പുതുവര്‍ഷം വിജയവര്‍ഷം

Posted on: June 1, 2016 6:00 am | Last updated: June 1, 2016 at 6:00 am

page 6 illustrationപുതിയ അധ്യയനവര്‍ഷം ആരംഭിക്കുകയാണ്. പിന്നിട്ട വര്‍ഷത്തെ വിലയിരുത്തി, പാഠങ്ങള്‍ പഠിച്ച് പുതിയ കര്‍രപദ്ധതികള്‍ വിഭാവനം ചെയ്യാനും നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ വീണ്ടെടുക്കാനുമുള്ള അവസരമാണ് പുതുവര്‍ഷം. അത് വിജയവര്‍ഷമാക്കി മാറ്റാന്‍ തീരുമാനമെടുക്കണം. ആദ്യം വേണ്ടത് അലസത ഒഴിവാക്കി അധ്വാനം ശീലമാക്കലാണ്. അധ്വാനം കൂടാതെ മഹത്തായ കാര്യങ്ങള്‍ നേടിയെടുക്കാനാകില്ല. കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവന് കര്‍മഫലങ്ങള്‍ തീര്‍ച്ചയായും ലഭിക്കും. സത്കര്‍മങ്ങള്‍ സത്ഫലം തരും.
വിദ്യാര്‍ഥികള്‍ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും പ്രാധാന്യം കൊടുക്കേണ്ടത് പഠനത്തിനാണ്. പഠനമികവ് പ്രകടിപ്പിച്ചാലേ തുടര്‍പഠനത്തിന് അവസരം ലഭിക്കൂ. തുടര്‍പഠനം നടത്തിയാലേ മികച്ച ജോലി ലഭിക്കൂ. നല്ല ജോലി ലഭിച്ചാല്‍ ഭാവി ജീവിതം സുരക്ഷിതമാകും. അതിനാല്‍ ഈ വര്‍ഷം ഞാന്‍ നന്നായി പഠിക്കും എന്ന് തീരുമാനമെടുക്കുക. ”ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട” എന്നാണ് പഴമൊഴി. നിന്റെ കൂട്ടുകാരന്‍ ആരെന്ന് പറയുക; നീയാരെന്ന് പറയാം എന്ന വാക്യവും പ്രസക്തമാണ്. കൂട്ടുകാര്‍ നമ്മുടെ ജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്തുന്നവരാണ്. നന്മയിലേക്കും തിന്മയിലേക്കും അവര്‍ നമ്മെ നയിച്ചേക്കാം. നേര്‍വഴി കാട്ടാന്‍ കഴിയുന്ന നല്ല സുഹൃത്തുക്കളെ പുതുവര്‍ഷത്തില്‍ കണ്ടെത്തണം. ദുഃശീലങ്ങളിലേക്കും നാശത്തിലേക്കും പ്രലോഭിപ്പിക്കുന്നവരെ ഒഴിവാക്കുക. പോസിറ്റീവായി ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കൂട്ടുകാരെ മാത്രം സ്വീകരിക്കുക.
സ്വയം മതിപ്പും ആത്മവിശ്വാസവും ഉള്ളവരാണ് ജീവിതത്തില്‍ വിജയം വരിക്കുക. ചില മാതാപിതാക്കളും ചുരുക്കം ചില അധ്യാപകരും കൂട്ടികളെ മണ്ടന്മാരും മരമണ്ടന്മാരുമായി ചിത്രീകരിക്കും. മറ്റുള്ളവരുമായി താരതമ്യം ചെയ്യും. ഇതെല്ലാം കുട്ടികളുടെ സ്വയം മതിപ്പ് തകര്‍ക്കുന്ന പ്രവര്‍ത്തികളാണ്. കുട്ടികളുടെ നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോഴാണ് സ്വയം മതിപ്പുണ്ടാകുക. ”ഞാന്‍ മിടുക്കനാണ്; ഞാന്‍ സ്മാര്‍ട്ടാണ്” എന്ന് ദിവസവും രാവിലെ കുട്ടികള്‍ പലവട്ടം പറയട്ടെ. അവര്‍ സ്വയം വിലമതിക്കുന്നവരാകട്ടെ. ‘എന്നെക്കൊണ്ട് സാധിക്കും’ എന്ന ചിന്തയാണ് ആത്മവിശ്വാസം. ചെറിയ വിജയങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും കുട്ടികളെ അഭിനന്ദിക്കുക. അവരുടെ ആത്മവിശ്വാസം വര്‍ധിക്കട്ടെ. നമ്മുടെ കഴിവുകളില്‍ വിശ്വാസവും ഉറച്ച ആത്മവിശ്വാസവും ഉണ്ടാകുമ്പോള്‍ മാത്രമേ വിജയിക്കാനാകൂ.
