താനൂരില്‍ ഹരിതകോട്ടയിളകി തകര്‍ന്നത് ആറു പതിറ്റാണ്ടിന്റെ മുതല്‍ക്കൂട്ട്

Posted on: May 20, 2016 9:35 am | Last updated: May 20, 2016 at 9:36 am

v abdurahmanതാനൂര്‍:ആറ് പതിറ്റാണ്ടായി മുസ്‌ലിംലീഗ് കൈവശം വെച്ചുകൊണ്ടിരുന്ന താനൂര്‍ കോട്ട തകര്‍ന്ന് തരിപ്പണമായി. 1957ല്‍ സി എച്ച് മുഹമ്മദ് കോയയിലൂടെ സ്വന്തം തട്ടകമാക്കി വെച്ചിരുന്ന മണ്ഡലത്തിന്റെ ചരിത്രം ഇടത് സ്വതന്ത്രന്‍ വി അബ്ദുര്‍റഹ്മാന്‍ തിരുത്തിക്കുറിച്ചു. പരാജയപ്പെടുത്താന്‍ ഒരിക്കലും സാധ്യമല്ലെന്ന് മുസ്‌ലിംലീഗ് കരുതിയിരുന്ന താനൂരില്‍ സിറ്റിംഗ് എം എല്‍ എ രണ്ടത്താണിക്ക് വന്‍ തിരിച്ചടിയാണ് അബ്ദുര്‍റഹ്മാനിലൂടെ ഇടതുപക്ഷം നല്‍കിയത്.

പ്രചരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പതിനയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ലീഗ്. വി അബ്ദുര്‍റഹിമാനാകട്ടെ ഒരു വോട്ടിന്റെ ഭൂരിപക്ഷമാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഫലം പുറത്തു വന്നപ്പോള്‍ ലീഗിന്റെ സ്ഥിരം തട്ടകവും കഴിഞ്ഞനിയമസഭാ-ലോക് സഭാ മത്സരങ്ങളിലൊക്കെയും പതിനായിരത്തിനും ഏഴായിരത്തിനും ലീഡ് ഉണ്ടായിരുന്ന താനൂര്‍ നഗരസഭയില്‍ ഈ തിരഞ്ഞെടുപ്പില്‍ കേവലം ആയിരം വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. രണ്ടത്താണിക്ക് കഴിഞ്ഞ നിയമ സഭയില്‍ ആകെ കിട്ടിയ വോട്ടുകള്‍ 51549 ആയിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ 8005 വോട്ടുകള്‍ മാത്രമാണ് കൂടിയത്.

എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ ഇ.ജയന്‍ 2011ല്‍ നേടിയ വോട്ട് 42116 ആയിരുന്നെങ്കില്‍ ഈ തിരഞ്ഞടുപ്പില്‍ വി അബ്ദുറഹിമാന്‍ 22,356 വോട്ടുകള്‍ കൂടുതല്‍ നേടിയിട്ടുണ്ട്. ഇരുപതിനായിരത്തിലധികം മുള്ള സുന്നി വോട്ടുകള്‍ ഇടത് സ്ഥാനാര്‍ഥിക്ക് മികച്ച വിജയം നേടിക്കൊടുക്കുന്നതില്‍ തുണച്ചിട്ടുണ്ട്. അഞ്ച് അപരന്‍മാരും എസ് ഡി പി ഐയും, ബി ജെ പിയും ആര്‍ എം പി യും തൃണമൂല്‍ കോണ്‍ഗ്രസും വെല്‍ഫയര്‍ പാര്‍ട്ടിയും മത്സര രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗും കോണ്‍ഗ്രസും തനിച്ച് മല്‍സരിച്ചത് കാരണം പല വാര്‍ഡുകളും കോണ്‍ഗ്രസിനു നഷ്ടപ്പെട്ടിരുന്നു.ഇതു ഇരു മുന്നണികളിലുമുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മക്ക് കാരണമായിരുന്നു. ഇതും അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. വി അബ്ദുര്‍റഹിമാന്റെ ആഹ്ലാദ പ്രകടനങ്ങള്‍ താനൂരിനെ ചുവപ്പിച്ചു.
വി അബ്ദുറഹിമാന്റെ വിജയം പ്രഖ്യാപിച്ച ഉടനെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടു കൂടി സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുവാന്‍ തുറന്ന വാഹനത്തില്‍ തീരദേശത്തും മറ്റു ഭാഗങ്ങളിലും എത്തി.