കുടുംബത്തെ സംശയത്തിന്റെ നിഴലിലാക്കി; തങ്കച്ചനെയും സാജു പോളിനെയും മുള്‍മുനയില്‍ നിര്‍ത്തി

Posted on: June 17, 2016 12:17 am | Last updated: June 17, 2016 at 8:56 am
സാജു പോള്‍
സാജു പോള്‍

കൊച്ചി: സ്വന്തം മാതാവ് പോലും സംശയത്തിന്റെ നിഴലില്‍ നില്‍ക്കേണ്ടിവന്ന ജിഷ വധക്കേസില്‍ യഥാര്‍ഥ പ്രതിയെ പോലീസ് പിടികൂടിയപ്പോള്‍ ആശ്വസിക്കുന്നത് ജിഷയുടെ കുടുംബാംഗങ്ങള്‍ മാത്രമല്ല, നാട്ടുകാരനായ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനും കുടുംബവും കൂടിയാണ്. ജിഷയുടെ അമ്മ നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലിലാകുകയും നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടി വരികയും ചെയ്ത മുന്‍ എം എല്‍ എ സാജുപോളും പ്രതി പിടിയിലാകുമ്പോള്‍ ആശ്വസിക്കുകയാണ്.
തന്നെ സന്ദര്‍ശിക്കാനെത്തിയ സി പി എം നേതാക്കളോട് ജിഷയുടെ മാതാവ് രാജേശ്വരി, സാജു പോളിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കേസില്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കിയത്. സാജു പോളാണ് എന്റെ മകളെ കൊന്നത് എന്ന് പറഞ്ഞ് അലറിക്കരഞ്ഞ രാജേശ്വരി സാജു പോളിനെതിരെ സി പി എം നേതാക്കള്‍ക്ക് മുന്നില്‍ പരാതിയും ആക്ഷേപങ്ങളും ഉന്നയിച്ചത് സാജു പോളിനെയും സി പി എമ്മിനെയും കടുത്ത പ്രതിരോധത്തിലാക്കി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു ആക്ഷേപം വന്നത് രാഷ്ട്രീയ എതിരാളികള്‍ മുതലെടുത്തു. തിരഞ്ഞെടുപ്പില്‍ സാജു പോളിന്റെ തോല്‍വിക്ക് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ജിഷയുടെ അമ്മ ഉയര്‍ത്തിയ ആക്ഷേപങ്ങളായിരുന്നു.
pp thankachanരാജേശ്വരി പി പി തങ്കച്ചന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നുവെന്നും ജിഷ തങ്കച്ചന്റെ മകളാണെന്നും ഇതുമായി ബന്ധപ്പെട്ട സ്വത്തവകാശ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ആരോപിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍ രംഗത്തുവന്നതും മാധ്യമങ്ങള്‍ ഇത് ആഘോഷിച്ചതും പലരുടെയും മനസ്സ് മുറിവേല്‍പ്പിച്ച സംഭവമായിരുന്നു. തങ്കച്ചന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ ആരോപണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടന്നു. തങ്കച്ചന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടില്ലെന്നും ആരോപണം തെറ്റാണെന്നും രാജേശ്വരി വ്യക്തമാക്കുകയും ജിഷയുടെ പിതാവ് പാപ്പു ജോമോനെതിരെ ഐ ജിക്ക് പരാതി നല്‍കുകയും ചെയ്തുവെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ പാപ്പു നിലപാട് മാറ്റിയത് ആരോപണത്തിന് കരുത്തുപകര്‍ന്നു. രാജേശ്വരി തങ്കച്ചന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നുവെന്നും ജോമോനെതിരെ പരാതി കൊടുപ്പിച്ചത് പ്രദേശത്തെ ചില കോണ്‍ഗ്രസ് നേതാക്കളാണെന്നും പാപ്പു ദൃശ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഇതോടെ ഈ വഴിക്കും പോലീസ് അന്വേഷണം നടന്നു. ജോമോനില്‍ നിന്നും തങ്കച്ചന്റെ മകനടക്കമുള്ളവരില്‍ നിന്നും ബന്ധപ്പെട്ട മറ്റുള്ളവരില്‍ നിന്നും പോലീസ് മൊഴിയെടുത്തു. ജിഷയുടെ പിതാവ് പാപ്പുവുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ക്ലിപ്പിംഗാണ് തെളിവായി ജോമോന്‍ നല്‍കിയത്. ഇതിന് പിന്നാലെ പാപ്പുവിനെ ജോമോന്‍ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി വാര്‍ത്തവന്നു. പാപ്പുവിനെ മറ്റുള്ളവര്‍ സ്വാധീനിക്കുന്നത് തടയാനാണ് ഇതെന്നായിരുന്നു ജോമോന്റെ വിശദീകരണം.
പോലീസിന്റെ മൊഴിയെടുക്കലില്‍ പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ പറഞ്ഞതാണ് ജിഷയുടെ അമ്മ രാജേശ്വരിയെ സംശയത്തിന്റെ നിഴലിലാക്കിയത്. ജിഷയുടെ ഘാതകനെ രാജേശ്വരിക്ക് അറിയാമെന്ന സംശയം പോലീസ് വൃത്തങ്ങള്‍ പ്രകടിപ്പിച്ചതാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ഇടയാക്കിയത്. രാജേശ്വരിയുടെയും ജിഷയുടെയും സഹോദരി ദീപയുടെയും സ്വഭാവ ശുദ്ധി വരെ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലാണ് ഇവര്‍ക്കെതിരെ കടുത്ത ആക്രമണങ്ങളുണ്ടായത്. ജിഷയുടെ സഹോദരി ദീപയുടെ കാമുകനാണ് കൊലയാളിയെന്ന ആരോപണവും ദീപക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നുമുള്ള ആരോപണവും ഒരു ഘട്ടത്തില്‍ ഉയര്‍ന്നു. തനിക്ക് ഹിന്ദി അറിയില്ലെന്നും ഹിന്ദിക്കാരനായ സുഹൃത്തില്ലെന്നും ദീപ വിശദീകരിച്ചുവെങ്കിലും ദീപക്ക് ഹിന്ദി അറിയാമെന്നും ഹിന്ദിക്കാരുമായി സംസാരിച്ചിരുന്നുവെന്നും ഇവര്‍ ജോലിക്കു നിന്ന സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞതോടെ സംശയം ബലപ്പെട്ടു. ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നു വരെ ചില ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദീപയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് വ്യക്തിപരമായ ആവശ്യത്തിന് പോലീസ് വാഹനത്തില്‍ കൊണ്ടു പോയതാണ് ഇവരെ കസ്റ്റഡിയിലെടുത്തുവെന്ന വാര്‍ത്തക്ക് കാരണമായത്. തുടര്‍ന്ന് മാധ്യമങ്ങള്‍ക്കെതിരെ ദീപ പരസ്യമായി പൊട്ടിത്തെറിച്ചതും വാര്‍ത്തയായി.എന്നാല്‍ അന്വേഷണത്തിന്റെ ദിശ തിരിച്ചുവിടുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്ത ഇത്തരം ആരോപണങ്ങള്‍ക്കെല്ലാം അന്ത്യം കുറിച്ചുകൊണ്ടാണ് പോലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതിയെ വെളിച്ചത്തു കൊണ്ടുവന്നത്.