ബി ഡി ജെ എസിന്റെ ഭാവി

ഭരണത്തിലെത്തുന്നവരെയും പ്രതിപക്ഷത്തുള്ളവരെയും ഒരേ പോലെ സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിപ്പോന്ന വെള്ളാപ്പള്ളിക്ക് പക്ഷേ, ഇനിയുള്ള അഞ്ച് വര്‍ഷം അത്ര സുഗമമായിരിക്കില്ല. കോടിക്കണക്കിന് രൂപയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പടക്കം നിരവധി കേസുകളില്‍ പെട്ട് നട്ടം തിരിയുന്ന വെള്ളാപ്പള്ളിയോട് തിരഞ്ഞെടുപ്പിന്റെ തിരുമുറ്റത്ത് പോലും ദാക്ഷിണ്യം കാട്ടാതിരുന്ന ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി പി എമ്മിന് സ്വന്തം അണികളെ വെള്ളാപ്പള്ളിക്ക് കൊത്തിപ്പറിക്കാന്‍ വിട്ടുകൊടുക്കാതിരിക്കേണ്ട ബാധ്യതയുണ്ട്. പാര്‍ട്ടിയുടെ പ്രധാന വോട്ട് ബേങ്കായ ഈഴവസമുദായം തങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകണമെങ്കില്‍ വെള്ളാപ്പള്ളിയുടെ വര്‍ഗീയ അജന്‍ഡ തുറന്നുകാട്ടുകയും തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരികയും വേണം. വി എസ് ഉയര്‍ത്തിയ നിരവധി ആരോപണങ്ങളുടെ മുള്‍ മുന വെള്ളാപ്പള്ളിക്ക് നേരെ നീണ്ടുനില്‍ക്കുന്നുണ്ട്. ഇതെല്ലാം കാലവിളംബം കൂടാതെ അന്വേഷിച്ചു സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നാല്‍ മാത്രം മതി. വെള്ളാപ്പള്ളിയുടെ വര്‍ഗീയ അജന്‍ഡകള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല.
Posted on: May 24, 2016 6:44 pm | Last updated: May 24, 2016 at 6:46 pm

vellappalli thushar2015 ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്ര സമാപന സമ്മേളനത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ച ഭാരതീയ ധര്‍മജനസേന (ബി ഡി ജെ എസ്) പാര്‍ട്ടി ഒരു തമാശയായി മാത്രമേ കേരളീയ സമൂഹം കരുതിയുളളൂ. കാരണം മുമ്പ് പല തവണ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ച് അവതരിപ്പിച്ചിട്ടുള്ള വെള്ളാപ്പള്ളിയുടെ കാര്‍മികത്വത്തില്‍ തന്നെ രൂപം കൊണ്ട പാര്‍ട്ടിയെന്ന നിലയില്‍ ബി ഡി ജെ എസും ചാപ്പിള്ളയാകുമെന്നാണ് കേരളീയ പൊതുസമൂഹം വിലയിരുത്തിപ്പോന്നത്. അല്‍പ്പമെങ്കിലും ആശങ്കയുണ്ടായിരുന്നത് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ്. അവര്‍ ബി ഡി ജെ എസിനെ പരസ്യമായി നഖശിഖാന്തം എതിര്‍ത്തുപോന്നപ്പോഴും ചിലരെങ്കിലും രഹസ്യമായി നീക്കുപോക്കുകള്‍ക്ക് ശ്രമിച്ചത് പക്ഷേ, ബി ഡി ജെ എസിന്റെ ശക്തികൊണ്ടായിരുന്നില്ല. മറിച്ച് അത് പ്രതിനിധാനം ചെയ്യുന്ന സമുദായ സംഘടനയായ എസ് എന്‍ ഡി പി യോഗത്തിന്റെ കെട്ടുറപ്പും ഈഴവസമുദായങ്ങളുടെ കാനേഷുമാരിയും കണക്കിലെടുത്താണ്. പാര്‍ട്ടി രൂപവത്കരണത്തിന് മുമ്പ് തന്നെ എസ് എന്‍ ഡി പി യോഗം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില നീക്കുപോക്കുകള്‍ നടത്തുകയും ഇത് പരാജയപ്പെടുകയും ചെയ്തിരുന്നു.എസ് എന്‍ ഡി പി യോഗം നിര്‍ത്തിയ സ്ഥാനാര്‍ഥികള്‍ പലയിടങ്ങളിലും മുന്നണികളുടെ പിന്തുണ ഉറപ്പാക്കിയിട്ടു പോലും ചുരുക്കം ചിലര്‍ക്കല്ലാതെ ജയിച്ചുകേറാനായില്ല. അതു തന്നെ മുന്നണി സ്ഥാനാര്‍ഥികളായി അവതരിപ്പിക്കപ്പെട്ട എസ് എന്‍ ഡി പി യോഗാംഗങ്ങള്‍ മാത്രമാണ് ജയിച്ചത്. വെള്ളാപ്പള്ളി നടേശന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ഥിക്ക് പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചു കേറാന്‍ കഴിഞ്ഞില്ല.
