ആവശ്യം വര്‍ധിക്കുന്നു: സംസം ഇനി പകുതിയേ ലഭിക്കൂ

Posted on: May 24, 2016 4:06 pm | Last updated: May 24, 2016 at 4:06 pm
SHARE

zam zamമക്ക: സംസം വെള്ളത്തിന് ഇരു ഹറമുകളിലെക്കുമുള്ള ആവശ്യങ്ങള്‍ വരും നാളുകളില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന സംസം ബോട്ടിലുകള്‍ ഇനി പകുതിയേ ലഭിക്കുകയുള്ളൂവെന്ന് കിംഗ് അബ്ദുള്ള സംസം വാട്ടര്‍ പ്രോജക്ട് മാനേജ്‌മെന്റ് അറിയിച്ചു. നിലവില്‍ കുടുംബങ്ങള്‍ക്ക് പത്ത് ലിറ്ററിന്റെ 20 ബോട്ടിലുകളും വ്യക്തികള്‍ക്ക് പത്ത് ലിറ്ററിന്റെ 4 ബോട്ടിലുകളുമാണ് ലഭിച്ചു കൊണ്ടിരുന്നത്. അത് കുടുംബങ്ങള്‍ക്ക് പത്ത് ലിറ്ററിന്റെ 10 ബോട്ടിലുകളും വ്യക്തികള്‍ക്ക് പത്ത് ലിറ്ററിന്റെ 2 ബോട്ടിലുകളുമാണ് ലഭിക്കുക.

മക്കയിലെ കുദായില്‍ സ്ഥിതിചെയ്യുന്ന കിംഗ് അബ്ദുള്ള സംസം ഫാക്ടറിയില്‍ സംസം വെള്ളത്തിന്റെ ശേഖരണവും വിതരണവും നടത്തുന്നത് നാഷണല്‍ വാട്ടര്‍ കമ്പനിയാണ്, വ്യക്തികള്‍ക്ക് നാലിന് പകരം രണ്ടു ബോട്ടിലുകളും കുടുംബങ്ങള്‍ക്ക് 20 നുപകരം 10 ബോട്ടിലുകളും പതിനഞ്ച് ദിവസത്തെ ഇടവേളയില്‍ നല്‍കുവാന്‍ നാഷണല്‍ വാട്ടര്‍ കമ്പനിയോട് കിംഗ് അബ്ദുള്ള സംസം വാട്ടര്‍ പ്രോജക്റ്റ് മാനേജ്‌മെന്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു.

സംസം വിതരണം ലളിതമാക്കുന്നതിന് വേണ്ടി എക്‌സ്പ്രസ് ഹവേയില്‍ സംസം വില്‍പന കേന്ദ്രം തുറക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പടിപടിയായി തിരക്ക് കുറഞ്ഞുവരികയാണെന്നും അതിന് പുറമേ എയര്‍പ്പോര്‍ട്ടിലും തീര്‍ഥാടകര്‍ക്ക് അവരുടെ വാഹനങ്ങളിലും സംസം എത്തിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും അതിനാല്‍ എക്‌സ്പ്രസ് ഹവേയില്‍ സംസം വില്‍പന കേന്ദ്രം തുറക്കുന്ന ആവശ്യം ഇപ്പോള്‍ ഇല്ലെന്നും കിംഗ് അബ്ദുള്ള സംസം വാട്ടര്‍ പ്രോജക്റ്റ് ഡയറക്റ്റര്‍ എഞ്ചിനീയര്‍ സഈദ് അല്‍ വദാഈ പറഞ്ഞു