സ്‌കൂളുകളില്‍ പാഠപുസ്തകങ്ങളെത്തി, കെ ബി പി എസിന് അഭിമാനം

Posted on: June 19, 2016 1:35 pm | Last updated: June 19, 2016 at 1:35 pm
SHARE

KBPSകൊച്ചി: ഈ അധ്യയന വര്‍ഷം സംസ്ഥാനത്തെ 12000 സ്‌കൂളുകളില്‍ കൃത്യസമയത്തു പാഠപുസ്തകമെത്തിച്ചു കേരള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി അഭിമാനകരമായ നേട്ടം കൈവരിച്ചതായി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍. ജെ തച്ചങ്കരി അറിയിച്ചു. മൊത്തം 3300 സ്‌കൂള്‍ സംഘങ്ങളിലായാണ് ഇത്രയും പുസ്തകങ്ങളെത്തിച്ചത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ പുസ്തകങ്ങള്‍ വൈകി ലഭിക്കാനിടയാക്കിയതു പരക്കെ പ്രതിഷേധത്തിനിട നല്‍കിയിരുന്നു. എന്നാല്‍ ഈവര്‍ഷം കെ ബി പി എസില്‍ മാത്രമായി മുഴുവന്‍ പാഠപുസ്തകങ്ങളും അച്ചടിച്ചു പരാതികള്‍ക്കിടവരാതെ വിതരണം ചെയ്യാന്‍ കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. നാലരമാസത്തെ കഠിനയത്‌നത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. പേപ്പര്‍ വാങ്ങാനുള്ള പണം പോലും ലഭിച്ചതു ജനുവരിയിലായിരുന്നു.

ഇക്കുറി പേപ്പര്‍ വാങ്ങാനുള്ള ചുമതലയും കെ ബി പി എസിനായിരുന്നുവെന്നതും സഹായകരമായി. കഴിഞ്ഞവര്‍ഷങ്ങളില്‍ കണ്‍ട്രോളര്‍ ഓഫ് സ്‌റ്റേഷനറി വാങ്ങിയതില്‍ നിന്ന് ആറ് കോടിയോളം രൂപ ലാഭിക്കാന്‍ കഴിഞ്ഞതായും ടോമിന്‍ തച്ചങ്കരി പറഞ്ഞു. ശക്തമായ മഴ മൂലം പല ദിവസങ്ങളിലും പുസ്തക വിതരണം തടസപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്താത്ത ഡിപ്പോകളുടെ ശോച്യാവസ്ഥ മൂലവും വിതരണം നിര്‍ത്തിവക്കേണ്ടിവന്നിട്ടുണ്ടെന്നു ചെയര്‍മാന്‍ വ്യക്തമാക്കി.
ഈ അധ്യയന വര്‍ഷം സിലബസ് മാറ്റമുള്ള ഒമ്പത്, പത്ത് ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളും ഏപ്രിലില്‍ത്തന്നെ വിതരണം പൂര്‍ത്തിയാക്കി. അടുത്ത വര്‍ഷവും ഇതേരീതിയില്‍ പാഠപുസ്തക അച്ചടി കെ ബി പി എസിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നു ചെയര്‍മാന്‍ അറിയിച്ചു.
ഇനിയും എസ് സി ഇ ആര്‍ ടിയുടെ അംഗീകാരം കിട്ടാത്ത ഒമ്പത്, പത്ത് ക്ലാസുകളിലെ ഐ ടി പുസ്തകങ്ങള്‍ ഒഴികെ മറ്റേതെങ്കിലും പാഠപുസ്തകങ്ങള്‍ ഡിപ്പോകളില്‍ ലഭിക്കാത്തവര്‍ കെ ബിപി എസുമായി ബന്ധപ്പെടേണ്ടതാണ്. ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: 9995411786, 9995412786.

LEAVE A REPLY

Please enter your comment!
Please enter your name here