വ്യത്യസ്തമായൊരു വാഹനലോകം

Posted on: June 4, 2016 6:31 pm | Last updated: June 4, 2016 at 6:31 pm

vehicle

#റാശിദ് പൂമാടം

വ്യത്യസ്തമായൊരു ലോകമുണ്ട് അബുദാബിയില്‍. പഴയ വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ലോകം. വാഹന പ്രേമികള്‍ക്ക് വേണ്ടതെല്ലാം ഒരു പിരമിഡിനുള്ളില്‍ ഒരുക്കിയാണ് അബുദാബിയിലെ എമിറേറ്റ്‌സ് നാഷണല്‍ ഓട്ടോ മ്യൂസിയം സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ശൈഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്റെ ഇരുന്നൂറിലധികം സ്വകാര്യ വാഹനങ്ങളുടെ ശേഖരമാണ് ഇത്തരത്തില്‍ ആരെയും മോഹിപ്പിക്കും വിധത്തില്‍ മ്യൂസിയത്തില്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്. ഭീമാകാരമായ ലോറികള്‍, സാധാരണ ജീപ്പിന്റെ നാലും അഞ്ചും ഇരട്ടി വലിപ്പമുള്ള ജീപ്പുകള്‍, മഴവില്‍ നിറങ്ങളിലുള്ള മെഴ്‌സിഡസ് ബെന്‍സ് കാറുകള്‍, യുദ്ധവാഹനങ്ങള്‍, മിനി കൂപ്പറുകള്‍, വാഹന രാജാക്കന്മാരായ റോള്‍സ് റോയ്‌സ് അടക്കമുള്ള ആഡംബരകാറുകള്‍, സൈക്കിള്‍ റിക്ഷകള്‍, പഴയകാല ടാക്‌സികള്‍, ജീപ്പുകള്‍, അതില്‍ത്തന്നെ ഇന്ത്യയുടെ അഭിമാനമായ മഹീന്ദ്ര ജീപ്പ് എന്നിങ്ങനെ. ഇന്ത്യയുടെ തെരുവുകളില്‍ നിന്നും നാട് നീങ്ങിയ വാഹനങ്ങള്‍ ഇവിടെ കൂടുതല്‍ ശോഭയോടെ വാഹന പ്രേമികളെ കാത്തിരിക്കുന്നു.
വീഡിയോ ഗെയിമുകളിലും പഴയ ഇംഗ്ലീഷ് സാങ്കല്‍പിക കലാ സൃഷ്ടികളിലും സിനിമകളിലും മാത്രം കണ്ടും കേട്ടും പരിചയിച്ച നിരവധി വാഹനങ്ങളാണ് ഓട്ടോ മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. മോണ്‍സ്റ്റര്‍ ട്രക്ക് രൂപത്തില്‍ രണ്ടാള്‍ പൊക്കത്തില്‍ വലിപ്പമുള്ള ചക്രങ്ങള്‍ ഘടിപ്പിച്ച പഴയ ബെന്‍സ് കാറാണ് ഓട്ടോ മ്യൂസിയത്തിന്റെ പ്രവേശനകവാടത്തില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. പിരമിഡിന്റെ വാതില്‍ക്കല്‍ ഇതാണവസ്ഥയെങ്കില്‍ അകത്തെന്താവും എന്ന ആശ്ചര്യം ഇവിടെ ആദ്യമായെത്തുന്ന എല്ലാരുടെയും മുഖത്ത് കാണാം. വന്നയുടനെ ആദ്യം കാണുന്ന കാറിന്റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുത്താണ് ഓരോരുത്തരും കാഴ്ച്ചകള്‍ കാണുവാനായി പിരമിഡിനകത്തേക്ക് പ്രവേശിക്കുന്നത്. ഇടുങ്ങിയ വഴിയിലൂടെ അകത്ത് കടന്നാലെത്തുന്നത് വാഹനപ്രേമികളുടെ കണ്ണഞ്ചിപ്പിക്കുന്ന മായികലോകത്തേക്കാണ്.
