ്യമ്പോള്‍ അസഹ്യമായ വേദന കാരണം തലകറക്കം അനുഭവപ്പെട്ടിരുന്നതായി ഇവര്‍ പറയുന്നു. ഓമശ്ശേരി ആശുപത്രില്‍ നാലു മാസത്തോളം ചികിത്സ നടത്തിയെങ്കിലും ഫലം കാണാതെ വന്നതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. വീണ്ടും ശസ്ത്രക്രിയ നടത്തി കൈ തണ്ട നേരെയാക്കിയെങ്കിലും ഓമശ്ശേരിയിലെ ചികിത്സ കാരണം നിവര്‍ത്താന്‍ പറ്റാതായ കൈ ഇപ്പോഴും ഉയര്‍ത്താന്‍ കഴിയുന്നില്ല. കൈ തണ്ടയിലെ പരുക്ക് ശരിയാക്കുന്നതിനിടെ ശക്തമായി പിടിച്ചു വലിച്ചതിനാലാണ് കൈ മുട്ട് സ്ഥാനം തെറ്റിയതെന്നാണ് ഇവരുടെ ആരോപണം. പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ശാന്തി ഹോസ്പിറ്റല്‍ അധികൃതര്‍ ധിക്കാരപരമായാണ് പെരുമാറിയതെന്നും പരാതിയില്‍ പറയുന്നു. ചികിത്സയിലെ അപാകതക്കെതിരെ പരാതിപ്പെടാമെന്നും കേസ് ഐ എം എ ഏറ്റെടുത്ത് നടത്തുമെന്നുമാണത്രെ ആശുപത്രി അധികൃതര്‍ അറിയിച്ചത്. തുടര്‍ന്നാണ് രജനി കൊടുവള്ളി സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി എസ് ഐ ജയേഷ് ബാലന്‍ പറഞ്ഞു.