രണ്ട് പതിറ്റാണ്ടിന് ശേഷം കോഴിക്കോടിന് രണ്ട് മന്ത്രി

Posted on: May 25, 2016 12:25 pm | Last updated: May 25, 2016 at 12:25 pm

T P RAMAKRISHNANകോഴിക്കോട്: കോഴിക്കോട് ജില്ലക്ക് രണ്ട് പതിറ്റാണ്ടിന് ശേഷമാണ് രണ്ടാം മന്ത്രിയെ ലഭിക്കുന്നത്. 1996ലെ ഇ കെ നായനാര്‍ മന്ത്രിസഭയിലുടെ തുടക്കത്തില്‍ ജില്ലക്ക് രണ്ട് മന്ത്രിമാരുണ്ടായിരുന്നു. കോണ്‍ഗ്രസ് എസിലെ എ സി ഷണ്‍മുഖദാസും ജനതാദളിലെ സി കെ നാണുവും. പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് ഷണ്‍മുഖദാസിന് 2000 ജനുവരിയില്‍ രാജിവെക്കേണ്ടി വന്നു. പിന്നീട് ഒറ്റപ്പാലം എം എല്‍ എയായിരുന്ന വി സി കബീറായിരുന്നു കോണ്‍ഗ്രസ് എസ് മന്ത്രി. പിന്നീട് വന്ന എല്ലാ മന്ത്രിസഭയിലും കോഴിക്കോടിന്റെ മന്ത്രി പ്രാതിനിധ്യം ഒന്നിലൊതുങ്ങുകയായിരുന്നു.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ കോഴിക്കോട് സൗത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. എം കെ മുനീര്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്നു. 2006 ലെ വി എസ് മന്ത്രി സഭയില്‍ ജില്ലയില്‍ നിന്ന് എളമരം കരീമായിരുന്നു മന്ത്രി. ബേപ്പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വ്യവസായ മന്ത്രിയായിരുന്നു. 2001ലെ യു ഡി എഫ് സര്‍ക്കാരില്‍ കൊയിലാണ്ടിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പി ശങ്കരന്‍ എ കെ ആന്റണി മന്ത്രിസഭയില്‍ അംഗമായിരുന്നുവെങ്കിലും എ കെ ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ 2004ല്‍ കെ വിശ്വനാഥന്‍ രാജിവെച്ച ഒഴിവിലാണ് എ സുജനപാല്‍ മന്ത്രിയാകുന്നത്.

ഇത്തവണ കോഴിക്കോട് ജില്ലക്ക് രണ്ട് മന്ത്രിമാരെയാണ് ലഭിക്കുന്നത്. സി പി എമ്മില്‍ നിന്ന് ടി പി രാമകൃഷ്ണനും എന്‍ സി പിയില്‍ നിന്ന് എ കെ ശശീന്ദ്രനും. എന്‍ സി പിയില്‍ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നു വന്ന തര്‍ക്കത്തെ തുടര്‍ന്ന് ആദ്യത്തെ രണ്ടര വര്‍ഷമാണ് എ കെ ശശീന്ദ്രന് മന്ത്രി സ്ഥാനം ലഭിക്കുക. എലത്തൂരില്‍ നിന്ന് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് എ കെ ശശീന്ദ്രന്‍ വിജയിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് അദ്ദേഹം. എലത്തൂരില്‍ നിന്ന് രണ്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് മുമ്പ് ബാലുശേരിയില്‍ നിന്നും ജയിച്ചിരുന്നു.
പേരാമ്പ്രയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ടി പി രാമകൃഷ്ണന്‍ മന്ത്രിയാകുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ടി പി രാമകൃഷ്ണന്റേത് രണ്ടാം വിജയമാണ്.

ജില്ലയില്‍ നിന്ന് വി കെ സി മമ്മദ്‌കോയയുടെ പേരും മന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടെങ്കിലും പാര്‍ട്ടി ലിസ്റ്റില്‍ അദ്ദേഹം സ്ഥാനം പിടിച്ചില്ല. ജില്ല രാഷ്ട്രീയ ഭേദമന്യേ വി കെ സിയുടെ മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നു. മേയര്‍ എന്ന നിലയില്‍ ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വി കെ സി മന്ത്രിയാകണമെന്ന ആഗ്രഹത്തിന് പിന്നില്‍. കോഴിക്കോട് നോര്‍ത്തില്‍ നിന്ന് മൂന്നാം തവണയും വിജയിച്ച എ പ്രദീപ്കുമാറും ഇത്തവണ മന്ത്രിയാകുമെന്ന് ജില്ല പ്രതീക്ഷിച്ചിരുന്നു. ജില്ലയില്‍ നിന്ന് പതിനൊന്ന് സീറ്റിലാണ് ഇടത് മുന്നണി വിജയിച്ചത്. രണ്ട് സീറ്റ് മുസ്‌ലിം ലീഗില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ ഒരു സീറ്റ് സി പി എമ്മിന് നഷ്ടപ്പെട്ടു.

കോഴിക്കോട് നിന്ന് സംസ്ഥാന മന്ത്രിസഭയിലെത്തുന്ന മൂന്നാമത് സി പി എം നേതാവാണ് രാമകൃഷ്ണന്‍. ടി കെ ഹംസയും എളമരം കരീമുമാണ് മുന്‍ഗാമികള്‍. ഇരുവരും ബേപ്പൂരിന്റെ എം എല്‍ എമാരായിരുന്നു. ടി കെ ഹംസ 1987ലെ നായനാര്‍ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. പിന്നീട് ഗവ. ചീഫ് വിപ്പുമായി. 2006ലെ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്നു എളമരം കരീം. എ കെ ശശീന്ദ്രന്‍ എ സി ഷണ്മുഖദാസിന്റെ പിന്‍ഗാമിയായാണ് മന്ത്രിസഭയിലെത്തുന്നത്. ബാലുശേരിയില്‍ നിന്ന് 25 വര്‍ഷത്തോളം ജയിച്ച ഷണ്‍മുഖദാസ് ഇടത് മന്ത്രിസഭയില്‍ മന്ത്രിയായിട്ടുണ്ട്. അദ്ദേഹത്തിന് ശേഷം ബാലുശേരിയില്‍ നിന്ന് എ കെ ശശീന്ദ്രന്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്.