Connect with us

Articles

സത്യത്തിന് വേണ്ടി നിവര്‍ന്ന് നിന്ന മനുഷ്യന്‍

Published

|

Last Updated

മുഹമ്മദലി വിടപറഞ്ഞു. 74ാം വയസ്സില്‍. മൂന്ന് തവണ ബോക്‌സിംഗില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ മുഹമ്മദലി കരുത്തിന്റെ പ്രതിരൂപമായിരുന്നു. കായിക രംഗത്ത് ഇതിഹാസം സൃഷ്ടിച്ച് അനേകം പ്രതിഭകള്‍ ഉണ്ടായിട്ടുണ്ട്. മുഹമ്മദലിയുടെ ഇടം അവരിലൊരു പ്രതിഭ എന്നനിലയില്‍ മാത്രമായിരുന്നില്ല. ജീവിതത്തെ മുഴുവന്‍ വിപ്ലവകരമാക്കി, ലോകത്തിന്റെ നന്മയുടെയും നീതിയുടെയും പുലര്‍ച്ചക്ക് വേണ്ടി നിവര്‍ന്ന് നിന്ന് പൊരുതിയ മഹാനായ മനുഷ്യാവകാശ പോരാളികൂടിയായിരുന്നു മുഹമ്മദലി.

വംശീയതയുടെ ഇര
ജീവിതത്തിന്റെ എല്ലാ കാലത്തും വംശീയമായ അധിക്ഷേപങ്ങള്‍ക്ക് മുഹമ്മദലി ഇരയാക്കപ്പെട്ടിട്ടുണ്ട്. ബോക്‌സിംഗ് കളത്തിലെത്തുന്ന വെളുത്ത വര്‍ഗക്കാരായ താരങ്ങളില്‍ ചിലരൊക്കെ ആദ്യകാലത്ത് അലിയുടെ തൊലി നിറം പറഞ്ഞ് അധിക്ഷേപിച്ചിരുന്നു. 1967ല്‍ ഫെബ്രുവരി 7ന് നടന്ന ഒരു ബോക്‌സിംഗ് മത്സരം. അക്കാലത്തെ പ്രശസ്ത ബോക്‌സറായിരുന്ന ടെറലാണ് അലിയുടെ എതിരാളി. തന്റെ വംശീയതയെയും അടിമത്വ പാരമ്പര്യത്തെയും നിഷേധാത്മകമായി സൂചിപ്പിക്കുന്ന ക്ലേ എന്ന പേരില്‍ നിരന്തരം വിളിച്ച് ടെറല്‍ മത്സരത്തിനിടയില്‍ അലിയെ അപമാനിച്ചു. വംശീയമായ മുറിവേറ്റപ്പോള്‍ ഉണ്ടായ രോഷത്തോടെ മത്സരത്തില്‍ ഊക്കന്‍ ഇടികളോടെയാണ് അലി ടെറലിനെ നേരിട്ടത്. എഴാം റൗണ്ട് ചോരയൊലിപ്പിച്ച് കൊണ്ടാണ് ടെറല്‍ കളം വിട്ടത്. പക്ഷേ അലിയെ ആ മത്സരത്തിന്റെ പേരില്‍ ബോക്‌സിംഗ് രംഗത്ത് നിന്ന് തന്നെ പുറം തള്ളാനായിരുന്നു ടെറലിന്റെയും വംശീയത രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന അമേരിക്കന്‍ നിയമ സംവിധാനത്തിന്റെയും തീരുമാനം. കളിക്ക് ഇടയില്‍ നിയമവിരുദ്ധമായി മുഹമ്മദലി തന്റെ കണ്ണുകളില്‍ ഇടിച്ചെന്നും അതുകൊണ്ട് അദ്ദേഹത്തെ ബോക്‌സിംഗില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നുമുള്ള ടെറലിന്റെ വാദം യു എസ് കോടതി അംഗീകരിച്ചു. പക്ഷേ, മുഹമ്മദലിയെ വംശീയമായി അധിക്ഷേപിച്ച് പ്രകോപിപ്പിച്ച ടെറലിന്റെ ചെയ്തികളെ അവര്‍ കണ്ടതേയില്ല. പക്ഷേ, സ്‌പോര്‍ട്‌സിന്റെ സ്പിരിറ്റിനെ അതിനകത്തെ മനുഷ്യാവകാശത്തെ ഉദാരപൂര്‍വം നോക്കി കണ്ടിരുന്ന കായിക നിരൂപകരൊക്കെ അലിയുടെ പക്ഷത്തായിരുന്നു ആ സംഭവത്തില്‍. അഞ്ച് വര്‍ഷത്തേക്ക് അലിയെ ജയിലില്‍ അടക്കാനായിരുന്നു തീരുമാനം. തുടര്‍ന്ന് അമേരിക്കയുടെ എല്ലാ സ്റ്റേറ്റുകളിലും അലിക്ക് ബോക്‌സിംഗ് ലൈസന്‍സ് നിഷേധിച്ചു. 25 വയസ്സ് മുതല്‍ 29 വരെയുള്ള ഏതൊരു കായിക താരത്തിന്റെയും നിര്‍ണായകമായ ജീവിത ഘട്ടത്തില്‍ ബോക്‌സിംഗ് രംഗത്തേക്ക് വരാന്‍ നിര്‍വാഹമില്ലാത്ത വിധത്തിലായിരുന്നു അലി. 1971ലാണ് പിന്നീട് അമേരിക്കന്‍ സുപ്രീം കോടതി അലിയെ കുറ്റവിമുക്തനാക്കിയത്. തുടര്‍ന്ന് 1974ലും 78 ലും അലി ലോക ബോക്‌സിംഗില്‍ ഒന്നാമെതെത്തി. ദ ഗ്രേറ്റെസ്റ്റ് എന്നായിരുന്നു അലിയുടെ അക്കാലത്തെ വിളിപ്പേര്. അലി നിറഞ്ഞാടിയ കാലം ബോക്‌സിംഗിലെ സുവര്‍ണ യുഗം എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്.

