Connect with us

Gulf

മിഡില്‍ ഈസ്റ്റ് എയര്‍പോര്‍ട്ടുകളില്‍ ഹമദ് ഇന്റര്‍നാഷനല്‍ രണ്ടാംസ്ഥാനത്ത്

Published

|

Last Updated

ദോഹ: മിഡില്‍ ഈസ്റ്റിലെ തിരക്കുള്ള മികച്ച പത്തു യാത്രാ വിമാനത്താവളങ്ങളിലും കാര്‍ഗോ വിമാനത്താവളങ്ങളിലും ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന് രണ്ടാംസ്ഥാനം. ദുബൈ രാജ്യാന്തര വിമാനത്താവളമാണ് രണ്ടു വിഭാഗങ്ങളിലും ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്.
യാത്രാ വിഭാഗത്തില്‍ ജിദ്ദ എയര്‍പോര്‍ട്ടിനെ മറികടന്നാണ് ദോഹ രണ്ടാമതത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഹമദ് വഴി 31,008,549 പേരാണ് യാത്ര ചെയ്തത്. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 17.1 ശതമാനം കൂടുതലാണിത്. 2015 മൂന്നാം പാദത്തില്‍ വിമാനങ്ങളുടെ എണ്ണം 55,186 ആണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടത്. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വളര്‍ച്ചാണിത്. അതേസമയം കാര്‍ഗോ നീക്കത്തില്‍ 46 ശതമാനം വളര്‍ച്ചയാണ് ഹമദ് എയര്‍പോര്‍ട്ട് കഴിഞ്ഞ വര്‍ഷം നേടിയത്. 1,454,952 ടണ്‍ കാര്‍ഗോയാണ് കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ടിലെ റെക്കോര്‍ഡ്.
ഇരു വിഭാഗങ്ങളിലും ഒന്നാംസ്ഥാനത്തുള്ള ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ യാത്രക്കാര്‍ 78,010,265 ആണ്. മുന്‍ വര്‍ഷത്തേക്കാള്‍ 10.7 ശതമാനം വളര്‍ച്ച. ഈ വര്‍ഷം ജനുവരിയില്‍ വീണ്ടും 6.3 ശമതനം വളര്‍ച്ച എയര്‍പോര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നോര്‍ത്ത് അമേരിക്കന്‍ റൂട്ടുകളിലേക്കുള്ള സഞ്ചാരികളിലാണ് വലിയ തോതില്‍ വളര്‍ച്ചയുണ്ടായതെന്ന് എയര്‍പോര്‍ട്ട് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കാര്‍ഗോ നീക്കത്തില്‍ ഒന്നാമതെത്തിയ ദുബൈ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം 2,505,507 ടണ്‍ കാര്‍ഗോകളാണ് കൈകാര്യം ചെയ്തത്.
യാത്രാ വിഭാഗത്തില്‍ ദുബൈക്കും ദോഹക്കും പിറകില്‍ ജിദ്ദ കിംഗ് അബ്്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍, അബുദാബി ഇന്റര്‍നാഷല്‍, റിയാദ് കിംഗ് ഫഹദ്, കുവൈത്ത്, മസ്‌കത്ത്, ഷാര്‍ജ, ദമ്മാം, ബഹ്‌റൈന്‍ എന്നീ എയര്‍പോര്‍ട്ടുകളാണ് മൂന്നു മുതല്‍ പത്തു വരെ സ്ഥാനങ്ങളിലെത്തിയത്.
കാര്‍ഗോ വിഭാഗത്തില്‍ ദുബൈ വേള്‍ഡ് സെന്‍ട്രല്‍, അബുദാബി, റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷനല്‍, ജിദ്ദ കിംഗ് അബ്്ദുല്‍ അസീസ്്, ബഹ്്‌റൈന്‍, കുവൈത്ത്, ഷാര്‍ജ, മസ്‌കത്ത് എന്നീ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടുകളാണ് മൂന്നു മുതല്‍ പത്തു വരെ സ്ഥാനങ്ങള്‍ നേടിയത്.

Latest