Connect with us

Gulf

റമസാനിലെ പ്രമേഹ പ്രതിരോധം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

Published

|

Last Updated

ദോഹ: റമസാന്‍ വ്രതകാലത്ത് പ്രമേഹരോഗികള്‍ പാലിക്കേണ്ട ജാഗ്രതകള്‍ സൂചിപ്പിച്ച് സന്നദ്ധ സംഘടനകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഡയബറ്റിസ് ആന്‍ഡ് റമസാന്‍ ഇന്റര്‍നാഷനല്‍ അലയന്‍സ് (ദാര്‍), ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ഫെഡറേഷന്‍ (ഐ ഡി എ), ഖത്വര്‍ ഡയബറ്റിസ് അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് റമസാനിലെ പ്രമേഹ നിയന്ത്രണത്തിനു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയ മാര്‍ഗരേഖയില്‍ പുതിയ ചില നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ മാര്‍ഗരേഖ.
റമസാനില്‍ നോമ്പെടുക്കുന്നവരില്‍ നല്ലൊരു ശതമാനവും പ്രമേഹ രോഗികളായിരിക്കും. അവര്‍ക്ക് ലഭിക്കേണ്ട ശരിയായ മാര്‍ഗനിര്‍ദേശം ലഭിക്കാതെ പോയാല്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കാന്‍ കാരണമാകും. മെഡിക്കല്‍ പ്രൊഫനലുകളും മതനേതാക്കളും പ്രഭാഷകരും ഇക്കാര്യം സമൂഹത്തെ ഉണര്‍ത്തേണ്ടതുണ്ടെന്ന് ഐ ഡി എ പ്രസിഡന്റ് ഡോ. ശൗക്കത്ത് സാദിക്കോട്ട് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 31 വിദഗ്ധരുടെ സഹായത്തോടെയാണ് ഗൈഡ്‌ലൈന്‍ തയാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
വ്യക്തികള്‍ തങ്ങളുടെ ആരോഗ്യസ്ഥിതി നന്നായി മനസ്സിലാക്കിയ ശേഷമാണ് വ്രതമനുഷ്ഠിക്കേണ്ടത്. രോഗികള്‍ക്ക് മതം നല്‍കുന്ന ഇളവുകളെക്കുറിച്ചും മനസ്സിലാക്കണം. ഇത്തരം നിര്‍ദേശങ്ങളെല്ലാം മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യരീതികള്‍, സമയം എന്നിവയെല്ലാം കൃത്യമായി പാലിക്കണം. ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥ വ്യത്യസ്തമായിരിക്കുമെന്നതിനാല്‍ പൊതു നിര്‍ദേശത്തേക്കാള്‍ സ്വന്തം ആരോഗ്യ, രോഗാവസ്ഥകള്‍ വിലയിരുത്തിയാണ് ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടത്.
ഡോക്ടര്‍മാരെ കണ്ട് ഉപദേശം തേടിയ ശേഷം വേണം നിയന്ത്രണ രീതികള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍. നോമ്പനുഷ്ഠാനം രോഗാവസ്ഥ വര്‍ധിക്കാന്‍ ഇടവരാതെ നോക്കണമെന്നും ഗൈഡ്‌ലൈന്‍ നിര്‍ദേശിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മെഡിസിന്‍ രീതികളും മറ്റു ആശയങ്ങളും നിര്‍ദേശത്തിലുണ്ട്. നോമ്പെടുക്കുന്നവരില്‍ പരമാവധി രോഗസാധ്യതകള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. പരമാവധി വ്യക്തികേന്ദ്രീകൃതമായി തന്നെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണിത്. പതിവു ആഹാര രീതിയിലും ജീവിത രീതിയിലും വരുന്ന മാറ്റം ആരോഗ്യ രംഗത്തുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടായില്‍ റിസ്‌കുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നതു പരിണിച്ചാണ് ഗൈഡ്‌ലൈന്‍ തയാറാക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.