വടക്കാഞ്ചേരിയില്‍ അനില്‍ അക്കര 43 വോട്ടുകള്‍ക്ക് വിജയിച്ചു

Posted on: May 19, 2016 8:25 pm | Last updated: May 19, 2016 at 8:31 pm

anil akkaraവടക്കാഞ്ചേരി: അനിശ്ചിതത്വങ്ങള്‍ അവസാനിച്ചപ്പോള്‍ തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി. 43 വോട്ടുകള്‍ക്കാണ് അനില്‍ വിജയം സ്വന്തമാക്കിയത്. ജില്ലയിലെ ബാക്കി 12 മണ്ഡലങ്ങളിലും യുഡിഎഫ് നേരത്തെ പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് അനില്‍ അക്കരയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഒരു ബൂത്തിലെ വോട്ടിങ് മെഷീന്‍ കേടായതോടെ ഉച്ചയ്ക്ക് ഈ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു. അപ്പോള്‍ അനില്‍ മൂന്ന് വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയായിരുന്നു. പിന്നീട് തൊള്ളായിരത്തോളം വോട്ടുകളാണ് എണ്ണാന്‍ ശേഷിച്ചിരുന്നത്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അനില്‍ അക്കരയ്ക്ക് 65,535 വോട്ടും എല്‍ഡിഎഫിലെ മേരി തോമസിന് 65, 492 വോട്ടുമാണ് ലഭിച്ചത്. ബിജെപി 26,652 വോട്ടുകള്‍ സ്വന്തമാക്കി.

കഴിഞ്ഞ തവണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമായിരുന്നു വടക്കാഞ്ചേരി. ഇത്തവണ സിനിമാതാരം കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പിന്നീട് താരത്തിന്റെ പിന്‍മാറ്റവും കാരണം ജനശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നായിരുന്നു വടക്കാഞ്ചേരി.