വാഹന കുടിശ്ശിക ഒന്നര കോടി രൂപ; ഗോത്രസാരഥി പദ്ധതി അനിശ്ചിതത്വത്തില്‍

Posted on: June 9, 2016 3:19 pm | Last updated: June 9, 2016 at 3:19 pm

മാനന്തവാടി: പൊതുവായി വാഹന സൗകര്യം കുറവുള്ളതും വനപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നതുമായ സ്ഥലങ്ങളിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ പട്ടിക വര്‍ഗ വകുപ്പ് നടപ്പിലാക്കിയ ഗോത്ര സാരഥി പദ്ധതിയില്‍ കഴിഞ്ഞ അധ്യായന വര്‍ഷം വാഹന വാടക ഇനത്തില്‍ ജില്ലയില്‍ നല്‍കാനുള്ളത് 1.59 കോടി രൂപ.
വാടക നല്‍കാന്‍ നടപടികളില്ലാത്തതിനാല്‍ തന്നെ പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2013-14 വര്‍ഷത്തിലാണ് പദ്ധതി ആരംഭിച്ചത്. വാഹന സൗകര്യം ഇല്ലാത്തതിനാല്‍ സ്‌കൂളിലെത്താതെ പോകുന്ന ആദിവാസി വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കുക എന്നതായിരുന്നു പദ്ധതി കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചിരുന്നത്. സ്‌കൂളിലെ പി ടി എ, അധ്യാപകര്‍ എന്നിവരടങ്ങിയ കമ്മിറ്റി സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം വാടക കണക്കാക്കി ക്വട്ടേഷന്‍ ക്ഷണിച്ചാണ് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയത്. മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ തുക കുടിശ്ശികയായിരിക്കുന്നത്. 48 സ്‌കൂളിലായി മാനന്തവാടി താലൂക്കില്‍ 70 ലക്ഷത്തോളം രൂപയാണ് വാടക ഇനത്തില്‍ നല്‍കാനുള്ളത്. ബത്തേരി താലൂക്കില്‍ 50 സ്‌കൂളുകള്‍ക്കായി 40 ലക്ഷവും, വൈത്തിരി താലൂക്കില്‍ 42 സ്‌കൂളുകള്‍ക്കായി 49 ലക്ഷം രൂപയുമാണ് വാഹന വാടക കുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ളത്. വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കൂടി പദ്ധതി നടപ്പിലാക്കിയതോടെ വാടക ഇനത്തില്‍ വന്‍തുക വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നും പറയപ്പെടുന്നു. വിദ്യാര്‍ഥികളുടെ പഠനം നഷ്ടമാകാതിരിക്കാന്‍ അധ്യാപകരും പി ടി എയും സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയാണ് വാഹന വാടക നല്‍കുന്നത്. വ്യക്തമായ മാനദണ്ഡമില്ലാതെ സ്‌കൂളുകള്‍ വര്‍ധിക്കാനിടയായ സാഹചര്യത്തില്‍ പട്ടിക വര്‍ഗ വകുപ്പ് ഡയരക്ടറേറ്റിന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഈ അധ്യായന വര്‍ഷത്തേക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കാട്ടുനായ്ക്ക വിഭാഗങ്ങള്‍ പഠിക്കുന്ന സ്‌കൂളുകള്‍, വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കോളനികളിലെ വിദ്യാര്‍ഥികള്‍, പൊതുവായി വാഹന സൗകര്യം ഇല്ലാത്ത സ്ഥലങ്ങള്‍, ട്രൈബല്‍ സ്‌കൂളുകള്‍, ഗവ. സക്ൂള്‍ എന്നിവക്ക് മാത്രമായി പദ്ധതി നിജപ്പൈടുത്തണമെന്നാണ് പുതിയ നിര്‍ദേശം. കഴിഞ്ഞ അധ്യായന വര്‍ഷത്തെ കുടിശ്ശികയായ തുക അടിയന്തിരമായി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. പട്ടിക വകുപ്പ് മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംഭവം ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.