രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് പൂഞ്ഞാറില്‍ പിസി ജോര്‍ജിന്റെ മിന്നുന്ന ജയം

Posted on: May 19, 2016 2:17 pm | Last updated: May 20, 2016 at 1:57 pm

george...കോട്ടയം: സ്വതന്ത്രനായി മല്‍സരിച്ച് മികച്ച വിജയം നേടി പിസി ജോര്‍ജ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. യുഡിഎഫ് വിട്ട ശേഷം ഇടത് മുന്നണി സീറ്റ് നിഷേധിച്ചതോടെയാണ് പിസി ജോര്‍ജ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. ശക്തമായ ചതുഷ്‌കോണ മത്സരത്തില്‍ മൂന്ന് മുന്നണികളേയും പരാജയപ്പെടുത്തിയാണ് പിസി ജോര്‍ജ് ജയിച്ച് കയറിയത്. 27821 വോട്ടിനാണ് പിസി ജോര്‍ജ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജയിച്ചുകയറിയത്.

ഏഴാം തവണയാണ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് പിസി ജോര്‍ജ് വിജയിക്കുന്നത്. 1980, 82, 96, 2001, 2006, 2011 വര്‍ഷങ്ങളില്‍ ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിക്കെതിരെ പരസ്യമായി പ്രതികരിച്ചാണ് മുന്നണിയില്‍ നിന്ന് പുറത്തേക്ക് പോയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായി ശക്തമായി പ്രചരണം നടത്തിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോര്‍ജിന് ഇടതുപക്ഷം സീറ്റ് നിഷേധിക്കുകയായിരുന്നു.

അഴിമതിക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടും വോട്ടര്‍മാരുമായുള്ള അടുത്ത ബന്ധവുമാണ് പിസി ജോര്‍ജിന് നേട്ടമായത്. ശക്തമായ അഴിമതി വിരുദ്ധ മുഖം നേടിയെടുക്കാന്‍ കഴിഞ്ഞ കാലത്തെ പോരാട്ടത്തിലൂടെ ജോര്‍ജിനായിരുന്നു. അതോടൊപ്പം മണ്ഡലത്തിലെ ഓരോ മുക്കിലും മൂലയിലും നിരന്തരസമ്പര്‍ക്കത്തിലൂടെ സൃഷ്ടിച്ച വ്യക്തിബന്ധങ്ങളും ജോര്‍ജിന് മികച്ച വിജയം സമ്മാനിച്ചു.