ജി സി സിയിലെ പൗരന്മാര്‍ ഏറെയും ഇടപാടുകള്‍ക്ക് കാര്‍ഡുകള്‍ താത്പര്യപ്പെടുന്നവര്‍

Posted on: May 25, 2016 6:51 pm | Last updated: May 25, 2016 at 6:51 pm

ദുബൈ: ജി സി സി രാജ്യങ്ങളിലെ 77 ശതമാനം പൗരന്മാരും ഇടപാടുകള്‍ക്കായി പണത്തിനു പകരം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നവര്‍. കാര്‍ഡ് ആന്‍ഡ് പേയ്‌മെന്റ് മിഡില്‍ ഈസ്റ്റ് നടത്തിയ പ്രദര്‍ശനത്തിനും സമ്മേളനത്തിനുമെത്തിയവരില്‍ നിന്ന് ശേഖരിച്ച വിവരത്തിലാണ് നാലില്‍ മൂന്ന് ശതമാനം ആളുകളും ഇക്കാര്യം അറിയിച്ചത്.
യു എ ഇയിലെ ഏറ്റവും വലിയ ബേങ്കായ എമിറേറ്റ്‌സ് എന്‍ ബി ഡി മേഖലയില്‍ ഡിജിറ്റല്‍ ബേങ്കിംഗ് സൊല്യൂഷന്‍സ് അവതരിപ്പിച്ചുവെന്ന് സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കളില്‍ അധികവും ഡിജിറ്റല്‍ പേയ്‌മെന്റ് രീതികളോട് താത്പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് എമിറേറ്റ്‌സ് എന്‍ ബി ഡി റീട്ടെയില്‍ ബേങ്കിംഗ് ആന്‍ഡ് വെല്‍ത് മാനേജ്‌മെന്റ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് തലവനുമായ സുവോ സാര്‍ക്കര്‍ പറഞ്ഞു. യു എ ഇ, സഊദി അറേബ്യ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ 2,700 പേരെ പങ്കെടുപ്പിച്ച് കഴിഞ്ഞ ഏപ്രിലിലാണ് സര്‍വേ നടത്തിയത്.
ഈ വര്‍ഷത്തെ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് മിഡില്‍ ഈസ്റ്റ് എക്‌സിബിഷന്‍ മെയ് 31 മുതല്‍ ജൂണ്‍ ഒന്നുവരെ ദുബൈ ഇന്റര്‍നാഷണല്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 27,000 ചതുരശ്ര മീറ്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 75 രാജ്യങ്ങളില്‍നിന്നുള്ള 300 പ്രദര്‍ശകര്‍ പങ്കെടുക്കും.