പഴയകാല സൈക്കിള്‍ റിക്ഷയെ ഓര്‍മപ്പെടുത്തുന്ന കാറുകളാണ് ആദ്യം. വേഗമോ, സൗകര്യങ്ങളോ ഇല്ലെങ്കിലും സഞ്ചാരം എന്ന പ്രാഥമിക ദൗത്യം നിരവേറ്റാനായി മാത്രം നിര്‍മിക്കപ്പെട്ടവ. സമൂഹത്തിലെ ഉന്നത ശ്രേണികളിലുള്ളവര്‍ മാത്രം ഉപയോഗിച്ചിരുന്ന റോയല്‍ വാഹനങ്ങളായ ഇത്തരം വിന്റേജ് വാഹനങ്ങള്‍ അതിന്റെ പഴമയിലും പുതുമയൊട്ടും ചോര്‍ന്ന് പോവാതെ നിലനിര്‍ത്തിയിട്ടുണ്ട്. പിരമിഡിനുള്ളില്‍. വാഹനങ്ങളുടെ ലോകത്ത് ഘട്ടം ഘട്ടമായി സംഭവിച്ച പരിണാമം മനസിലാക്കണമെങ്കില്‍ ഇതുവഴി ഒന്ന് കയറി ഇറങ്ങിയാല്‍ മതി. സാധാരണ വിനോദസഞ്ചാരികള്‍ക്ക് പുറമേ വാഹന ലോക സന്ദര്‍ശകര്‍ തേടിയെത്തുന്ന സ്ഥലം കൂടിയാണിത്. വ്യത്യസ്ഥ ഇനം വാഹനങ്ങള്‍ സന്ദര്‍ശകരെ പഴയ ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ട്‌പോകുന്നു.
ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടത്തില്‍ നിന്നും പെട്ടന്ന് നിറങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്ന കാഴ്ച്ചയാണ് അടുത്തത്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇന്‍ഡിഗോ, വയലറ്റ് എന്നിങ്ങനെ ഏഴ് മഴവില്‍ വര്‍ണങ്ങളില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കുഞ്ഞ് കാറ്. അതോട് ചേര്‍ന്ന് ഏഴുനിറങ്ങളില്‍ നെഞ്ച് വിരിച്ച് നില്‍ക്കുന്ന ബെന്‍സ് കാറുകള്‍. സീറ്റുകള്‍ക്കും ചക്രത്തിനും സ്റ്റീയറിംഗിന് പോലും ഒരേ നിറം. ശൈഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്റെ വാഹനക്കമ്പമാണ് ലോകത്തിന് മുഴുവന്‍ വാഹനങ്ങളുടെ ഈ പറുദീസ സൃഷ്ടിച്ചത്. ശൈഖിന്റെ വാഹനക്കമ്പത്തിന്റെ പുറത്ത് മാത്രം നിര്‍മിക്കപ്പെട്ട ഭീമന്‍ വാഹനങ്ങളുടെ ശേഖരം യു എ ഇയുടെ തന്നെ സ്വകാര്യ അഹങ്കാരമാണ്. ലോകത്ത് മറ്റെവിടെയും ഇത്തരത്തിലൊരു കാഴ്ച്ച കാണുവാന്‍ സാധിക്കുകയില്ല എന്നത് തന്നെ കാരണം.
ഒരേ വാഹനത്തിന്റെ മൂന്ന് വ്യത്യസ്ത വലിപ്പത്തിലുള്ള മാതൃകകള്‍. മൂന്നും പ്രവര്‍ത്തനക്ഷമം. ഡോഡ്ജ് പവര്‍ വാഗണ്‍ ട്രക്കിനെപ്പറ്റിയാണ് പറഞ്ഞ് വരുന്നത്. ഇതിലും ഭീമാകാരമായ ഒരു വാഹനം ഇല്ല എന്ന് തന്നെ പറയാം. സാധാരണ ട്രക്കിന്റെ എട്ടിരട്ടി വലിപ്പമാണ് ഏറ്റവും വലിപ്പം കൂടിയ മോഡലിന്. വിശാലമായ രണ്ട് കിടപ്പ് മുറികളടക്കമുള്ള സൗകര്യങ്ങളാണ് വലിയ മോഡലില്‍ സമന്വയിപ്പിച്ചിരിക്കുന്നത്. വേഗം കുറയുമെങ്കിലും ഓടിക്കാന്‍ പാകത്തില്‍ പ്രവര്‍ത്തനക്ഷമമായ എഞ്ചിനുകള്‍ തന്നെയാണ് എല്ലാത്തിനുള്ളിലും. സാധാരണ നിരത്തുകളില്‍ കാണാറുള്ള സാമാന്യം വലിപ്പമുള്ള മൂന്നും നാലും പിക്ക് അപ്പ് വാഹനങ്ങളാണ് ഈ ഭീമന്‍ വണ്ടിയുടെ അടിയില്‍ പിടിയാനകളുടെ അടിയിലെ കുട്ടികളെപ്പോലെ നിരത്തി വച്ചിരിക്കുന്നത്. ഈ വണ്ടിക്ക് വലിച്ച് കൊണ്ടുപോകാന്‍ പാകത്തില്‍ അതിഭീമന്‍ കൊട്ടാരത്തുല്യമായ സജ്ജീകരണങ്ങളുള്ള കാരവാനും ഇവിടെയുണ്ട്.