ഒരു കൗതുകത്തിന് പരീക്ഷിച്ചുനോക്കുന്ന ലഹരിപദാര്‍ഥങ്ങള്‍ നമ്മുടെ ജീവിതത്തെ തകര്‍ത്ത് നശിപ്പിക്കും. മദ്യമാണെങ്കിലും പുകയില ഉപയോഗമാണെങ്കിലും മയക്കുമരുന്നാണെങ്കിലും ലഹരി ശീലങ്ങള്‍ തുടങ്ങാതിരിക്കുക എന്നതാണ് പ്രധാനം. ലഹരിയിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും കൂട്ടായ്മകളും ഒഴിവാക്കണം. പകരം ആരോഗ്യകരമായ സൗഹൃദ കൂട്ടായ്മകളില്‍ അംഗമാകുകയും സജീവമാകുകയും വേണം. സ്‌കൂള്‍, കോളജ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളില്‍ അംഗമായി പ്രവര്‍ത്തിച്ചാല്‍ വഴിമാറിപ്പോകാനുള്ള സാധ്യതകളെ ഇല്ലാതാക്കാം.
ഓരോദിനം കഴിയുമ്പോഴും നാം നമ്മെ കുറച്ചുകൂടി മെച്ചപ്പെടുത്തണം. അറിവിന്റെ മേഖലകളില്‍, വ്യക്തിത്വ തലങ്ങളില്‍ കൂടുതല്‍ സ്വയം മെച്ചപ്പെടുത്തുക. അറിവുകള്‍ വര്‍ധിപ്പിക്കുക. കൂടുതല്‍ പക്വതയാര്‍ന്ന വ്യക്തിത്വത്തിന് ഉടമയാകുക. നല്ല പേര് കേള്‍പ്പിക്കുക.
ജീവിതത്തില്‍ ഉന്നതവിജയം വരിച്ചവരെല്ലാം അടുക്കും ചിട്ടയും സമയക്രമവും പാലിച്ചവരായിരുന്നു. അടുക്കും ചിട്ടയും പാലിച്ചാല്‍ സമയലാഭമുണ്ടാകും. ഓരോന്നിനും പ്രത്യേക സ്ഥലവും സ്ഥാനവും ഉണ്ടാകുമ്പോള്‍ ഓര്‍ത്തെടുക്കാന്‍ എളുപ്പമാണ്. അടുക്കിവെക്കുന്ന ശീലവും ചിട്ടയും ജീവിതത്തിന് സൗന്ദര്യം നല്‍കും. പാഴാക്കി കളയുന്ന സമയം നമ്മുടെ ജീവിതത്തില്‍ ഒരിക്കലും തിരികെ ലഭിക്കുകയില്ല. നഷ്ടപ്പെട്ട ഒരു നിമിഷത്തെപ്പോലും തിരിച്ചുപിടിക്കാനാകില്ല. ടൈം ടേബിള്‍ തയ്യാറാക്കി പഠിക്കുവാന്‍ തയ്യാറാവണം. ഓരോ ദിവസവും ഓരോ ആഴ്ചയും ഒരോ മാസവും പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തതയും അതിനുള്ള സമയവും കണ്ടെത്തണം. ഫേസ്ബുക്ക്, വാട്ട്‌സ് ആപ്, മൊബൈല്‍ ഫോണ്‍, ടി വി, കമ്പ്യൂട്ടര്‍ മുതലായവയുടെ അമിത ഉപയോഗം, പരദൂഷണം പറയല്‍, ദിവാസ്വപ്‌നങ്ങള്‍ എന്നിവയെല്ലാം നമ്മുടെ വിലപ്പെട്ട സമയത്തെ അപഹരിക്കും എന്നോര്‍ക്കുക. ദേഷ്യം, അസൂയ, ഉത്കണ്ഠ എന്നിവ നമ്മുടെ മനസ്സിലെ ക്രിയാത്മക ഊര്‍ജത്തെ കുറക്കും. അവ ഒഴിവാക്കുക.
