വാക്കിനുള്ളിലെ ദൈവം

Posted on: May 25, 2016 12:50 pm | Last updated: May 25, 2016 at 12:50 pm

vakkinullille daivamകലാകാരനെന്നു പറഞ്ഞാല്‍ ആരാണെന്നാണു നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത്? ചിത്രകാരനാണെങ്കില്‍ കണ്ണുകള്‍ മാത്രമുള്ളവനും പാട്ടുകാരനാണെങ്കില്‍ കാതു മാത്രമുള്ളവനും ഗുസ്തിക്കാരനാണെങ്കില്‍ വെറും മാംസപേശികള്‍ മാത്രമുള്ളവനുമായ ഒരു വികലാംഗനും. ഇനിയൊരു കവിയാണെങ്കില്‍ ഹൃദയത്തിന്റെ ഓരോ അറയിലും കിന്നാരം മാത്രം കൊണ്ടു നടക്കുന്നവനാണെന്നോ. അങ്ങനെയൊന്നുമല്ല. ഒരു രാഷ്ര്ട്രീയജീവി കൂടിയാണയാള്‍. ലോകത്തു നടക്കുന്ന ഹൃദയഭേദകവും വികാരഭരിതവും ആഹ്ലാദകരവുമായ സംഗതികളെക്കുറിച്ചു നിരന്തരം ബോധവാനായ ഒരാള്‍. അതിനൊപ്പിച്ചു സ്വന്തം പ്രതിച്ഛായ മാറ്റിവരയ്ക്കുകയുമാണയാള്‍. എങ്ങനെയാണ് അന്യരില്‍ ഒരു താത്പര്യവുമെടുക്കാതെ ജീവിക്കാനാവുക. അത്രയും സമൃദ്ധമായി അവര്‍ നിങ്ങള്‍ക്കു കൊണ്ടുവന്നുതരുന്ന ആ ജീവിതത്തില്‍ നിന്ന് മരവിച്ചൊരു നിസ്സംഗതയോടെ മാറിനില്‍ക്കാനാവുക. അല്ല, വീടുകള്‍ മോടി പിടിപ്പിക്കാനുള്ളതല്ല, കല, അതൊരു യുദ്ധസാമഗ്രിയാണെന്നും പ്രശസ്ത ചിത്രകാരന്‍ പാബ്ലോ പിക്കാസോ പറയുന്നു.

ജീവിതത്തിന്റെ കുഴമറിച്ചിലുകളില്‍ മാഞ്ഞവരകളെ തെളിച്ചും തെളിഞ്ഞ വരകളെ മായ്ച്ചും സബീന എം സാലിയെന്ന എഴുത്തുകാരിയുടെ നെഞ്ചിലൊരു പിക്കാസോ ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടാകണം വികാരസാന്ദ്രമായ ജീവനുള്ള കവിതകളിങ്ങനെ പിറക്കുന്നത്. ജീവിതത്തിന്റെ വൈകാരികതകളെ ഭാവതീവ്രമായി അവതരിപ്പിക്കുന്നു.
‘പ്രപഞ്ചം ഇന്നേവരെ
ഉച്ചരിച്ചിട്ടില്ലാത്ത
ചില വാക്കുകളുണ്ട്
അവയ്ക്ക്
ദൈവത്തിന്റെ ഛായയാണ്.
