അത്യാഹ്ലാദത്തില്‍ ഇടതും ആവേശം ചോരാതെ ലീഗും

Posted on: May 20, 2016 7:32 pm | Last updated: May 20, 2016 at 7:32 pm
സംസ്‌കൃതി പ്രവര്‍ത്തകര്‍ ഇടതുജയം ആഘോഷിക്കുന്നു.
സംസ്‌കൃതി പ്രവര്‍ത്തകര്‍ ഇടതുജയം ആഘോഷിക്കുന്നു.

ദോഹ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിവിന്റെ പകലില്‍ ആവേശം ചോരാതെ പ്രവാസികളും. കേരളം ആരു ഭരിക്കുമെന്നറിയാനും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ ജയിക്കുന്നതറിയാനും രാഷ്ട്രീയാഭിമുഖ്യത്തിന്റെ മനസ്സോടെ തന്നെ പ്രവാസികള്‍ ഖത്വറിലെ ‘അതിരാവിലെ’ തന്നെ ടെലിവിഷനുകള്‍ക്കു മുന്നില്‍ കാത്തിരുന്നു. ഫലത്തിന്റെ ലീഡുവേളകളില്‍ ആഹഌദവും നിരാശയും പങ്കുവെച്ചും വിശകലനങ്ങള്‍ നടത്തിയും രാഷ്ട്രീയ ദിശനിശ്ചയിക്കലിന്റെ ആവേശത്തില്‍ പങ്കു ചേര്‍ന്നു.

പാറക്കല്‍ അബ്ദുല്ലയുടെ ജയം ആഘോഷിക്കുന്ന കെ എം സി സി പ്രവര്‍ത്തകര്‍
പാറക്കല്‍ അബ്ദുല്ലയുടെ ജയം ആഘോഷിക്കുന്ന കെ എം സി സി പ്രവര്‍ത്തകര്‍

ആസ്ഥാനത്ത് ഒത്തു ചേര്‍ന്നാണ് കെ എം സി സി പ്രവര്‍ത്തകര്‍ ഫലമറിയാനിരുന്നത് കോണ്‍ഗ്രസ്, സി പി എം പ്രവര്‍ത്തകര്‍ നേതാക്കളുടെ വീടുകളിലെ കൂടിയിരുന്ന് ഫലമറിഞ്ഞു. പ്രവാസികള്‍ വീടുകളും ഓഫീസുകളിലും ടെലിവിഷനിലും ഓണ്‍ലൈനിലും മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും തിരഞ്ഞെടുപ്പു ഫലത്തിന്റെ തത്സമയ അപ്‌ഡേഷനുകള്‍ക്കായി ജിജ്ഞാസ പൂണ്ടു. തപാല്‍ വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ ഇടതുകേന്ദ്രങ്ങളില്‍ ആവേശമായിരുന്നു. വോട്ടെണ്ണല്‍ ആദ്യ റൗണ്ടുകളിലേക്കു പ്രവേശിച്ചപ്പോള്‍ ഇടതു മുന്നണിക്ക് വ്യക്തമായ ലീഡ് ലഭിക്കുന്നത് മനസ്സിലാക്കിയ ഇടതുപക്ഷ പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലായി.
അതേസമയം ഭരണം ഇടത്തോട്ടു ചാഞ്ഞപ്പോഴും കാര്യമായ സീറ്റു നഷ്ടം വരാതെ പിടിച്ചു നിന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകരും ആഹ്ലാദം പങ്കുവെച്ചു. ആദ്യ റൗണ്ടുകളില്‍ പല ലീഗ് മണ്ഡലങ്ങളിലും ലീഡുകള്‍ മാറിമറിയുകയും ചെറിയ ലീഡുകളില്‍ തുടര്‍ന്നതും ലീഗ് ക്യാംപില്‍ നിരാശ പടര്‍ത്തിയെങ്കിലും അവസാന റൗണ്ടുകളിലേക്കു വന്നപ്പോള്‍ പ്രത്യേക ശ്രദ്ധ ലഭിച്ചിരുന്ന അഴീക്കോട്, മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ ജയിച്ചത് ലീഗ് പ്രവര്‍ത്തകരില്‍ ആരവമുയര്‍ത്തി.
ലീഗിന്റെ സിറ്റിംഗ് സീറ്റുകളില്‍ ചിലത് നഷ്ടപ്പെട്ടതു നിരാശ പടര്‍ത്തിയെങ്കിലും ഖത്വറിലെ ലീഗ് പ്രവര്‍ത്തകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചത് കുറ്റിയാടിയിലെ വൈകി വന്ന ഫലമായിരുന്നു. ഖത്വര്‍ കെ എം സി സി നേതാവുകൂടിയായിരുന്ന പാറക്കല്‍ അബ്ദുല്ല വിജയിച്ചതായുള്ള അറിയിപ്പു വന്നതോടെ ആവേശം മാനം മുട്ടി. പാറക്കലിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് ആഹ്ലാദം പങ്കുവെച്ചു.
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആശ്വസിക്കാന്‍ തക്ക ഫലമായിരുന്നില്ല തിരഞ്ഞെടുപ്പു നല്‍കിയത്.