കണിച്ചുകുളങ്ങരയിലെ സ്വന്തം തട്ടകത്തില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് അന്ന് ജയിച്ചത്. ഇതോടെ എസ് എന്‍ ഡി പി രാഷ്ട്രീയ എടുത്തുചാട്ടത്തില്‍ നിന്ന് പിന്‍വാങ്ങുമെന്ന് കരുതിയവര്‍ക്ക് തെറ്റി. എസ് എന്‍ ഡി പി യോഗത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രൂപവത്കരിക്കണമെന്നത് വെള്ളാപ്പള്ളിയുടെ മാത്രം തീരുമാനമായിരുന്നില്ല. കേരളത്തില്‍ എങ്ങനെയും അക്കൗണ്ട് തുറക്കുകയെന്ന ബി ജെ പിയുടെ കാലങ്ങളായുള്ള ആഗ്രഹസാഫല്യത്തിനായി കേന്ദ്രത്തിലെ ബി ജെ പി നേതൃത്വം കേരളത്തിലെ ആര്‍ എസ് എസ് നേതൃത്വവുമായി ആലോചിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ബി ഡി ജെ എസിന് ബീജാവാപം പാകിയത്. പരമ്പരാഗത ബി ജെ പി വോട്ടര്‍മാരിലധികവും സവര്‍ണ ജാതിയില്‍ പെട്ടവരാണെന്നിരിക്കെ പിന്നാക്ക സമുദായക്കാരെ ആകര്‍ഷിക്കാന്‍ ആര്‍ എസ് എസ് മെനഞ്ഞെടുത്ത തന്ത്രമായിരുന്നു എസ് എന്‍ ഡി പി നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി.ആര്‍ എസ് എസിന്റെ പിന്‍ബലമുള്ളത് കൊണ്ട് മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിന് ഒരു മത്സരമെങ്കിലും കാഴ്ചവെക്കാന്‍ സാധിച്ചത്. ബി ഡി ജെ എസിന്റെ രൂപവത്കരണത്തിന് മുമ്പ് തന്നെ വെള്ളാപ്പള്ളിയെയും മകനെയും ആര്‍ എസ് എസ് പൂര്‍ണ നിയന്ത്രണത്തിലാക്കിയിരുന്നു. വെള്ളാപ്പള്ളി നടത്തിയ സമത്വ മുന്നേറ്റ യാത്രയിലെ അംഗങ്ങളെ നിശ്ചയിച്ചതും അതിന്റെ ഉദ്ഘാടന, സ്വീകരണ കേന്ദ്രങ്ങള്‍ നിശ്ചയിച്ചതുമെല്ലാം ആര്‍ എസ് എസായിരുന്നു. സമത്വ മുന്നേറ്റ യാത്രയുടെ തൊട്ടുമുമ്പ് വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ രണ്ട് തവണ തുടര്‍ച്ചയായി വെള്ളാപ്പള്ളിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിക്കുകയും ഒരു തവണ യോഗത്തിന്റെ ഇടുക്കിയിലെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തൊഗാഡിയയുടെ സന്ദര്‍ശനം കേരളത്തിലെ വി എച്ച് പി നേതൃത്വം പോലും അറിയാതെയായിരുന്നുവെന്നതാണ് ഏറെ ആശ്ചര്യകരം. തൊഗാഡിയയുടെ സന്ദര്‍ശനത്തോടെ വെള്ളാപ്പള്ളി കൂടുതല്‍ വര്‍ഗീയ പ്രസ്താവനകളുമായി രംഗത്ത് വരികയായിരുന്നു. പിന്നീടാണ് മോദിയെയും അമിത്ഷായെയുമൊക്കെ ഡല്‍ഹിയിലെത്തി സന്ദര്‍ശിക്കുകയും തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്ര മന്ത്രിസഭയില്‍ പ്രവേശം ലഭിച്ചേക്കുമെന്ന കിംവദന്തികള്‍ പ്രചരിക്കുകയും ചെയ്തത്.
