ഖത്വറിനെ ആദ്യ 5ജി രാഷ്ട്രമാക്കാന്‍ ഉരീദു

Posted on: June 1, 2016 7:13 pm | Last updated: June 1, 2016 at 7:13 pm

5Gദോഹ: ഫൈവ് ജി മൊബൈല്‍ നെറ്റ്‌വര്‍ക് തുടങ്ങുന്ന ലോകത്തെ ആദ്യ രാജ്യമായിരിക്കും ഖത്വറെന്ന് ഉരീദുവിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. 2018 അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തിലും 2020ല്‍ വാണിജ്യാടിസ്ഥാനത്തിലും 5ജി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ യൂനിയന്‍ (ഐ ടി യു) അടക്കം നിരവധി ഏജന്‍സികളുമായി ഉരീദു ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

നിലവില്‍ 2020 എന്നത് ദീര്‍ഘകാലാമായാണ് അനുഭവപ്പെടുന്നത്. എത്രയും പെട്ടെന്ന് തുടങ്ങുന്നതിനാണ് ഐ ടി യു, ജി എസ് എം അസോസിയേഷന്‍ തുടങ്ങിയവുമായി ചര്‍ച്ച നടത്തുന്നതെന്ന് ഉരീദു ഖത്വര്‍ സി ഇ ഒ വലീദ് അല്‍ സയീദ് പറഞ്ഞു. അങ്ങനെ വന്നാല്‍ ലോകത്ത് ആദ്യമായി 5ജി അവതരിപ്പിക്കുന്ന രാജ്യമാകും ഖത്വര്‍. ഇതിനായി മേഖലയിലെ ആദ്യ 5ജി ഗവേഷണ കേന്ദ്രം ഖത്വറില്‍ ആരംഭിക്കാന്‍ ബാഴ്‌സലോണയിലെ ഹ്യുവായിയുമായി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഭാവി സാങ്കേതികവിദ്യയുമായും ഗവേഷണുമായും ബന്ധപ്പെട്ട് സാധ്യമായ എല്ലാ ഗവേഷണ പഠനങ്ങളും നടത്തുകയാണ് ലക്ഷ്യം. കേന്ദ്രത്തിന്റെ നിര്‍മാണം അതീവ സുരക്ഷയോടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഗവേഷണ സ്ഥാപനത്തില്‍ പരീക്ഷണങ്ങള്‍ക്ക് ഖത്വറിലെ യൂനിവേഴ്‌സിറ്റികളിലുള്ള എന്‍ജിനീയര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവസരം നല്‍കും. വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍, മെസ്സഞ്ചര്‍ തുടങ്ങിയവയിലൂടെയുള്ള വിദേശ ഫോണ്‍ വിളികളും മറ്റും കമ്പനിയുടെ വരുമാനത്തെ തെല്ലും ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് കോളുകളെയും എസ് എം എസുകളെയും ബാധിക്കുമെന്ന് നേരത്തെ ആശങ്കപ്പെട്ടിരുന്നെങ്കിലും ഈ വെല്ലുവിളിയെ അവസരമായി കണ്ട് പ്രതികരിക്കാന്‍ കമ്പനിക്ക് സാധിച്ചു. കോള്‍, എസ് എം എസ് എന്നിവയേക്കാള്‍ കൂടുതല്‍ ഇന്ന് ഡാറ്റ വില്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഡാറ്റയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം അവസാനത്തോടെ 60 ശതമാനത്തിലേറെയാകും.