തിരഞ്ഞെടുപ്പ് പരാജയം; കെ പി സി സി മാര്‍ഗരേഖ തയ്യാറാക്കി

Posted on: June 14, 2016 10:44 am | Last updated: June 14, 2016 at 10:44 am

തിരുവനന്തപുരം:നിയമസഭാതിരഞ്ഞെടുപ്പിലെ പരാജയം അന്വേഷിക്കാന്‍ കെ പി സി സി മാര്‍ഗരേഖ തയ്യാറാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ കെ പി സി സി നിര്‍വാഹക സമിതി നിയോഗിച്ച നാല് മേഖലാസമിതി അംഗങ്ങളുടെ പ്രഥമയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട 19 കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരടക്കം മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുടെയും പ്രകടനം പരിശോധിക്കും. ജംബോ കമ്മിറ്റികളുടേയും പാര്‍ട്ടി പോഷക സംഘടനകളുടേയും പ്രവര്‍ത്തനവും സമിതി പരിശോധനാ വിധേയമാക്കും.

നിഷ്പക്ഷവും നീതിയുക്തവുമായി അന്വേഷണം പൂര്‍ത്തിയാക്കി ജൂലൈ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേഖലാ സമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി യോഗത്തിന് ശേഷം കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു.
പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പോരായ്മകള്‍ വന്നിട്ടുണ്ടോയെന്ന് സമിതികള്‍ പരിശോധിക്കും. കാലതാമസം കൂടാതെ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമിതി കണ്‍വീനര്‍മാര്‍ ജില്ലകളിലെ ഡി സി സി അധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തി സ്ഥലവും തിയതിയും സമയവും നിശ്ചയിച്ചതിന് ശേഷമായിരിക്കും സിറ്റിംഗ്. മേഖലാ സമിതിയുടെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറും. പരാജയം പഠിക്കാന്‍ മുമ്പ് നിശ്ചയിച്ച കമ്മീഷനുകളുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് നിലനില്‍ക്കുന്ന ആക്ഷേപം കണക്കിലെടുത്ത് ഈ മേഖലാ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സുധീരന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാതികള്‍ പരിശോധിക്കുന്നതിനായി കണ്‍വീനര്‍ ഉള്‍പ്പടെ മൂന്ന് അംഗങ്ങളുള്ള നാല് മേഖലാസമിതികളെയാണ് കെ പി സി സി എക്‌സിക്യൂട്ടീവ് നിയമിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കെ പി സി സി ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം കണ്‍വീനറായും അഡ്വ. ബാബു പ്രസാദ്, ജെയ്‌സണ്‍ ജോസഫ് അംഗങ്ങളുമായ സമിതിയാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഭാരതീപുരം ശശി കണ്‍വീനറും എന്‍ വേണുഗോപാല്‍,അഡ്വ.ബിന്ദുകൃഷ്ണ എന്നിവര്‍ അംഗങ്ങളും. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ അഡ്വ. സജീവ് ജോസഫ് കണ്‍വീനറും പ്രൊഫ. ജി ബാലചന്ദ്രന്‍, അബ്ദുല്‍ മുത്തലിബ് അംഗങ്ങളുമാണ്. വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വി എ നാരായണന്‍ കണ്‍വീനറും അഡ്വ. കെ പി അനില്‍ കുമാര്‍, വി വി പ്രകാശ് എന്നിവര്‍ സമിതിയിലെ അംഗങ്ങളുമാണ്.