ബി ഡി ജെ എസിന്റെ ചിഹ്നം, കൊടി ഇവയെല്ലാം രൂപപ്പെടുത്തിയത് ആര്‍ എസ് എസ് ബുദ്ധികേന്ദ്രങ്ങളാണെന്നതില്‍ തര്‍ക്കമില്ല. മെറൂണിലും വെള്ളയിലുമുള്ള പശ്ചാത്തലത്തില്‍ ‘കൂപ്പുകൈ’ ചിഹ്നം പതിച്ച പതാക പാര്‍ട്ടിയുടെ പ്രഖ്യാപന ദിവസം അനാവരണം ചെയ്തിരുന്നു. ചിഹ്നമായി അവതരിപ്പിച്ചത് കൂപ്പുകൈ ആയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പുകളില്‍ ചിഹ്നം ഉപയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയില്ല. കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നവുമായുള്ള സാദൃശ്യമാണ് അനുമതി ലഭിക്കാന്‍ തടസ്സമായത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാര്‍ട്ടിക്ക് താത്കാലിക അംഗീകാരം ലഭിച്ചത്. കുടം ചിഹ്നമായി ലഭിച്ചതോടെ ബി ഡി ജെ എസിന്റെ പൊന്‍കുടത്തില്‍ താമര വിരിയിക്കുമെന്ന പ്രഖ്യാപനത്തോടെ വെള്ളാപ്പള്ളി കേരളത്തിലങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുകയായിരുന്നു.
പ്രചാരണത്തിനായി വെള്ളാപ്പള്ളിക്ക് ബി ജെ പി കേന്ദ്ര നേതൃത്വം ഹെലിക്കോപ്ടര്‍ അനുവദിച്ചുനല്‍കി. ഹെലിക്കോപ്ടറില്‍ പറന്നുള്ള വെള്ളാപ്പള്ളിയുടെ പ്രചാരണത്തെ സി പി എം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസും യു ഡി എഫും നിശ്ശബ്ദമായത് ജനാധിപത്യ സമൂഹത്തെയാകെ വേദനിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി യോഗത്തിന്റെ രംഗപ്രവേശനത്തിനെതിരെയും സി പി എം മാത്രമാണ് ശക്തമായെതിര്‍ത്തത്. കോണ്‍ഗ്രസും യു ഡി എഫും നിശ്ശബ്ദമായത് അവര്‍ക്ക് തന്നെ വിനയായി. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ നിലപാട് ആവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിച്ചത് ഉന്നതങ്ങളിലെ നീക്കുപോക്കുകള്‍ കാരണമായിരുന്നെന്ന് നേരത്തെ തന്നെ വിമര്‍ശമുയര്‍ന്നിരുന്നു. ബി ഡി ജെ എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു മത്സരിച്ച കുട്ടനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസംഗം തന്നെ ഇതിന് തെളിവാണ്. പലയിടങ്ങളിലും യു ഡി എഫും എന്‍ ഡി എയുമായി നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെന്നും ഇവിടങ്ങളില്‍ സി പി എം പേരിനു പോലുമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ കോലാഹലം സൃഷ്ടിക്കുകയും ചെയ്തു. എന്‍ ഡി എ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന മണ്ഡലമായ കുട്ടനാട്ടില്‍ ബി ഡി ജെ എസ് സ്ഥാനാര്‍ഥിയാണ് മത്സരരംഗത്തുണ്ടായിരുന്നതെന്നതിനാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വെള്ളാപ്പള്ളിയുമായുള്ള നീക്കുപോക്കിന്റെ ഭാഗമെന്നല്ലാതെ വിലയിരുത്താനും കഴിയില്ല.