”അമിതമായാല്‍ അമൃതും വിഷം” എന്നാണ് പഴമൊഴി. അമിതലാളന, അമിത ആശ്രയത്വം, അമിത സംരക്ഷണം, അമിത സ്‌നേഹം എന്നിവയെല്ലാം കുട്ടിയെ നശിപ്പിക്കും. അമിതശിക്ഷണവും വിനയാണ്. കുട്ടി സ്വതന്ത്രമായി വളരട്ടെ. എല്ലാം സ്വയം ചെയ്തു പഠിക്കട്ടെ. അല്ലെങ്കില്‍ കഴിവുകെട്ടവനും കുരുത്തം കെട്ടവനുമാകും. സ്വയം ചെയ്തു പഠിക്കുമ്പോള്‍ തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ അവസരമുണ്ടാകും. എല്ലാം അച്ഛനും അമ്മയും ചെയ്തുകൊടുക്കുമ്പോള്‍ സാഹചര്യങ്ങളോട് ഇണങ്ങി അവസരോചിതമായി പെരുമാറി ജീവിക്കുനുള്ള കഴിവുകള്‍ കുട്ടികള്‍ക്ക് നഷ്ടമാകും. അമിതമായ ശിക്ഷാനടപടികള്‍ കുട്ടികളില്‍ വ്യക്തിത്വ വൈകല്യങ്ങള്‍ സൃഷ്ടിക്കും. തെറ്റ് ബോധ്യപ്പെടുത്തി ശരി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കലാണ് ശിക്ഷണം.
മതാപിതാക്കള്‍ മക്കളുടെ കൂട്ടുകാരാകുക. അപ്പോള്‍ മക്കള്‍ മനസ്സുതുറന്നു സംസാരിക്കും. തെറ്റും ശരിയും അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കും. മക്കളെ താരതമ്യം ചെയ്യരുത്. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടെ നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. ശരിയായ ജീവിതമൂല്യങ്ങള്‍ മക്കളെ പഠിപ്പിക്കാന്‍ സമയം കണ്ടെത്തുക. മാതാപിതാക്കള്‍ പറയുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി കാണിക്കുക. ഉള്ളുതുറന്ന സംസാരവും തമാശ പറയലും ആഹഌദകരമായ കൂട്ടായ്മയും ഒത്തുചേരലും ആത്മവിശ്വാസം നല്‍കും.
സ്‌നേഹവും സഹാനുഭൂതിയുമാണ് അധ്യാപകന് വേണ്ട പ്രഥമ ഗുണം. അധ്യാപനം സ്‌നേഹത്തിന്റെ പ്രകാശനമാകണം. കുട്ടികളെ സ്‌നേഹിക്കുക. അവരെ അംഗീകരിക്കുക, അവരെ പ്രചോദിപ്പിക്കുക. മോട്ടിവേറ്റ് ചെയ്യുക, അവരെ ആകര്‍ഷിക്കുക, പ്രോത്സാഹിപ്പിക്കുക, അഭിനന്ദിക്കുക, ആശ്ചര്യപ്പെടുത്തുക, അവരോടൊപ്പമായിരിക്കുക, മാര്‍ഗദര്‍ശനം നടത്തുക, ദിശാബോധം നല്‍കുക. അങ്ങനെ അവരെ നന്മയിലേക്ക് വളര്‍ത്തുക.

അഡ്വ. ചാര്‍ളി പോള്‍