Connect with us

Sports

ഫുട്‌ബോളിനെ ഉയര്‍ത്താന്‍ സര്‍ക്കാറും കേരള ബ്ലാസ്റ്റേഴ്‌സും ഒരുമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഫുട്‌ബോള്‍ വികസനത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബുമായി ചേര്‍ന്ന് പഞ്ചവത്സര സമഗ്ര പദ്ധതിക്ക് രൂപം നല്‍കും. സച്ചിന്‍ ടെണ്ടുല്‍കര്‍, സിനിമാ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ് എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കേരള ഫുട്‌ബോളിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയുംവിധം അഞ്ച് വര്‍ഷം കൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള 100 ഫുട്‌ബോള്‍ താരങ്ങളെ രൂപപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ജനകീയ കല എന്ന നിലയില്‍ ഫുട്‌ബോളിനുള്ള സ്വീകാര്യതയും പ്രതാപവും വീണ്ടെടുക്കുന്നതിന് ഈ മൂന്ന് പ്രതിഭകളും സഹകരണം വാഗ്ദാനം നല്‍കി. സംസ്ഥാനത്തെ ഇളംപ്രായത്തിലുള്ള ഫുട്‌ബോള്‍ കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ റെസിഡെന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. അക്കാദമിയുടെ സാങ്കേതിക സഹായം കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നുണ്ടാകണമെന്ന സര്‍ക്കാറിന്റെ അഭ്യര്‍ഥന സച്ചിന്‍ മാനിച്ചു.

അടിസ്ഥാന സൗകര്യങ്ങള്‍ അടക്കമുള്ള മറ്റ് ഭൗതിക പിന്തുണ സര്‍ക്കാര്‍ നല്‍കും. ഫുട് ബോള്‍ പ്രതിഭകളുടെ ലഭ്യതക്കനുസരിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം അക്കാദമികള്‍ സ്ഥാപിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തുന്ന ഗ്രൗണ്ടുകളെ “സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട്” ഫുട്‌ബോള്‍ കളങ്ങളാക്കി വികസിപ്പിക്കും. നിര്‍ദിഷ്ട അക്കാദമിയിലേക്കുള്ള റിക്രൂട്ടിംഗ് സ്ഥാപനങ്ങള്‍ എന്ന നിലയില്‍ സ്‌കൂളുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹകരണത്തോടെ ഫുട്‌ബോള്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. ഈ വര്‍ഷം തന്നെ അക്കാദമി ടീം വിവിധ മത്സര രംഗത്തുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്രധാന ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓഹരി പങ്കാളികളെ പ്രഖ്യാപിക്കാനാണ് സച്ചിന്‍ കേരളത്തിലെത്തിയത്. ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, വ്യവസായ രംഗത്തെ പ്രസാദ് ഗ്രൂപ്പുമാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമില്‍ നിക്ഷേപം നടത്തുന്നത്.

KERALA BLASTERS

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സഹ ഉടമകളായ അല്ലു അരവിന്ദ്, ചിരഞ്ജീവി, നിമ്മഗഡ്ഡ പ്രസാദ്, നാഗാര്‍ജുന തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സച്ചിനോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

Latest