എന്തായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിക്കുകയും കാടിളക്കിയുള്ള പ്രചാരണകോലാഹലങ്ങള്‍ സംഘടിപ്പിച്ചിട്ടും ഈഴവ സമുദായ വോട്ടുകള്‍ നിര്‍ണായകമായ കുട്ടനാട്ടില്‍ രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ ബി ഡി ജെ എസിന് സാധിച്ചില്ല. ബി ഡി ജെ എസ് മത്സരിച്ച 36 മണ്ഡലങ്ങളില്‍ ഒന്നില്‍ പോലും രണ്ടാം സ്ഥാനത്തെത്താന്‍ അവര്‍ക്കായില്ലെന്നത് കേരളീയ പൊതുസമൂഹം വര്‍ഗീയാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കില്ലെന്നതിന് മതിയായ തെളിവാണ്. വര്‍ഗീയ അജന്‍ഡ വെച്ചുപുലര്‍ത്തുന്ന ബി ജെ പി പോലും മതേതര പാര്‍ട്ടിയെന്നവകാശപ്പെടുമ്പോള്‍ ബി ഡി ജെ എസ്, ഈഴവ സമുദായാംഗങ്ങള്‍ക്ക് മാത്രം പ്രാതിനിധ്യമുള്ള ഒരു പാര്‍ട്ടിയായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു ഐക്യം പറയുന്നുണ്ടെങ്കിലും പരമ്പരാഗത മുന്നാക്ക സമുദായങ്ങളുടെ ഒന്നും പിന്തുണ പാര്‍ട്ടിക്കില്ലെന്ന് ഇതിനകം തന്നെ തെളിയിച്ചുകഴിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രബലമായ മുന്നാക്ക സമുദായ സംഘടനയായ എന്‍ എസ് എസ് നേതൃത്വം ഇതേവരെ ബി ഡി ജെ എസിന് അനുകൂലമായി സംസാരിക്കുക പോലും ചെയ്തിട്ടില്ലെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയെ പിന്തുണച്ചിരുന്ന ആ സമുദായത്തിലെ വോട്ടര്‍മാരില്‍ പലരും ഇക്കുറി എന്‍ ഡി എയിലെ മറ്റു ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ഡി ജെ എസിന് ഇത്രയുമെങ്കിലും ജനപിന്തുണക്ക് കാരണം എസ് എന്‍ ഡി പി യോഗാംഗങ്ങള്‍ നേതൃത്വത്തിന്റെ ഭീഷണിക്ക് വഴിപ്പെട്ടതാണ്. പരമ്പരാഗത ഇടതുപക്ഷ വോട്ടര്‍മാരായ ഈഴവസമുദായാംഗങ്ങളെ ഭീഷണിപ്പെടുത്തിയും വാഗ്ദാനങ്ങള്‍ ചൊരിഞ്ഞും ഒപ്പം നിര്‍ത്താനുള്ള എസ് എന്‍ ഡി പി യോഗം നേതൃത്വത്തിന്റെ ശ്രമം അല്‍പ്പമെങ്കിലും വിജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു ഡി എഫ് കക്ഷികളിലുള്ള സമുദായാംഗങ്ങളുടെ വോട്ടുകള്‍ ഭൂരിഭാഗവും ബി ഡി ജെ എസിനാണ് ലഭിച്ചതെന്ന് ചില മണ്ഡലങ്ങളിലെയെങ്കിലും വോട്ട് വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. പക്ഷേ, സി പി എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികളില്‍പ്പെട്ട സമുദായാംഗങ്ങളില്‍ നിന്ന് ഇത്തരമൊരു ഒഴുക്കുണ്ടായിട്ടില്ല. ബി ഡി ജെ എസിന്റെ ഹൃദയഭൂമിയായ ചേര്‍ത്തലയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍ ഡി എ സ്ഥാനാര്‍ഥിയായപ്പോള്‍ യു ഡി എഫില്‍ കാര്യമായ വോട്ട് ചോര്‍ച്ചയുണ്ടായി. അരൂരിലാകട്ടെ, എസ് എന്‍ ട്രസ്റ്റ് മെമ്പര്‍ കൂടിയായ യു ഡി എഫിലെ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിന്റെ പകുതി പോലും വോട്ട് സ്വന്തം പെട്ടിയിലാക്കാനായില്ല. അതേസമയം, ചില മണ്ഡലങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് മറിച്ചുകൊടുത്ത സംഭവവുമുണ്ടായിട്ടുണ്ട്. ഹരിപ്പാട് ബി ജെ പി സ്ഥാനാര്‍ഥിക്ക് ജില്ലയിലെ ഏറ്റവും കുറഞ്ഞ വോട്ടാണ് ലഭിച്ചത്. ബി ഡി ജെ എസ് ഇവിടെ വോട്ട് മറിക്കാനുള്ള സാധ്യത നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ മലമ്പുഴയില്‍ വി എസിനെ തോല്‍പ്പിക്കുമെന്നും അല്ലാത്ത പക്ഷം ഭൂരിപക്ഷം കുറക്കുമെന്നുമെല്ലാമുള്ള വെള്ളാപ്പളളിയുടെ വെല്ലുവിളി പ്രബുദ്ധ കേരളം തള്ളി. വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെയും എം എം മണി ഉള്‍പ്പെടെ സി പി എമ്മിലെയും