നാല് ചക്രങ്ങളിലും ആറ് ചക്രങ്ങളിലും ഒരേ ശക്തിയുള്ള ഫോര്‍ ഇന്റു ഫോര്‍, സിക്‌സ് ഇന്റു സിക്‌സ് വാഹനങ്ങള്‍ യു എ ഇക്കാര്‍ക്കും ലോകത്തിനും പുതുമയില്ലാത്ത കാര്യങ്ങളാണ്. മലനിരകളിലും മരുഭൂമികളിലും വെള്ളക്കെട്ടുകളിലും പ്രധാന റോഡിലെന്ന പോലെ ഓടിച്ച് പോകാവുന്ന അത്തരം വാഹനങ്ങള്‍ ഇന്ന് വിപണികളില്‍ ലഭ്യവുമാണ്. എന്നാല്‍ എട്ട് ചക്രങ്ങളിലും ശക്തി സ്വാംശീകരിച്ച് പ്രകടനം കാഴ്ച്ച വയ്ക്കുന്ന എയ്റ്റ് ഇന്റു എയ്റ്റ് വണ്ടിയാണ് ഓട്ടോമ്യൂസിയത്തിലെത്തുന്ന ഏത് മുന്തിയ വാഹന പ്രേമിയുടെയും കണ്ണ് തള്ളിപ്പിക്കുന്ന കാഴ്ച്ചകളിലൊന്ന്. നിസാന്‍ പട്രോള്‍ വാഹനത്തില്‍ പ്രത്യേകമായാണ് ഈ കരുത്തുകളെല്ലാം ആവാഹിച്ചിരിക്കുന്നത്. മണ്ണും മലയും പാറയുമെല്ലാം ഇതിന്റെ കരുത്തിന് മുന്നില്‍ നിഷ്പ്രഭം.
ഫോര്‍ ഇന്റു ഫോര്‍ വാഹനങ്ങളോട് യു എ ഇയിലെ രാജകുടുംബങ്ങള്‍ക്കുള്ള ഇഷ്ടം ലോക പ്രശസ്തമാണ്. ആ നിരയിലേക്ക് ഏറ്റവും ഉചിതമായത് എന്ന് ഉറപ്പിക്കാവുന്ന ഒന്നുണ്ട് ഓട്ടോ മ്യൂസിയത്തില്‍. ഇന്ത്യയുടെ പരുക്കന്‍ നിരത്തുകള്‍ക്കായി നിര്‍മിച്ച മഹിന്ദ്രയുടെ ജീപ്പ്. യു എ ഇ നിരത്തുകളില്‍ അമേരിക്കന്‍ ജീപ്പുകളുടെ തേരോട്ടമാണെങ്കിലും ഇന്ത്യന്‍ ജീപ്പിന് വാഹനക്കമ്പക്കാരുടെ മനസ്സില്‍ എത്രമാത്രം സ്ഥാനമുണ്ടെന്ന് മനസിലാക്കാന്‍ മറ്റ് വിദേശികളായ ജീപ്പുകളുടെ നടുവില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മഹിന്ദ്ര ജീപ്പ് നോക്കിയാല്‍ മതി.
ലോകത്തിലെ എല്ലാ വാഹന പ്രേമികളും ഏറ്റവും ആവേശത്തോടെ കാണുവാനിഷ്ടപ്പെടുന്ന ബ്രിട്ടിഷ് ടി. വി ഷോ ആയ ടോപ്പ് ഗീയറില്‍ വന്നുപോയിട്ടുള്ളവയാണ് ഇവിടെയുള്ള പല വാഹനങ്ങളും. കെട്ടിടത്തോളം വലിപ്പവും സൗകര്യവുമുള്ള വാഹനങ്ങള്‍ ഒരു സങ്കല്‍പ്പമാണെങ്കില്‍ ആ സങ്കല്‍പ്പത്തെ ഇരുമ്പിലും ഉരുക്കിലും തീര്‍ത്തിരിക്കുകയാണ് എമിറേറ്റ്‌സ് ഓട്ടോ മ്യൂസിയത്തില്‍. ശൈഖ് ഹമദിന്റെ സ്വപ്‌നങ്ങളും ആശയങ്ങളുമാണ് ഒരമ്മയുടെ പല വലിപ്പത്തിലുള്ള മക്കളായി ഓട്ടോ മ്യൂസിയത്തില്‍ കാഴ്ച്ചയുടെ പൂരമൊരുക്കുന്നത്. വാഹന രാജാക്കന്മാരായ റോള്‍സ് റോയ്‌സിന്റെ വിന്റേജ് മോഡലുകളും നമ്മുടെ നാടന്‍ പ്രീമിയര്‍ പത്മിനിയുമെല്ലാം പിരമിഡിനുള്ളില്‍ സ്വസ്ഥമായിരിക്കുന്നു.
