Connect with us

Gulf

രാജ്യത്ത് അടുത്ത വര്‍ഷങ്ങളില്‍ കമ്മി ബജറ്റുണ്ടാകില്ലെന്ന് വിദഗ്ധര്‍

Published

|

Last Updated

ദോഹ: രാജ്യത്ത് വരും വര്‍ഷങ്ങളില്‍ മിച്ച ബജറ്റ് അവതരിപ്പിക്കുന്നതിന് സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അടുത്ത വര്‍ഷത്തോടെ രാജ്യം സാമ്പത്തിക പുരോഗതി പ്രാപിക്കുമെന്നും എണ്ണവില വര്‍ധനയുള്‍പ്പെടെയുള്ള സാഹചര്യങ്ങളാണ് സാമ്പത്തികരംഗത്ത് നേട്ടമുണ്ടാക്കുകയെന്നും ബി എം ഐ റിസര്‍ച്ച് എമര്‍ജിംഗ് മാര്‍ക്കറ്റ് മാര്‍ക്കറ്റസ് അനാലിസിസ്റ്റ് ഒലിവര്‍ നജാര്‍ അഭിപ്രായപ്പെട്ടു. കമ്മി ബജറ്റ് എന്ന പ്രതിഭാസം ഒരു വര്‍ഷത്തേക്കു മാത്രമുള്ളതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അടുത്ത വര്‍ഷത്തോടെ രാജ്യം സാമ്പത്തിക നേട്ടത്തിലേക്കു മാറും.
അതേസമയം സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് രാജ്യത്ത് സഊദി അറേബ്യയിലേതു പോലെ എണ്ണവിലയില്‍ വലിയ വര്‍ധന വരുത്തേണ്ടി വരില്ല. ഹൈഡ്രോ കാര്‍ബണ്‍ വില ക്രമേണ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക പൊതുസ്ഥിതിയും മെച്ചപ്പെടും. അതിനുവേണ്ടി രാജ്യത്ത് കഠിനമായ നിലപാട് സ്വീകരിക്കാതെ തന്നെ നേട്ടം കൈവരിക്കാന്‍ സാധിക്കും. ഗള്‍ഫ് ടൈംസുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷത്തെ ബജറ്റ്കമ്മി ആഭ്യന്തരവും അന്തര്‍ദേശീയവുമായ ഇടപാടുകളിലൂടെയും നാണയ ശേഖരങ്ങളിലൂടെയും മറികടക്കാനാകും. ബജറ്റ് കമ്മി രാജ്യത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. 2022ല്‍ നടക്കാന്‍ പോകുന്ന ലോകകപ്പിനു വേണ്ടിയുള്ള പദ്ധതികളെ ഏതെങ്കിലും രീതിയില്‍ സാമ്പത്തിക പ്രതിസന്ധി ബാധിക്കുന്നുമില്ല.
ലോകകപ്പിനു വേണ്ടിയുള്ള സൗകര്യങ്ങളൊരുക്കുന്നതിന് ഖത്വര്‍ ഗവണ്‍മെന്റ് വരും ദിവസങ്ങളിലും ചെലവു ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഒരു പതിറ്റാണ്ടിലധികം കാലത്തെ സാമ്പത്തിക ചരിത്രത്തില്‍ ആദ്യമായാണ് ഈ വര്‍ഷം കമ്മി ബജറ്റ് അവതരിപ്പിച്ചത്. ഇതു രാജ്യത്തിന്റെ കരുതല്‍ ധനത്തെ ബാധിച്ചിട്ടില്ല. അടുത്ത വര്‍ഷം മുതല്‍ ഗുണപരമായ മാറ്റം ഈ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് സ്ഥിരതയുള്ളതും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലയില്‍ കൂടുതല്‍ ചെലവു ചെയ്യാന്‍ ഉദ്ദേശിക്കുന്നതുമാണെന്ന് നേരത്തേ ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദി അറിയിച്ചിരുന്നു.