പലരെയും തോല്‍പ്പിക്കുമെന്ന പ്രഖ്യാപനവും സ്വന്തം സമുദായം തന്നെ തള്ളിക്കളഞ്ഞു. മുമ്പ് വി എം സുധീരനെയും പി സി വിഷ്ണുനാഥിനെയുമൊക്കെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തപ്പോഴും സ്ഥിതി ഇതുതന്നെയായിരുന്നു. ഭരണത്തിലെത്തുന്നവരെയും പ്രതിപക്ഷത്തുള്ളവരെയും ഒരേ പോലെ സ്വന്തം താത്പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിപ്പോന്ന വെള്ളാപ്പള്ളിക്ക് പക്ഷേ, ഇനിയുള്ള അഞ്ച് വര്‍ഷം അത്ര സുഗമമായിരിക്കില്ല. കോടിക്കണക്കിന് രൂപയുടെ മൈക്രോഫിനാന്‍സ് തട്ടിപ്പടക്കം നിരവധി കേസുകളില്‍ പെട്ട് നട്ടം തിരിയുന്ന വെള്ളാപ്പള്ളിയോട് തിരഞ്ഞെടുപ്പിന്റെ തിരുമുറ്റത്ത് പോലും ദാക്ഷിണ്യം കാട്ടാതിരുന്ന ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി പി എമ്മിന് സ്വന്തം അണികളെ വെള്ളാപ്പള്ളിക്ക് കൊത്തിപ്പറിക്കാന്‍ വിട്ടുകൊടുക്കാതിരിക്കേണ്ട ബാധ്യതയുണ്ട്. പാര്‍ട്ടിയുടെ പ്രധാന വോട്ട് ബേങ്കായ ഈഴവസമുദായം തങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകണമെങ്കില്‍ വെള്ളാപ്പള്ളിയുടെ വര്‍ഗീയ അജന്‍ഡ തുറന്നുകാട്ടുകയും തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരികയും വേണം. വി എസ് ഉയര്‍ത്തിയ നിരവധി ആരോപണങ്ങളുടെ മുള്‍മുന വെള്ളാപ്പള്ളിക്ക് നേരെ നീണ്ടുനില്‍ക്കുന്നുണ്ട്. ഇതെല്ലാം കാലവിളംബം കൂടാതെ അന്വേഷിച്ചു സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നാല്‍ തന്നെ, വെള്ളാപ്പള്ളിയുടെ വര്‍ഗീയ അജന്‍ഡകള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല.
ബി ഡി ജെ എസിന് ഒരേ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളാപ്പള്ളി നടേശനും മകനും ആശ്രിതര്‍ക്കും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് എന്തെങ്കിലുമൊക്കെ ആനുകൂല്യങ്ങള്‍ ലഭിക്കണം. അത് മന്ത്രിപദവിയോ ഗവര്‍ണര്‍ പദവിയോ അതുമല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പദവിയോ ആകാം. ഇതിനും പുറമേ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കില്‍ അതും കൈനനയാതെ ഉറപ്പാക്കുക. ഇതില്‍ കവിഞ്ഞ് സമുദായ ഉന്നമനമോ യോഗാംഗങ്ങളുടെ ഉയര്‍ച്ചയോ വെള്ളാപ്പള്ളിയും കുടുംബവും ആഗ്രഹിക്കുന്നില്ലെന്ന് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. സവര്‍ണ മേധാവിത്വത്തിനും സമൂഹതിന്മകള്‍ക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതിയ മുഖം നല്‍കിയ സന്യാസിയും സാമൂഹിക പരിഷ്‌കര്‍ത്താവും നവോഥാന നായകനും ആയിരുന്ന ശ്രീനാരായണഗുരു സ്ഥാപിച്ച എസ് എന്‍ ഡി പി യോഗത്തിന്റെ ലക്ഷ്യവും മാര്‍ഗവും പൂര്‍ണമായി തള്ളി സ്വന്തം താത്പര്യങ്ങള്‍ക്കും കാര്യസാധ്യത്തിനുമായി ഉപയോഗപ്പെടുത്തുന്ന വെള്ളാപ്പള്ളിയെ കേരളീയ സമൂഹം തിരിച്ചറിയുക തന്നെ ചെയ്യും. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ ഇതായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശനവും ജീവിതലക്ഷ്യവും. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഗുരുവിന്റെ ഈ ആശയങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തി അദ്ദേഹത്തിന്റെ സമുദായത്തെ വര്‍ഗീയ ഫാസിസ്റ്റുകളുടെ കൂടാരത്തില്‍ എത്തിക്കാനുള്ള ശ്രമം ആദ്യ അവസരത്തില്‍ തന്നെ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ബി ഡി ജെ എസിനകത്ത് നിന്ന് തന്നെ പുതുബാന്ധവത്തെനെതിരായ സ്വരമുയരും.