നീറ്റ് ഈ വര്‍ഷമില്ല; ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം

Posted on: May 24, 2016 10:53 am | Last updated: May 24, 2016 at 9:11 pm

pranab-mukherjee1ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ ഏകീകൃത പ്രവേശന പരീക്ഷയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇളവ് അനുവദിച്ചുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അംഗീകാരം നല്‍കി. ചൊവ്വാഴ്ച രാവിലെയാണ് ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചത്. ഇതോടെ മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ നിന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് ഇളവ് ലഭിക്കും. ഓര്‍ഡിനനന്‍സ് സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഇന്നലെ രാഷ്ട്രപതി കേന്ദ്ര ആരോഗ്യ മനത്രി ജെ പി നദ്ദയോട് ആവശ്യപ്പെട്ടിരുന്നു.

ഈ വരഷം മുതല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ നിര്‍ബന്ധമാണെന്ന സുപ്രീം കോടതി ഉത്തരവിനെ ഭാഗീകമായി മറികടക്കുന്നതാണ് ഓര്‍ഡിനന്‍സ്. വെള്ളിയാഴ്ചയാണ് നീറ്റ് ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ശനിയാഴ്ച ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു. രാഷ്ട്രപതി ചൊവ്വാഴ്ച ചൈനാ സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായാണ് ഓര്‍ഡിനന്‍സിന് വേഗം അംഗീകാരം നല്‍കിയത്.

അതേസമയം, സര്‍ക്കാര്‍ കോളേജുകള്‍ക്കും സ്വകാര്യ കോളേജുകളിലെ മെറിറ്റ് സീറ്റിലേക്കുമുള്ള പ്രവേശനത്തിനാണ് നീറ്റ് ഒാർഡിനൻസ് ബാധകമാകുന്നത്. മാനേജ്മെൻറ് ക്വാട്ടയിലെ പ്രവേശനം നീറ്റ് വഴി തന്നെയാകും.കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളും കല്‍പിത സര്‍വ്വകലാശാലകളും സ്വകാര്യ മെഡിക്കല്‍ കോളേജുകളും നീറ്റ് വഴി തന്നെ പ്രവേശനം നടത്തണം.