Connect with us

National

ഇന്ത്യയുടെ തദ്ദേശീയ സ്‌പേസ് ഷട്ടില്‍ വിക്ഷേപണം വിജയമെന്ന് ഐ.എസ്.ആര്‍.ഒ

Published

|

Last Updated

ശ്രീഹരിക്കോട്ട: ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പുനരുപയോഗിക്കാവുന്ന തദ്ദേശീയ സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണ വിക്ഷേപണം വിജയമെന്ന് ഐഎസ്ആര്‍ഒ. ഇന്നു രാവിലെ ഏഴുമണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് റീയൂസബ്ള്‍ ലോഞ്ച് വെഹിക്കിള്‍ ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ (ആര്‍.എല്‍.വി ടി.ഡി) വിക്ഷേപിച്ചത്. ഉപഗ്രഹത്തെ ഭ്രമണ പഥത്തില്‍ എത്തിച്ച ശേഷം റോക്കറ്റ് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറങ്ങുന്നതാണ് റീയൂസബ്ള്‍ ലോഞ്ച് വെഹിക്കിളിന്റെ പ്രത്യേകത.

ഇതിന് മുന്നോടിയായി കൗണ്ട് ഡൗണ്‍ ശനിയാഴ്ച രാത്രി 12 മണിക്ക് ആരംഭിച്ചിരുന്നു. വിക്ഷേപണത്തിന് 20 മിനിറ്റിന് ശേഷം സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണം വിജയകരമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.


ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ചശേഷം തിരിച്ചി അന്തരീക്ഷത്തില്‍ പ്രവേശിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ആര്‍എല്‍വി(റീ യുസബിള്‍ ലോഞ്ച് വെഹിക്കിള്‍) നിര്‍മിച്ചിരിക്കുന്നത്. ഖര ഇന്ധനം ഉപയോഗിക്കുന്ന ഒന്‍പത് ടണ്‍ ഭാരമുളള ബൂസ്റ്റര്‍ റോക്കറ്റിന്റെ അഗ്രത്ത് കുത്തനെയാണ് ഷട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത്.

6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമുള്ള ചെറുമാതൃകയാണ് പരീക്ഷണാര്‍ഥം വിക്ഷേപിച്ചത്. മറ്റു റോക്കറ്റുകളില്‍നിന്ന് വ്യത്യസ്തമായി ചിറകുള്ള രൂപഘടനയാണ് ഇതിന്. ആദ്യമായാണ് വിമാനത്തിന്റെ മാതൃകയില്‍ ഒരു സ്‌പേസ് ഷട്ടില്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്. 2030നുള്ളില്‍ പൂര്‍ണസജ്ജമായ വിക്ഷേപണ വാഹനം നിര്‍മിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ നിലയത്തിലാണ് ആര്‍.എല്‍.വിയുടെ ഭൂരിഭാഗവും നിര്‍മിച്ചത്.


ബഹിരാകാശത്തേക്ക് കുത്തനെയുളള പ്രയാണത്തില്‍ 70 കിലോമീറ്റര്‍ ഉയരത്തില്‍ ചെന്നതിനുശേഷം തിരികെ ഭൂമിയിലേക്ക് എത്തും.ബംഗാള്‍ ഉള്‍ക്കടലിലാണ് ഇത് പതിക്കുക. ഇതിന് ഏകദേശം 20മിനിറ്റ് സമയം എടുക്കുമെന്നാണ് കരുതുന്നത്. പരീക്ഷണം വിജയിച്ചാല്‍ തന്നെ യഥാര്‍ത്ഥമായതിന്റെ വളരെ ചെറിയൊരു പടിയാണ് കയറുന്നതെന്നും അന്തിമ സ്‌പേസ് ഷട്ടില്‍ സജ്ജമാകാന്‍ 15 വര്‍ഷം എടുക്കുമെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.

Latest