കറുപ്പില്‍ അഭിമാനം
മാല്‍കം എക്‌സിനെയും മാര്‍ട്ടിന്‍ ലൂതര്‍ കിംഗിനെയും പോലെ അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി സുധീരം നിലപാടെടുത്ത വ്യക്തിയായിരുന്നു അലി. അമേരിക്കയിലെ ചിന്തിക്കുന്ന ജനതയെ അലിയുടെ ജീവിതവും നിലപാടുകളും വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. നിയോര്‍ക്ക് ടൈംസ് കോളമിസ്റ്റായ വില്യം റോഡണ്‍ ഒരിക്കല്‍ എഴുതി. ഒരു കായിക താരം എന്ന നിലയില്‍ അലിയുണ്ടാക്കിയെടുത്ത മഹത്വം എന്നെ അതിശയിപ്പിക്കുന്നു. സ്വന്തം ജനതയുടെ സ്വാതന്ത്രത്തിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ഒരോ പോരാട്ടങ്ങളും. പക്ഷേ, അലി അമേരിക്കന്‍ പാഠപുസ്തങ്ങളില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു പലപ്പോഴും. വര്‍ണവെറിയുടെ ചിന്താഗതികള്‍ ഹൃദയത്തിലുള്ള അക്കാദമിസ്റ്റുകള്‍ക്ക് അലി ചതുര്‍ഥിയായിരുന്നല്ലോ. കരീം അബ്ദുല്‍ ജബ്ബാറിന്റെ ഒരു ലേഖനത്തില്‍ പറയുന്നുണ്ട് “സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ അധ്യാപകര്‍ക്കാര്‍ക്കും അലിയെ ഇഷ്ടമായിരുന്നില്ല. കാരണം എല്ലായ്‌പ്പോഴും അധികാരത്തിന്റെ ഹിംസകള്‍ക്കെതിരായിരുന്നു അലി. ഒരു കറുത്ത മനുഷ്യന്‍ എന്ന നിലയില്‍ അദ്ദേഹം അഭിമാനിച്ചു. അതേ സമയം അദ്ദേഹത്തിന്റെ കറുപ്പ് പലര്‍ക്കും അരോചകമായി”.

