നേരിട്ടുള്ള സമാധാന ചര്‍ച്ച: ഇസ്‌റാഈല്‍ നിര്‍ദേശം ഫലസ്തീന്‍ തള്ളി

Posted on: May 25, 2016 5:05 am | Last updated: May 25, 2016 at 12:07 am

ഗാസാ സിറ്റി: സമാധാന ചര്‍ച്ച നേരിട്ടാകണമെന്ന ഇസ്‌റാഈല്‍ നിര്‍ദേശം ഫലസ്തീന്‍ തള്ളി. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബഹുകക്ഷി സമാധാന ചര്‍ച്ച നടക്കാനിരിക്കെ ഇത്തരമൊരു നിര്‍ദേശം ഇസ്‌റാഈല്‍ മുന്നോട്ട് വെക്കുന്നത് ചര്‍ച്ച നീട്ടിക്കൊണ്ടു പോകാന്‍ മാത്രമാണെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദുല്ല പറഞ്ഞു. ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സുമായി ഹംദുല്ല ചര്‍ച്ച നടത്തിയിരുന്നു. ഇസ്‌റാഈലിലും ഫലസ്തീനിലും വിവിധ കേന്ദ്രങ്ങളില്‍ സഞ്ചരിച്ച് വാള്‍സ് പ്രമുഖരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. പാരീസില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചക്ക് മണ്ണൊരുക്കാനാണ് വാള്‍സ് വിവിധ തലത്തില്‍ ചര്‍ച്ച നടത്തുന്നത്. ഇതിനിടയിലാണ് ഫലസ്തീനും ഇസ്‌റാഈലും നേരിട്ട് ചര്‍ച്ച നടത്തണമെന്ന നിര്‍ദേശം ഇസ്‌റഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ട് വെച്ചത്.
സമയം വളരെ കുറവാണ്. സമയം നഷ്ടപ്പെടുത്താനാണ് നെതന്യാഹു ശ്രമിക്കുന്നത്. ഇത്തവണ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് രക്ഷപ്പെടില്ല- ഹംദുല്ല പറഞ്ഞു. വാള്‍സ് മുമ്പാകെ നെതന്യാഹു മുന്നോട്ട് വെച്ച നിര്‍ദേശം അപ്പോള്‍ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും കീഴ്‌വഴക്കമനുസരിച്ച് ഈ നിര്‍ദേശം പ്രസിഡന്റ് ഫാന്‍ഷ്യസ് ഹോലന്‍ഡേക്ക് മുന്നില്‍ വെക്കും.
നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉച്ചകോടി അടുത്ത മാസം പാരീസില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഈ ചര്‍ച്ചയില്‍ ഫലസ്തീന്‍, ഇസ്‌റാഈല്‍ പ്രതിനിധികള്‍ പങ്കെടുക്കില്ല. രണ്ടാം ഘട്ടത്തില്‍ ഫലസ്തീന്‍, ഇസ്‌റഈല്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച മുന്നോട്ട് കൊണ്ടു പോകും. 2014ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചക്ക് ശേഷം നീണ്ട ഇടവേള പിന്നിട്ടാണ് ചര്‍ച്ച പുനരാരംഭിക്കുന്നത്. ഫലസ്തീന്‍ രാഷ്ട്രം സാധ്യമാക്കുകയെന്ന പരിഹാരം മുന്‍നിര്‍ത്തിയാണ് ഫ്രാന്‍സ് മാധ്യസ്ഥ്യം വഹിക്കുന്നത്.