അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ്, വിജയ്മല്യ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

Posted on: June 9, 2016 4:55 pm | Last updated: June 9, 2016 at 4:55 pm

CBIന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കോപ്റ്റര്‍ ഇടപാട്, വിജയ്മല്യ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ പ്രത്യേക സംഘം രൂപവത്കരിച്ചു. കേസുകളില്‍ വിശദമായ അന്വേഷണത്തിനായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസില്‍ ഇറ്റാലിയന്‍ സംഘത്തില്‍ നിന്ന് ലഭിച്ച ചില സുപ്രധാന രേഖകളുടെ അടിസ്ഥാനത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതോടെ വിശദമായ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കാനാണ് സിബിഐ ലക്ഷ്യമിടുന്നത്.

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ മദ്യരാജാവ് വിജയ് മല്യക്കെതിരെ ഒന്നിലധികം കുറ്റപത്രങ്ങള്‍ തയ്യാറാക്കി കേസന്വേഷണം നടത്താനാണ് സിബിഐ പദ്ധതിയിടുന്നത്. ഐഡിബിഐ ബാങ്കുമായി ബന്ധപ്പെട്ട 900 കോടി രൂപയുടെ തട്ടിപ്പില്‍ മല്യക്കെതിരെ സിബിഐ നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.