അമേരിക്കന്‍ ആര്‍മിയുടെ യുദ്ധവാഹനങ്ങളില്‍ ലോകം മുഴുവന്‍ നെഞ്ചിലേറ്റിയ മോഡലുകളിലൊന്നായ വില്ലീസ് ജീപ്പുകളുടെ കമനീയ ശേഖരം തന്നെയുണ്ടിവിടെ. മണ്‍വെട്ടിയും മഴുവുമെല്ലാം ശരീരത്തില്‍ ഘടിപ്പിച്ച ശക്തനായ പോരാളിയെപ്പോലെ അവ സന്ദര്‍ശകര്‍ക്ക് മുന്നില്‍ നിരന്ന് നില്‍ക്കുന്നു. നിറം മങ്ങിയ പച്ചയിലും ബ്രൗണ്‍ നിറത്തിലുമെല്ലാമുള്ള ഈ ജീപ്പ് ലോകത്തിലെ എല്ലാ വാഹന പ്രേമികളുടെയും സ്വപ്‌ന വാഹനം കൂടിയാണ്. മേല്‍ഭാഗം തുറന്ന ഇത്തരം ജീപ്പുകളില്‍ പതിയെ സഞ്ചരിക്കുന്നവര്‍ ആരായാലും അവര്‍ക്കൊരു കരുത്തന്റെ പരിവേഷമാണ് എവിടെയും. അതിന്റെ അഞ്ചോ ആറോ ഇരട്ടി വലിപ്പമുള്ള ജീപ്പാണ് മ്യൂസിയത്തിന് പുറത്ത് കാത്തിരിക്കുന്നത്. ആഢംഭരവും അത്യാഢംഭരവും വാഹനങ്ങളിലിടം പിടിക്കുമ്പോഴും ജീപ്പ് ഒരു വികാരമാണ്. കരുത്തിന്റെ പ്രതീകവും. ”നിങ്ങള്‍ക്ക് വേഗത്തില്‍ പോകുവാന്‍ സാധിച്ചേക്കും, എന്നാല്‍ എനിക്ക് എവിടേക്ക് വേണമെങ്കിലും പോകാം” എന്ന് ജീപ്പ് ആരാധകര്‍ പുത്തന്‍ വാഹനങ്ങളെ നോക്കി പറയുന്നതും ഇക്കാരണം കൊണ്ടാണ്.
പിന്നെയും നടന്ന് കണ്ടാലും മതിവരാത്ത അത്രയും ചെറുതും വലുതുമായ കാറുകള്‍, ജീപ്പുകള്‍, സ്‌പോര്‍ട്ട്‌സ് കാറുകള്‍, എസ്. യു. വികള്‍, എം. യു. വികള്‍, ട്രക്കുകള്‍, കാരവാനുകള്‍ ഒടുവില്‍ മ്യൂസിയത്തിനു പുറത്ത് മണല്‍പരപ്പില്‍ തലയെടുപ്പോടെ നിര്‍ത്തിയിട്ട വലിയ യാത്രാവിമാനം. അതും പ്രദര്‍ശനത്തിന്റെ ഭാഗം തന്നെ. ഇങ്ങനെ നീണ്ട് പോകുന്നു കാഴ്ച്ചകള്‍. അബുദാബിയില്‍ നിന്നും ലിവ റൂട്ടില്‍ ഒരു മണിക്കൂറോളം യാത്ര ചെയ്താല്‍ അറേബ്യന്‍ ഒറിക്‌സുകള്‍ സൈ്വരവിഹാരം നടത്തുന്ന കാഴ്ചകള്‍ ആസ്വദിച്ച് കൊണ്ട് എമിറേറ്റ്‌സ് നാഷണല്‍ ഓട്ടോ മ്യൂസിയത്തില്‍ എത്തിച്ചേരാം. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചര വരെ സന്ദര്‍ശകര്‍ക്കായി തുറന്നിടുന്ന മ്യൂസിയത്തില്‍ 50 ദിര്‍ഹമാണ് പ്രവേശന ഫീസ്. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ അധികമന്തരമില്ല എന്ന് വിശ്വസിക്കുന്ന എല്ലാ വാഹന പ്രേമികളും ഓട്ടോമ്യൂസിയം ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കണം.