ഒരായിരം
മിടിപ്പുകള്‍ക്കിടയിലും
ഒരിക്കലും എഴുതപ്പെടാതെ
എന്നെയും നിന്നെയും
ചേര്‍ത്തുവയ്ക്കുന്നവ’
പുതു കവിതയില്‍ തന്റെതായ ഇടം വരച്ചിടുന്നുണ്ട് സബീന എം. സാലി. ‘വാക്കിനുള്ളിലെ ദൈവം’ എന്ന കവിതാ സമാഹാരം അത് ശരിവെക്കുന്നു. ചുറ്റുപാടുകളോടുള്ള പ്രതികരണമാണ് തന്റെ കവിതകള്‍ എന്ന് വായനക്കാരനെ ബോധ്യപ്പെടുത്തുകയാണ് ഓരോ വരികളിലൂടെയും. വെറും വായനക്കപ്പുറം ഒരുതരം അലട്ടല്‍ വായനക്കാരില്‍ ഉണ്ടാക്കുന്നുണ്ട് സബീനയുടെ കവിത. അത് സാമൂഹികജീവിയായ കവിയുടെ ബാധ്യത കൂടിയാണ്. പാരമ്പര്യ രചനാ രീതികളില്‍നിന്നും വേറിട്ട് പുതു കവിത അവയുടെ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നുണ്ട്. ആ വഴിയിലൂടെയാണ് സബീനയുടെ യാത്ര. ജീവിതത്തിന്റെ അര്‍ഥതലങ്ങളുടെ ആഴങ്ങളിലേക്കുള്ള ഒരു യാത്രയായി ഇതിനെ കാണേണ്ടതുണ്ട്.
കവികള്‍ ഒരു തരത്തില്‍ ദാര്‍ശനികരാണ്. ചുറ്റുപാടുകളിലേക്കുള്ള ഉള്‍നോട്ടങ്ങള്‍ കവികളുടെ ദര്‍ശനങ്ങളിലുണ്ടാകും. ഒരു എഴുത്തുകാരന്റെ, എഴുത്തുകാരിയുടെ മനസ് എപ്പോഴും അസ്വസ്ഥമാണ്. ആ അസ്വസ്ഥതയാണ് സൃഷ്ടിയുടെ വിത്തുകള്‍.
‘നിനക്കായ് ഞാന്‍
വെണ്ണീറായിട്ടും
തിരസ്‌ക്കരണത്തിന്റെ
മേല്‍ക്കൂരയില്‍
മറവിയുടെ മഴക്കാലം
പെയ്തിറങ്ങിയത് മാത്രം
നീ എന്നോട്
പറയാതിരിക്കുക’
കവിയുടെ ജീവിതം സ്വയം അര്‍പിക്കലായി തീരുന്നുണ്ട് ഈ വരികളില്‍. പ്രണയവും വിരഹവും കോര്‍ത്ത മാലകളാണ് ചില കവിതകള്‍.
‘നീ കടലാണെങ്കില്‍
നിന്നിലേക്ക് മാത്രം
ഒഴുകുന്ന പുഴയാണ് ഞാന്‍.
നീ മണ്ണാണെങ്കില്‍
നിന്നിലേക്ക് മാത്രം
വേരുകളുള്ള
നീര്‍ച്ചെമ്പക മരമാണ് ഞാന്‍
നിന്റെ ദാഹങ്ങളിലേക്ക് മാത്രം
കിനിയുന്ന നീരുറവയും.
കാരണം ദൂരങ്ങളില്ലാതാവണം
നമുക്കിടയില്‍’
പെണ്ണിന്റെയും പ്രകൃതിയുടെയും നിലവിളി ഇക്കോഫെമിനിസ്റ്റ് എന്ന കവിതയില്‍ നമുക്ക് കേള്‍ക്കാം. വെള്ളത്തിനും ഭൂമിക്കും വനത്തിനുമായുള്ള നിലവിളി സ്ത്രീയുടെ നിലവിളിതന്നെയാണ്. ഭൂമിയുടെ ബലഹീനത സ്ത്രീയുടേതുമാണ്. സ്ത്രീയുടെ ക്ഷേമവും വികസനവും ഭൂമിയുടേതും. വ്യവസായവിപ്ലവത്തിന്റെ ഫലമായി മനുഷ്യന്‍ ഇല്ലായ്മ ചെയ്ത ഭൂമിക്ക് അതിന്റെ സഹജാവസ്ഥകള്‍ തിരികെ നല്‍കാന്‍ എന്തുചെയ്യണം എന്ന ചോദ്യത്തിനുത്തരമാണ് പരിസ്ഥിതി സ്ത്രീവാദം. ഉപജീവനത്തിന്റെ ഫെമിനിസം.
