ഐസക് വരും ധനവകുപ്പ് ധന്യമാകും

Posted on: May 23, 2016 11:45 am | Last updated: May 23, 2016 at 11:45 am

thomas issacആലപ്പുഴ: 2006ല്‍ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഡോ തോമസ് ഐസക്ക് മികച്ച ധനകാര്യമന്ത്രിയായി പേരെടുത്തയാളാണ്. അദ്ദേഹം ധനവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ഒരിക്കല്‍ പോലും ട്രഷറി അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടായിട്ടില്ല. പിണറായി മന്ത്രിസഭയിലും ധനവകുപ്പ് തന്നെയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

1971ല്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിട്ടാണ് തോമസ് ഐസക് തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കയര്‍ സെന്ററിന്റെ (സി ഐ ടി യു) സംസ്ഥാന പ്രസിഡന്റാണ്.1991 മുതല്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗവും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവുമാണ്.
2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മാരാരിക്കുളം മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം 2011ലെ തിരഞ്ഞെടുപ്പില്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ മാരാരിക്കുളം ഇല്ലാതായതോടെ ആലപ്പുഴയുടെ പ്രതിനിധിയായി.

കോണ്‍ഗ്രസിലെ അഡ്വ പി ജെ മാത്യുവിനെ 16342 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ തോമസ് ഐസക്ക് ഇത്തവണ കെ പി സി സി വൈസ് പ്രസിഡന്റ് അഡ്വ. ലാലിവിന്‍സന്റിനെതിരെ മികച്ച വിജയം നേടിയാണ് നിയമസഭയിലെത്തുന്നത്. 31032 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഇത്തവണ വിജയിച്ചത്.
സമൂഹിക മാധ്യമങ്ങളിലൂടെ ഒട്ടേറെയാളുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ വ്യക്തി കൂടിയാണ് ഡോ. തോമസ് ഐസക്ക്.

അമ്പലപ്പുഴ സ്വദേശി ടി പി മാത്യുവിന്റെയും കൊടുങ്ങല്ലൂര്‍ സ്വദേശിനി സാറാമ്മ മാത്യുവിന്റെയും മകനായി കൊടുങ്ങല്ലൂരിനടുത്തുള്ള കോട്ടപ്പുറത്ത് 1952 സെപ്തംബര്‍ 26നു ജനിച്ചു. ഭാര്യ അമേരിക്കയില്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ നദാദുവ്വരി ആന്ധ്രാപ്രദേശ് സ്വദേശിനിയാണ്. മക്കള്‍: ഡാറ, ഡോറ.’കയര്‍ത്തൊഴില്‍ മേഖലയിലെ വര്‍ഗ്ഗസമരവും വ്യവസായ ബന്ധവും’ എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.

2001 മുതല്‍ 2006 വരെ സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗമായിട്ട് പ്രവര്‍ത്തിച്ചിരുന്നു. പ്രതിപക്ഷ എം എല്‍ എ ആയിരിക്കെ ആലപ്പുഴയില്‍ അദ്ദേഹം മുന്‍കൈയെടുത്തു നടപ്പാക്കിയ നിര്‍മല നഗരം, നിര്‍മലഭവനം ഉറവിട മാലിന്യസംസ്‌കരണ പദ്ധതി ഏറെ ശ്രദ്ധയാകര്‍ഷിക്കുകയും സി പി എം സംസ്ഥാന കമ്മിറ്റി പദ്ധതി ഏറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.തിരുവനന്തപുരം കോര്‍പറേഷനിലടക്കം നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ ഇത് വിജയകരമായി നടപ്പാക്കി വരുന്നു. വ്യത്യസ്ത മേഖലകളിലായി ഇംഗ്ലീഷിലും മലയാളത്തിലുമായി അമ്പതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം സമൂഹ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്നു.