നികുതി ചോര്‍ച്ച തടയാന്‍ കടുത്ത നടപടി: തോമസ് ഐസക്ക്

Posted on: June 12, 2016 12:02 am | Last updated: June 12, 2016 at 12:02 am
SHARE

thomas issacതിരുവനന്തപുരം: നികുതി ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ‘എല്ലാം ശരിയാക്കാന്‍’ നികുതി വകുപ്പില്‍ അശ്രദ്ധയും അഴിമതിയും ഒരു തലത്തിലും വെച്ചുപൊറുപ്പിക്കില്ല. വാണിജ്യ നികുതി വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
നികുതി പിരിവില്‍ ഈ സാമ്പത്തിക വര്‍ഷം 20 ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നികുതി പിരിവില്‍ കുറവുവരുന്ന പ്രവണതയാണ് ഉണ്ടായിരുന്നത്. 2011-12, 2012-13 വര്‍ഷങ്ങളില്‍ വളര്‍ച്ച യഥാക്രമം 20 ശതമാനവും 19 ശതമാനവും ആയിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷമായപ്പോഴേക്കും ഇത് 12 ശതമാനമായി കുറഞ്ഞു.
നികുതി ചോര്‍ച്ചയും മന്ദഗതിയിലുള്ള പരിശോധനയും വിലയിരുത്തലുമായപ്പോള്‍ നികുതി പിരിവില്‍ വീഴ്ച വന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ചെക്ക്‌പോസ്റ്റുകളിലെ അഴിമതി പ്രശ്‌നം വീണ്ടും ഉയര്‍ന്നുവന്നു. നികുതി വരുമാന ചോര്‍ച്ച തടയുന്നതിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ”അഴിമതി രഹിത ചെക്ക്‌പോസ്റ്റ് ദൗത്യം” സംസ്ഥാന സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കും. കാര്യക്ഷമത വര്‍ധിപ്പിക്കാനായി എല്ലാ ചെക്ക്‌പോസ്റ്റുകളും ആധുനീകരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക സ്ഥിതി ഒരു തടസമാകില്ല. ആധുനീകരണത്തിനും വിവരശേഖരണത്തിനുള്ള സ്വയംനിയന്ത്രിത സംവിധാനത്തിനും നിര്‍വഹണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുമുളള വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വാണിജ്യനികുതി കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പിലെ ഇഗവേണന്‍സ് പദ്ധതി നവീകരിക്കേണ്ടതിന്റെയും ‘സിസ്റ്റം സെക്യൂരിറ്റി’ പോലുള്ള ആധുനിക ഉപകരണങ്ങള്‍ കൊണ്ടുവരേണ്ടതിന്റെയും പഴകിയ ഹാര്‍ഡ്‌െവയര്‍ ആറ്മാസത്തിനുള്ളില്‍ സമയബന്ധിതമായി പുതുക്കും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആയിരക്കണക്കിന് കേസുകള്‍ പരിശോധനക്കും വിലയിരുത്തലിനുമായി കെട്ടിക്കിടക്കുകയാണ്. ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും വിലയിരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കുമായി ഒരു കൂട്ടം കേസുകള്‍ വകുപ്പ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കേണ്ടതുണ്ട്.
വ്യാപാരികള്‍ക്ക് യാതൊരുവിധ പീഡനവും ഉണ്ടാകില്ല. വ്യാപാരികള്‍ക്ക് പരാതി ഉള്ളപക്ഷം അവ സര്‍ക്കാരില്‍ സമര്‍പ്പിക്കാന്‍ പ്രോത്സാഹിപ്പിക്കും. പീഡന പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കും. അതേ സമയം നിയമാനുസരണം സമയോചിത നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ബാധ്യസ്ഥരുമാണ്. നികുതി പിരിവ് ഊര്‍ജിതമാക്കാനും ഈ സാമ്പത്തിക വര്‍ഷം നിശ്ചയിച്ചിട്ടുള്ള 20 ശതമാനം വളര്‍ച്ച കൈവരിക്കുവാനും ഒരു സമഗ്ര സമീപനത്തിന് ധനമന്ത്രി ആഹ്വാനം നല്‍കി.
നികുതി വകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനായി എല്ലാ ഉദ്യോഗസ്ഥരുടെയും പ്രകടനം തുടര്‍ച്ചയായി വിലയിരുത്താനും ഉചിതമായ നടപടികള്‍ കൈക്കൊള്ളുവാനും വാണിജ്യനികുതി കമ്മിഷണറോട് യോഗത്തില്‍ സന്നിഹിതനായിരുന്ന നികുതിവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മാരാപാണ്ഡ്യന്‍ ആവശ്യപ്പെട്ടു. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷമുള്ള ആദ്യത്തെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കമ്മീഷണര്‍ രാജന്‍ ഖോബ്രഗഡെ, ജോയിന്റ് കമ്മീഷണര്‍മാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here