‘ചില വാക്കുകള്‍ക്ക് ഒടുങ്ങാത്ത ആസക്തിയാണ്,
വികാരത്തിന്റെ കൊളുത്തിട്ട് വല്ലാതങ്ങ് വലിച്ചടുപ്പിക്കും’
എന്ന് നമ്മോട് പറയുകയും നാം അത് അനുഭവിക്കുകയും ചെയ്യുന്നിടത്താണ് എഴുത്തിന്റെ ശക്തി തിരിച്ചറിയപ്പെടുന്നത്. വെറുംവാക്കു പറയാതെ, പൈങ്കിളിയായി മാറാതെ തീവ്രമായി പ്രണയത്തെ വരിച്ചിടുന്നുണ്ട് ഈ എഴുത്തുകാരി.
‘ഓരോ ശ്വാസത്തിന്റെ
വേലിയിറക്കത്തിലും
നിന്റെ ശബ്ദം
കോരിക്കുടിച്ചാണ്
എന്റെ ഹൃദയത്തിന്റെ
ദാഹമകറ്റുന്നത്’
സ്‌നേഹം കടിഞ്ഞാണില്ലാത്തൊരു ദൗര്‍ബല്യമാണെന്ന് സ്വയം എറ്റുപറയുന്നുണ്ട് പലയിടങ്ങളിലും.
‘കാട്ട് ചെടികള്‍ക്കിടയില്‍
വീണുചിതറിയ
വാല്‍നക്ഷത്രത്തിന്റെ
പെണ്‍ വിരലുകളാണ്
മണ്‍ കൂനകള്‍ക്കുമേല്‍
വസന്തം എന്ന വാക്ക്
ആദ്യമെഴുതിയത്’
ലാളിത്യമാര്‍ന്ന വരികളിലൂടെ പെണ്മയെ അടയാളപ്പെടുത്തുന്നത് എത്ര സുന്ദരമായാണ്.
‘എന്റെ സ്വപ്‌നത്തിന്റെ
അപൂര്‍ണതയെ
നീ പലവട്ടം പൂരിപ്പിച്ചിട്ടുണ്ട് ‘
‘എല്ലാ ഋതുക്കളും
കൂടെയുണ്ടെന്നൊരു തോന്നല്‍
ഉള്ളില്‍ കനക്കാറുണ്ട്
തായ്ത്തടി ചാരി
നില്‍ക്കുമ്പോള്‍’
കാഴ്ചയുടെ കാവ്യാത്മകമായൊരു രീതി കാത്തുസൂക്ഷിക്കുന്ന കവിത. പെണ്മയുടെ നെടുവീര്‍പ്പുകളല്ല മറിച്ച് പ്രതീക്ഷകളുടെ ഭൂപടമാണ് സബീന വരച്ചിടുന്നത്.
ഓരോ വായനയിലും പുതുമ പകരുന്നതാകണം കവിത. അതാണ് കവിയുടെ വിജയവും. കാവ്യകല്‍പനകള്‍ക്ക് സൗന്ദര്യാനുഭൂതി പകരുന്നുണ്ട് കവി. വൃത്തത്തിന്റെയും താളത്തിന്റെയും പിന്‍ബലമില്ലാതെയാണ് പുതു കവിതകളുടെ നില്‍പ്. പ്രമേയം, ഭാഷ, ഘടന എന്നിവയിലൂടെ ലോകത്തോട് സംവേദിക്കുകയാണ് പുതു കവിത. ഇത് തികച്ചും ശ്രമകരമാണ്. അതില്‍ വിജയപക്ഷത്താണ് സബീന എം സാലി.
സബീനയുടെ കവിതകള്‍ ശ്രദ്ധയോടെ വായിച്ചിരുന്നപ്പോള്‍ തോന്നിയ ചില ചെറിയ കാര്യങ്ങള്‍ ഇവിടെ കുറിച്ചുവെന്നു മാത്രം. ഇനിയുമുണ്ടേറെ പറയുവാന്‍ എങ്കിലും അധികം പറഞ്ഞതിന്റെ ചാരുത കളയുന്നില്ല.