കായികമന്ത്രിക്കെതിരെ അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Posted on: June 9, 2016 9:59 am | Last updated: June 9, 2016 at 9:36 pm

anju bobby georgeതിരുവനന്തപുരം: കായികമന്ത്രി ഇപി ജയരാജനെതിരെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അഞ്ജു അടക്കം സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ എല്ലാവരും അഴിമതിക്കാരാണെന്നും പാര്‍ട്ടി വിരുദ്ധരാണെന്നും ആക്ഷേപിച്ചെന്നാണ് പരാതി. സ്‌പോര്‍ട് കൗണ്‍സിലുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ സംസാരിക്കുന്നതിനായി മന്ത്രിയെ കണ്ടപ്പോഴാണ് മന്ത്രി ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചതെന്ന് അഞ്ജു പറഞ്ഞു.

സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകരുടെ സ്ഥലംമാറ്റ കാര്യം സംസാരിക്കാനായിരുന്നു അഞ്ജു മന്ത്രിയെ കണ്ടത്. കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടികെ ഇബ്രാഹീം കുട്ടിയും അഞ്ജുവിന്റെ കൂടെയുണ്ടായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഴുവന്‍ അഴിമതിക്കാരും മുന്‍ സര്‍ക്കാറിന്റെ സ്വന്തക്കാരുമാണെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപമെന്ന് അഞ്ജു പറഞ്ഞു.

കൗണ്‍സില്‍ സ്ഥലംമാറ്റം മുഴുവന്‍ റദ്ദാക്കാന്‍ മന്ത്രി ഫയലില്‍ എഴുതിയിരുന്നു. ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രി തന്നോട് തട്ടിക്കയറി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബെംഗളൂരുവില്‍ നിന്ന് വരാന്‍ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നതിനേയും മന്ത്രി വിമര്‍ശിച്ചു.

കായികമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ അഞ്ജു മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. പ്രസിഡന്റിന് വിമാനയാത്ര അനുവദിച്ചത് കഴിഞ്ഞ ഇടത് സര്‍ക്കാരാണെന്നും അഞ്ജു ചൂണ്ടിക്കാട്ടി. സ്‌പോര്‍ട്‌സുകാര്‍ക്ക് രാഷ്ട്രീയമില്ലെന്നും പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും അഞ്ജു പറഞ്ഞു.

അതേസമയം അഞ്ജുവിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. തന്റെ ഓഫീസില്‍ വന്ന അഞ്ജു ചിരിച്ചാണ് പിരഞ്ഞുപോയതെന്നും മന്ത്രി പറഞ്ഞു.