കലാഭവന്‍ മണിയുടെ കുടുംബം ഉപവാസസമരത്തിന്

Posted on: May 25, 2016 11:03 pm | Last updated: May 25, 2016 at 11:03 pm

rlvതൃശൂര്‍: അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ കുടുംബാംഗങ്ങള്‍ ഉപവാസ സമരത്തിനൊരുങ്ങുന്നു. മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് മണിയുടെ കുടുംബം ഉപവാസ സമരത്തിനൊരുങ്ങുന്നത്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വരുന്ന ശനിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ ചാലക്കുടി സൗത്ത് ജംഗ്ഷനിലെ ഫ്‌ളൈ ഓവറിന് താഴെയാണ് സമരം നടത്തുക.

ആര്‍എല്‍വി രാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
പ്രിയ സൂഹൃത്തുക്കളെ എന്റെ സഹോദരന്‍ അല്ല നമ്മുടെ സഹോദരന്‍ മരിച്ച് 3 മാസം തികയാന്‍ പോകുകയാണ് നാളിതുവരെയായി അന്വേഷണത്തിന്റെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. ഹൈദരാബാദിലേക്ക് അയച്ചിട്ട് റിസള്‍ട്ട് ഇതുവരെയും കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ കുടുംബാഗങ്ങള്‍ ഒരു ദിവസത്തെ സൂചന സമരം നടത്തുന്നു. ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന്റെ താഴെ ഈ വരുന്ന ശനിയാഴ്ച 28/5/2016 ന് രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ നടത്തുന്ന ഉപവാസ സമരത്തിന് മണിച്ചേട്ടനെ ജീവനു തുല്യം സ്‌നേഹിച്ച നിങ്ങളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു.