ഖത്വറില്‍ താമസ ചെലവ് കുറഞ്ഞുതന്നെ

Posted on: June 13, 2016 6:42 pm | Last updated: June 13, 2016 at 6:42 pm

ദോഹ: ഖത്വറില്‍ തുടര്‍ച്ചയായ രണ്ടാം മാസവും താമസ ചെലവ് കുറഞ്ഞു. ഹൗസിംഗ്, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവയുടെ ചെലവ് ഏപ്രിലിലെതിന് സമാനമായിരുന്നു കഴിഞ്ഞ മാസവുമെന്ന് ഡെവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് (എം ഡി പി എസ്) മന്ത്രാലയം പുറത്തിറക്കിയ ഉപഭോക്തൃ വില സൂചിക (സി പി ഐ) വ്യക്തമാക്കുന്നു.

അതേസമയം വസ്ത്രം, ചെരുപ്പ്, മറ്റ് സാധനങ്ങള്‍, ഗതാഗതം എന്നിവയുടെ ചെലവില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. അലങ്കാരം, സംസ്‌കാരം, ഭക്ഷണ പാനീയങ്ങള്‍, റസ്റ്റോറന്റ്- ഹോട്ടല്‍ എന്നിവയുടെ ചെലവും കുറഞ്ഞിട്ടുണ്ട്. പുകയില ഉത്പന്നങ്ങള്‍, ഹൗസിംഗ്, വെള്ളം, ഇലക്ട്രിസിറ്റി, ഗ്യാസ്, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍, ആരോഗ്യം, ആശയവിനിമയം, വിദ്യാഭ്യാസം എന്നിവയുടെ ചെലവില്‍ മാറ്റമില്ല.
മെയ് മാസത്തെ ഉപഭോക്തൃ വില സൂചിക 107.6 ശതമാനമാണ്. മാസാടിസ്ഥാനത്തില്‍ 0.1 ശതമാനത്തിന്റെ കുറവാണ് വന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 2.6 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നു. വസ്ത്രം- ചെരുപ്പ് 0.8ഉം പലവക സാധനങ്ങളും സേവനങ്ങളും 0.6ഉം ഗതാഗതം 0.1ഉം ശതമാനം ചെലവ് വര്‍ധിച്ചു.
അലങ്കാരം- സംസ്‌കാരം 0.7ഉം ഭക്ഷണ പാനീയങ്ങള്‍ 1.6ഉം റസ്റ്റോറന്റ്- ഹോട്ടല്‍ 0.2ഉം ശതമാനം ചെലവ് കുറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് വിദ്യാഭ്യാസം 7.1ഉം ഹൗസിംഗ്, വെള്ളം, വൈദ്യുതി, ഗ്യാസ്, അലങ്കാരം- സംസ്‌കാരം എന്നിവക്ക് ഓരോന്നിനും 5.2ഉം പലവക ഉത്പന്നങ്ങള്‍- സേവനങ്ങള്‍ 2.4ഉം ഗതാഗതം 1.8ഉം ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍ 1.1ഉം വസ്ത്രം- ചെരുപ്പ് 0.9ഉം ആശയവിനിമയം 0.1ഉം ശതമാനം ചെലവ് കൂടി. അതേസമയം ഭക്ഷണ പാനീയങ്ങള്‍ 1.2ഉം ആരോഗ്യം 1.0ഉം റസ്റ്റോറന്റ്- ഹോട്ടലുകള്‍ 0.1ഉം ശതമാനം ചെലവ് കുറഞ്ഞു. പുകയില ഉത്പന്നങ്ങളുടെ ചെലവില്‍ മാറ്റമില്ല.