ഗ്രീസിലെ ഇദോമിനിയിലുള്ള അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാന്‍ തുടങ്ങി

Posted on: May 25, 2016 6:00 am | Last updated: May 25, 2016 at 12:08 am

ഏഥന്‍സ്: ഗ്രീസിലെ ഇദോമിനിയിലുള്ള ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പ് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. മെസിഡോണിയ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇദോമിനിയിലെ അഭയാര്‍ഥി ക്യാമ്പ് അനൗദ്യോഗികമാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ഇവിടേക്കുള്ള വഴികളെല്ലാം പോലീസ് തടഞ്ഞിട്ടുണ്ട്. 400ലധികം പോലീസിനെയും ഗ്രീക്ക് സര്‍ക്കാര്‍ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്. ബസുകളിലും മറ്റും അഭയാര്‍ഥികളെ സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ പുതിയ ടെന്റുകളിലേക്കാണ് മാറ്റുന്നത്. ബസുകളില്‍ അഭയാര്‍ഥികളെ കൊണ്ടുപോകുന്ന നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
പോലീസ് ഇവിടെയുള്ള അഭയാര്‍ഥികളെ ശക്തി ഉപയോഗിച്ച് നീക്കം ചെയ്യില്ലെന്നും നടപടികള്‍ ഒരാഴ്ച മുതല്‍ പത്ത് ദിവസം വരെ നീണ്ടുനില്‍ക്കുമെന്നും അഭയാര്‍ഥി പ്രതിസന്ധി കൈകാര്യം ചെയ്യുന്ന ഗ്രീക്ക് സര്‍ക്കാറിന്റെ വക്താവ് ഗിയോര്‍ഗസ് കിരിറ്റ്‌സിസ് പറഞ്ഞു. അഭയാര്‍ഥി ക്യാമ്പില്‍ 8400ഓളം പേര്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് കൂട്ടികളും ഉള്‍പ്പെടുന്നു. മാസിഡോണിയ കഴിഞ്ഞ മാര്‍ച്ചില്‍ അവരുടെ അതിര്‍ത്തി അടച്ചതോടെ വഴിമുട്ടിയ അഭയാര്‍ഥികള്‍ ഇദോമിനിയിലാണ് തമ്പടിച്ചിരുന്നത്. ആ സമയത്ത് 14,000ത്തിലധികം അഭയാര്‍ഥികള്‍ ഇവിടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഇവിടെയുള്ള അഭയാര്‍ഥികളില്‍ വലിയൊരു ഭാഗം മറ്റു സ്ഥലങ്ങളിലേക്ക് മാറുകയായിരുന്നു. നിലവില്‍ റെയില്‍വേ ട്രക്കുകളോട് ചേര്‍ന്നും മറ്റും സംവിധാനിച്ച ചെറിയ ടെന്റുകളിലാണ് അഭയാര്‍ഥികളുടെ ജീവിതം. എന്നാല്‍ ഇവരെ സഹായിക്കുന്നതിന് വേണ്ടി ചില സന്നദ്ധ സംഘടനകള്‍ സൗകര്യമുള്ള വലിയ ടെന്റുകള്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ട്. എന്നാല്‍ ശക്തമായ മഴ ആരംഭിച്ചതോടെ ഇവരുടെ വാസ സ്ഥലവും മറ്റും മോശമായിരിക്കുകയാണ്. ഇവിടെയുള്ള അഭയാര്‍ഥികളെ സര്‍ക്കാറിന്റെ കീഴിലുള്ള ഔദ്യോഗിക ടെന്റുകളിലേക്ക് മാറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ യുദ്ധവും ആഭ്യന്തര സംഘര്‍ഷവും രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് പേരാണ് അഭയം തേടി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും അതിര്‍ത്തികളില്‍ നിയന്ത്രണം കൊണ്ടുവന്നതോടെ അഭയാര്‍ഥികളുടെ ഒഴുക്കില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.