Connect with us

Qatar

മൂന്ന് വര്‍ഷത്തിനിടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ വളര്‍ച്ച

Published

|

Last Updated

ദോഹ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും കസ്റ്റമര്‍ സര്‍വീസും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വ്യവസായ സ്ഥാപനങ്ങളിലെ ഇന്റര്‍നെറ്റ്‌വത്കരണം 2015 അവസാനം വരെ 70 ശതമാനമാണെന്നും ഗതാഗത, വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട “ഖത്വര്‍സ് ഐ സി ടി ലാന്‍ഡ്‌സ്‌കേപ് 2016: ബിസിനസ്സ്” റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യവസായ സ്ഥാപനങ്ങളിലെ കംപ്യൂട്ടര്‍വത്കരണം 76 ശതമാനമാണ്. വെബ് സാന്നിധ്യം 2010ല്‍ 20 ശതമാനമായിരുന്നത് 2015ല്‍ 39 ശതമാനമായി. എന്നാല്‍ 2012ല്‍ മുതല്‍ വലിയ മാറ്റമില്ലാതെയാണ് വളര്‍ച്ച. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ഇ ബേങ്കിംഗ്, സോഷ്യല്‍ മീഡിയ, ഇ ഗവണ്‍മെന്റ് സേവനങ്ങള്‍ തുടങ്ങിയവ വര്‍ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും മറ്റ് സേവനങ്ങളും 2012ല്‍ 27 ശതമാനമായിരുന്നത് 2015ല്‍ 42 ശതമാനമായി ഉയര്‍ന്നു. ഓണ്‍ലൈന്‍ കസ്റ്റമര്‍ സര്‍വീസ് 15 ശതമാനമായിരുന്നത് 36 ശതമാനമായി ഈ കാലയളവില്‍ വര്‍ധിച്ചു.
44439 വ്യവസായ സ്ഥാപനങ്ങളില്‍ (ചില സര്‍ക്കാര്‍ ഏജന്‍സികള്‍ കൂടാതെ) 12 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ട്. പകുതി ബിസിനസ് സ്ഥാപനങ്ങളിലെയും ഇന്റര്‍നെറ്റ് വേഗതയും വിശ്വാസ്യതയും തൃപ്തികരമാണ്. ഐ ടി ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയില്‍ 31 ശതമാനവും തൃപ്തരാണ്. ആഗ്രഹിച്ച ടെലികോം സേവനങ്ങളുടെ ലഭ്യതയില്‍ 33ഉം ഇന്റര്‍നെറ്റ് സേവനങ്ങളുടെ ചെലവില്‍ 38ഉം ശതമാനം പേര്‍ തൃപ്തരാണ്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യകളുടെ അടിസ്ഥാന സൗകര്യ വികസനത്തിലും ഐ സി ടി ശേഷിയുടെ വ്യാപ്തിയും ഭാവിയില്‍ പുരോഗമനം ഉണ്ടാകണമെന്ന് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നുണ്ട്. സാങ്കേതികവിദ്യകളുടെ വ്യാപനം കാരണം നേട്ടമുണ്ടായതായി 83 ശതമാനം വ്യവസായ സ്ഥാപനങ്ങളും വിശ്വസിക്കുന്നു. പുതിയ ഉപഭോക്താക്കളെ ലഭിക്കുകയും അതുവഴി വിപണി വിശാലമാകുകയും ചെയ്തതായി ഇവരില്‍ പകുതി സ്ഥാപനങ്ങളും സമ്മതിക്കുന്നു. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ വര്‍ധിച്ചതായി 37 ശതമാനം പേര്‍ പ്രതികരിച്ചു. പെട്ടെന്നുള്ള ലഭ്യത കൂടിയതായി 30ഉം ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെട്ടതായി 23ഉം ശതമാനം പേര്‍ പ്രതികരിച്ചു. ആശയവിനിമയ സാങ്കേതിവിദ്യ ഉത്പന്നങ്ങളും സേവനങ്ങളും രാജ്യത്ത് നിലവില്‍ ഇറക്കുമതി കേന്ദ്രീകൃതമാണ്. ചില്ലറ വില്‍പ്പനക്കാരിലൂടെയും സേവനദാതാക്കളിലൂടെയുമാണ് ഇവ ലഭ്യമാകുന്നത്. സര്‍ക്കാറിന്റെ ഐ സി ടിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ മുഖേന ഈ മേഖലയിലെ സംരംഭങ്ങള്‍ക്ക് വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. 2012- 2014 കാലയളവില്‍ 83 ശതമാനം സ്ഥാപനങ്ങളും ഒരിക്കലെങ്കിലും സര്‍ക്കാര്‍ പ്രൊജക്ടുകള്‍ ചെയ്തിട്ടുണ്ട്. 1093 വ്യവസായ സ്ഥാപനങ്ങള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.