സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു; തൃശ്ശൂരില്‍ നാളെ ഹര്‍ത്താല്‍

Posted on: May 20, 2016 3:13 pm | Last updated: May 21, 2016 at 9:47 am

തൃശൂര്‍: കയ്പമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായ സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. എടവിലങ്ങ് സ്വദേശി പ്രമോദ്(33) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി നാളെ തൃശൂരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കയ്പമംഗലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഇ.ടി.ടൈസനാണ് ജയിച്ചത്. ഇതിന്റെ ആഹ്‌ളാദ പ്രകടനത്തിനിടെ ടിപ്പര്‍ ലോറിയില്‍ എത്തിയ ചിലര്‍ പ്രമോദ് ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ഇഷ്ടിക കൊണ്ട് തലയ്ക്ക് ഗുരുതരമായി അടിയേറ്റ പ്രമോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അതിനിടെ, കോഴിക്കോട് കുറ്റിയാടി നെട്ടൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്. വീട്ടില്‍ കയറിയാണ് ആക്രമണം. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.