വിപ്ലവത്തിന്റെ ഊര്‍ജവുമായി ഇ പി ജയരാജന്‍

Posted on: May 23, 2016 12:37 pm | Last updated: May 23, 2016 at 12:37 pm

e p jayarajanകണ്ണൂര്‍: സി പി എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ പി ജയരാജന്റെ മന്ത്രിസ്ഥാനത്തിന് പോരാട്ടത്തിന്റെ വീര്യമുണ്ട്. സി പി എമ്മിലെ അനുഭവസമ്പത്തുള്ള പോരാളിയായ ജയരാജന്‍ തീക്ഷ്ണമായ രാഷ്ട്രീയ അനുഭവങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ പൊതുപ്രവര്‍ത്തകനാണ്. ഈ പാരമ്പര്യം തന്നെയാണ് ഇ പിയെന്ന പോരാളിയെ ജനകീയനാക്കുന്നത്.

കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറല്‍ മാനേജര്‍, വ്യാപാരി വ്യവസായി സമിതി സംസ്ഥാന രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഡി വൈ എഫ് ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. എസ് എഫ് ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ദീര്‍ഘകാലം സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.
മട്ടന്നൂരില്‍ ഇത് രണ്ടാം തവണയാണ് ജനവിധി തേടി എം എല്‍ എ ആകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷവുമായി നിയമസഭയില്‍. ഇക്കുറി ജില്ലയില്‍ ഒന്നാമനായി. 1991ല്‍ അഴീക്കോട് നിന്ന് ആദ്യമായി നിയമസഭയിലെത്തി. മികച്ച നിയമസഭാ സാമാജികനായി ചുരുങ്ങിയ കാലത്തിനകം ശ്രദ്ധ പിടിച്ചു പറ്റിയ ഇ പിയാണ് എക്‌സൈസ് മന്ത്രിയായിരുന്ന രഘുചന്ദ്രബാലിന്റെ അഴിമതി നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. 1987–ല്‍ എം വി രാഘവനോട് മത്സരിച്ച് പരാജയപ്പെട്ടു.
ചണ്ഡിഗഢില്‍ 15ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് മടങ്ങവെ തീവണ്ടിയില്‍ വാടകക്കൊലയാളികളുടെ വെടിയേറ്റു. 1995 ഏപ്രില്‍ 12ന് ആന്ധ്രയിലെ ചിരാല റെയില്‍വേ സ്‌റ്റേഷന് സമീപമുണ്ടായ അക്രമത്തില്‍ കഴുത്തില്‍ തറച്ച വെടിയുണ്ടകള്‍ സമ്മാനിച്ച അസ്വസ്ഥതകളുമായാണ് ഇപ്പോഴും ഇ പി യുടെ ജീവിതം. കരുത്തുറ്റ സംഘാടകനായ ഇ പി പ്രതിസന്ധി ഘട്ടങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയെ നയിച്ചു. പാപ്പിനിശേരിക്കടുത്ത് കീച്ചേരി സ്വദേശിയാണ്. കണ്ണൂര്‍ ജില്ലാ സഹകരണ ബേങ്ക് മാങ്ങാട്ടുപറമ്പ് ബ്രാഞ്ച് സീനിയര്‍ മാനേജര്‍ ഇന്ദിരയാണ് ഭാര്യ. മക്കള്‍: ജെയ്‌സണ്‍, ജിജിന്ത് രാജ്.