മുഹമ്മദലിയാകുന്നു
1964 ലാണ് മുഹമ്മദലി ഇസ്‌ലാം സ്വീകരിക്കുന്നത്. അമേരിക്കന്‍ മുസ്‌ലിംകളുടെ ഇതിഹാസ നേതാവായ മാല്‍ക്കം എക്‌സിന്റെ സ്വാധീനം ആ ഇസ്‌ലാം ആശ്ലേഷത്തില്‍ ഉണ്ടായിരുന്നു. പക്ഷേ, എത്തിപ്പെട്ടത് ഇസ്‌ലാമിന്റെ തനത് രൂപത്തിലായിരുന്നില്ല. വികൃതമായ വിശ്വാസവുമായി അമേരിക്കന്‍ മുസ്‌ലിംകള്‍ക്കിടയില്‍ രംഗത്ത് വന്ന എലീജ മുഹമ്മദിന്റെ നാഷന്‍ ഓഫ് ഇസ്‌ലാമിലായിരുന്നു. 1975 ഓടെ മുഹമ്മദലി നാഷന്‍ ഓഫ് ഇസ്‌ലാം ഉപേക്ഷിച്ചു. സുന്നി വിശ്വാസിയായി മാറി. സൂഫി ഇസ്‌ലാമിനെ അദ്ദേഹം ജീവിതത്തിലേക്ക് സ്വീകരിച്ചു.
അമേരിക്കയില്‍ മുസ്‌ലിംവിരുദ്ധ നിലപാടുകള്‍ ഭരണകൂടം സ്വീകരിച്ചപ്പോഴെല്ലാം മുഹമ്മദലി ശക്തമായ പ്രതികരണങ്ങളുമായി രംഗത്ത് വന്നു. ഏറ്റവും ഒടുവില്‍ അമേരിക്കയില്‍ നിന്ന് മുസ്‌ലിംകളെ തുടച്ച് മാറ്റണം എന്ന റൊണാള്‍ഡ് ട്രംപിന്റെ പരസ്യ പ്രസ്താവന വന്നപ്പോള്‍ മുഹമ്മദലി ശക്തമായി പ്രതികരിച്ചു. ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും ട്രംപ് പോലുള്ളവര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇസ്‌ലാമിനെ ദുരുപയോഗപ്പെടുത്തുമ്പോള്‍ നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ ബഹുസ്വരതയാണെന്നും അദ്ദേഹം പ്രതികരിച്ചു. പാരീസില്‍ ഭീകരാക്രമണം നടന്നപ്പോള്‍ മുഹമ്മദലി പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. “ഞാന്‍ ഒരു മുസ്‌ലിമാണ്. നിരപരാധികളെ കൊല്ലാന്‍ പഠിപ്പിക്കുന്ന മതമല്ല ഇസ്‌ലാം. യഥാര്‍ഥ ഇസ്‌ലാമിന്റെ പേരില്‍ അക്രമം കാണിക്കുന്നവര്‍ മതത്തിന്റെ സത്ത മനസ്സിലാക്കിയവരല്ല എന്ന് യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് അറിയാം” മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫണ്ടമെന്റലിസ്റ്റ് തീവ്രവാദികള്‍ക്കെതിരെയും മുഹമ്മദലി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ഒരഭിമുഖത്തില്‍, മുസ്‌ലിംകളെല്ലേ ഭീകരാക്രമണത്തിന് ഉത്തരവാദികള്‍ എന്ന ചോദ്യത്തോട് മുഹമ്മദലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഏതെങ്കിലും വിധത്തിലുള്ള നശീകരണത്തിന് ഈ ഒരു ചെറിയ വിഭാഗം മുസ്‌ലിം നാമധാരികള്‍ നേതൃത്വം നല്‍കുന്നു എന്നതിന് അര്‍ഥം മുസ്‌ലിംകളല്ലാം അങ്ങനെയാണ് എന്നതല്ലല്ലോ. അക്രമികള്‍ യഥാര്‍ഥ വിശ്വാസികളല്ല, മതഭീകരരാണ്. യഥാര്‍ഥ വിശ്വാസിക്ക് ഭീകരനാകാന്‍ ആകില്ല.
30 വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പിടിയിലായിരുന്നു അലി. എന്നാലും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും എഴുത്തുകളിലൂടെയും അലി ജന മനസ്സുകളില്‍ നിറഞ്ഞു നിന്നു. അലിയുടെ ജീവിത കഥകളിലൂടെ സഞ്ചരിക്കുന്ന ദ ഗ്രേറ്റസ്റ്റ്; മൈ ഓണ്‍ സ്‌റ്റോറി, ദ സോള്‍ ഓഫ് എ ബട്ടര്‍ഫ്‌ളൈ എന്നീ പുസ്തകങ്ങള്‍ ലോകത്തിന്നും പ്രയ ഭേദമന്യേ ആളുകള്‍ വായിക്കുന്നു. അലി വിട പറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗം കൂടിയാണ്. നീതിക്കും സത്യത്തിനും വേണ്ടി നിവര്‍ന്ന് നിന്ന ഒരു പോരാളിയുടെ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.

Latest