Connect with us

National

ഇന്ത്യന്‍ മ്യൂസിയം ഇനി ഗൂഗിള്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍

Published

|

Last Updated

കൊല്‍ക്കത്ത: ഇതാ ഒരു ചരിത്ര മ്യൂസിയം പൂര്‍ണമായും ഇന്റര്‍നെറ്റിന് തുറന്നുകൊടുക്കുന്നു. ഇനിമുതല്‍ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിലെ എല്ലാ ഗാലറികളുടെയും ത്രിമാനദൃശ്യം ഗൂഗിളില്‍ ലഭ്യമാകും. അമൂല്യമായ ബുദ്ധിസ്റ്റ് കലകളും പ്രശസ്തമായ ഗാന്ധാര ശില്‍പ്പങ്ങളും ഇതില്‍ ഉള്‍പ്പെടും. ഗൂഗിള്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി ചേര്‍ന്നാണ് ഇന്ത്യന്‍ മ്യൂസിയം ഈ പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച്, മ്യൂസിയത്തില്‍ നേരിട്ട് സന്ദര്‍ശിക്കുന്നതിന്റെ അത്രയും അനുഭവത്തോടെ ലോകത്തെവിടെ നിന്നും ചരിത്രകുതുകികള്‍ക്ക് ഈ മ്യൂസിയം വീക്ഷിക്കാം. ഇതിന്റെ ഭാഗമായി ഇന്ന് ഇന്ത്യന്‍ ബുദ്ധിസ്റ്റ് കല എന്ന ശീര്‍ഷകത്തിലുള്ള എക്‌സിബിഷന്‍ ഗൂഗിളില്‍ ആരംഭിക്കും. ഇത് ഗൂഗിള്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്‌സൈറ്റിലാണ് ലഭ്യമാകുക.
അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ബുദ്ധന്റെ ശീര്‍ഷകശില്‍പ്പവും ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യ എക്‌സിബിഷനാണ് ഇന്ന് ആരംഭിക്കുന്നതെന്നും വൈകാതെ മുഴുവന്‍ ഗ്യാലറികളും വെബ്‌സൈറ്റില്‍ തുറന്നുകൊടുക്കുെവന്നും മ്യൂസിയം ഡയരക്ടര്‍ ജയന്ത സെന്‍ ഗുപ്ത പറഞ്ഞു. 360 ഡിഗ്രി പനോരമിക് വിഷനിലൂടെയാണ് ഗ്യാലറികള്‍ ദൃശ്യമാകുക. അതുകൊണ്ടുതന്നെ മ്യൂസിയത്തിന്റെ ഏത് മുക്കിലും മൂലയിലും നിന്നുള്ള കാഴ്ചകള്‍ ഉപയോക്താവിന് മൗസ് നീക്കത്തിലൂടെ ലഭ്യമാകും.
കഴിഞ്ഞ വര്‍ഷം മ്യൂസിയം സന്ദര്‍ശിച്ചതു മുതല്‍ ബ്രിട്ടനില്‍ നിന്നുള്ള ഗൂഗിള്‍ സംഘം ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. 10,000 ചതുരശ്ര അടി സിസ്തീര്‍ണത്തില്‍ 60 ഗ്യാലറികളിലായി കല, പുരാവസ്തു, നരവംശ ശാസ്ത്രം, ഭൗമശാസ്ത്രം, ജീവശാസ്ത്രം, സസ്യശാസ്ത്രം എന്നിങ്ങനെ വിഭാഗങ്ങളാണ് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയത്തിലുള്ളത്.