Connect with us

National

ഒരു ടണ്‍ സവാള വിറ്റാല്‍ കര്‍ഷകന് മിച്ചം ഒരു രൂപ!

Published

|

Last Updated

പൂനെ: ഒരു ടണ്‍ സവാള വിറ്റപ്പോള്‍ വെറും ഒരു രൂപ മാത്രമാണ് തനിക്ക് മിച്ചം ലഭിച്ചതതെന്ന് കര്‍ഷകന്റെ അവിശ്വസനീയമായ വെളിപ്പെടുത്തല്‍. ഇത്തവണ വിളവെടുപ്പില്‍ വന്‍ വര്‍ധനവുണ്ടായിട്ടും അതിന്റെ ഗുണം ലഭിച്ചില്ലെന്നും പലരും തുച്ഛമായ വിലയ്ക്ക് സവാള വിറ്റഴിക്കുകയാണെന്നും പൂനെയില്‍ നിന്നുള്ള കര്‍ഷകകന്‍ ദേവീദാസ് പര്‍ഭാനെ പറയുന്നു. വരള്‍ച്ച ബാധിച്ച മേഖലയില്‍ നിന്ന് ദിവസേന കര്‍ഷകര്‍ മരിക്കുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇത് തന്നെയായിരിക്കും തങ്ങളുടെയും വിധിയെന്നും പര്‍ഭാനെ പറയുന്നു.
80,000 രൂപ ചെലവഴിച്ച് രണ്ട് ഏക്കര്‍ ഭൂമിയിലാണ് താന്‍ സവാള കൃഷി ആരംഭിച്ചത്. ഈ മാസം പത്തിന് 18 ബാഗുകളിലായി 952 കിലോ സവാള പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഗ്രിക്കള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റിക്ക് (എ പി എം സി) അയച്ചുകൊടുത്തിരുന്നു. പത്ത് കിലോഗ്രാമിന് 16 രൂപ വെച്ചാണ് തനിക്ക് പ്രതിഫലം ലഭിച്ചത്. ഇത് കണക്കാക്കിയാല്‍ ഒരു കിലോഗ്രാം സവാളയുടെ വില വെറും 1.60 രൂപയാണ്. അയച്ചുകൊടുത്ത സവാളക്ക് മൊത്തം 1,523.20 രൂപ തനിക്ക് ലഭിച്ചു. ഇതില്‍ നിന്ന് ഇടനിലക്കാര്‍ 91.35 രൂപ കൊണ്ടുപോയി. 59 രൂപ കൂലിയിനത്തില്‍ ചെലവായിട്ടുണ്ട്. 18.55 രൂപ, 33.30 രൂപ എന്നിങ്ങനെ മറ്റിനത്തില്‍ ചെലവായി. 1,320 രൂപയാണ് ചരക്കെത്തിക്കാന്‍ ട്രക്ക് ഡ്രൈവര്‍ വാങ്ങിയത്. ഇതെല്ലാം കഴിഞ്ഞ് തനിക്ക് വീട്ടില്‍ കൊണ്ടുപോകാന്‍ കഴിഞ്ഞത് വെറും ഒരു രൂപ! ആശ്ചര്യകരമായ കണക്കാണ് ദേവീദാസ് പ്രഭാനെ അവതരിപ്പിക്കുന്നത്.
സവാള കിലോഗ്രാമിന് മൂന്ന് രൂപയെങ്കിലും താന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അന്നത്തെ കച്ചവടം തികച്ചും നിരാശാജനകമായിരുന്നു. ലോഡ് ഷെഡിംഗ് കാരണം മതിയായ ജലസേചനം പോലും നടത്താനാകാതെ കഴിഞ്ഞ നാല് മാസം വളരെ പ്രയാസപ്പെട്ടാണ് താന്‍ വിള കാത്തത്. ലാഭം പോയിട്ട് തനിക്ക് ചെലവായ മുതലുപോലും ഈ കച്ചവടത്തിലൂടെ ലഭിച്ചിട്ടില്ലെന്നും കര്‍ഷകന്‍ പറയുന്നു.
അതേസമയം, കര്‍ഷകന്റെ ഈ അവകാശവാദത്തെ കുറിച്ച് എ പി എം സി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, സവാളയുടെ വലിപ്പക്കുറവും ഗുണനിലവാരവും കണക്കിലെടുത്താണ് തുച്ഛമായ വിലക്ക് വ്യാപാരി കച്ചവടം ഉറപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സവാളക്കുണ്ടായ വിലത്തകര്‍ച്ച ചൂണ്ടിക്കാട്ടി നാസിക്കിലെ ലാസല്‍ഗാവില്‍ നിന്നുള്ള വ്യാപാരി സംഘടന പ്രതിനിധികളും എ പി എം സി അംഗങ്ങളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവീസുമായി കൂടിക്കാഴ്ച നടത്തി.