കേരളം ഇടതിന്; കോൺഗ്രസിന് വൻ തിരിച്ചടി, താമര വിരിഞ്ഞു

Posted on: May 19, 2016 6:00 am | Last updated: May 20, 2016 at 8:31 pm

ldf

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പില്‍ ഇടത് തേരോട്ടം. എക്‌സിറ്റ് പോളുകളെ ശരിവെച്ച് 92 സീറ്റുകള്‍ നേടി ഇടതു മുന്നണി അധികാരമുറപ്പിച്ചു. ഇടതു വലതു മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന രീതി കേരളജനത ഇത്തവണയും തെറ്റിച്ചില്ല. ഭരണത്തുടര്‍ച്ച സ്വപ്നം കണ്ട യുഡിഎഫ് 46 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍, ചിരകാല അഭിലാഷം പൂവണിയിച്ച് ബിജെപി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്നു. നേമത്ത് ഒ രാജഗോപാലാണ് താമര വിരിയിച്ചത്. അതേസമയം ഇരു മുന്നണികളെയും വെല്ലുവിളിച്ച് സ്വന്തം തട്ടകമായ പൂഞ്ഞാറില്‍ ജനവിധി തേടിയ പി സി ജോര്‍ജ് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി. 27821 വോട്ടുകള്‍ക്കാണ് ജോര്‍ഴജിന്റെ വിജയം. വടക്കാഞ്ചേരിയാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഫോട്ടോഫിനിഷില്‍ എത്തിയത്. ഇടതുപക്ഷം തൂത്തുവാരിയ ജില്ലയില്‍ യുഡിഎഫിന് ആശ്വാസ വിജയം സമ്മാനിച്ച് അനില്‍ അക്കര വെറും മൂന്ന് വോട്ടുകള്‍ക്കാണ് വിജയിച്ചത്.

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ വ്യക്തമായ ലീഡ് നേടിയാണ് ഇടതു മുന്നണി കരുത്ത് തെളിയിച്ചത്. കൊല്ലം ജില്ല പൂര്‍ണമായും ഇടത്തോട്ട് ചാഞ്ഞപ്പോള്‍ തൃശൂരിലും (12) ആലപ്പുഴയിലും (8) പത്തനംതിട്ടയിലും (4) ഒരിടത്തൊഴികെ എല്ലാ സീറ്റുകളിലും എല്‍ഡിഎഫ് ജയിച്ചു. കാസര്‍കോട്ട് മൂന്ന്, കണ്ണൂരില്‍ എട്ട്, വയനാട്ടില്‍ രണ്ട്, കോഴിക്കോട്ട് ഒന്‍പത്, മലപ്പുറം നാല്, പാലക്കാട് ഒന്‍പത്, എറണാകുളം അഞ്ച്, ഇടുക്കി മൂന്ന്, കോട്ടയം രണ്ട്, തിരുവനന്തപുരം ഒന്‍പത് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഇടത് വിജയം.

മലപ്പുറം ജില്ലയിലാണ് യുഡിഎഫിന് ആശ്വാസ വിധിയുണ്ടായത്. മുസ് ലിം ലീഗ് സ്ഥാനാര്‍ഥികള്‍ പിടിച്ചു നിന്നുവെങ്കിലും കോട്ടകളില്‍ വന്‍ വിള്ളലുണ്ടായി. ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ച മിക്ക മണ്ഡലങ്ങളിലും ഭൂരിപക്ഷം പകുതിയിലധികം ഇടിഞ്ഞിട്ടുണ്ട്. അതേസമയം, കോഴിക്കോട് സൗത്തില്‍ വിജയിച്ച എം കെ മുനീര്‍ ഭൂരിപക്ഷം നാലിരട്ടിയാക്കി വര്‍ധിപ്പിച്ചു. 1376 വോട്ടിന്റെ ഭൂരിപക്ഷം 6327 ആയാണ് ഉയര്‍ന്നത്. മലപ്പുറം താനൂര്‍ മണ്ഡലത്തില്‍ ലീഗിലെ അബ്ദുര്‍റഹ്മാന്‍ രണ്ടത്താണിയെ അട്ടിമറിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ി വി അബ്ദുര്‍റഹ്മാന്‍ വിജയിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തോറ്റത് ജില്ലയില്‍ കോണ്‍ഗ്രസിനേറ്റ ശക്തമായ തിരിച്ചടിയായി. ഇടത് സ്വതന്ത്രന്‍ പി വി അന്‍വര്‍ 11504 വോട്ടുകള്‍ക്കാണ് നിലമ്പൂരില്‍ വിജയിച്ചത്.

മന്ത്രിമാരായ കെ ബാബു, ഷിബു ബേബി ജോണ്‍, ജയലക്ഷ്മി,  എന്നിവര്‍ നിലംപൊത്തി. ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, സ്പീക്കർ എൻ ശക്തൻ, ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി എന്നിവരും പരാജയം രുചിച്ചു. വിജയപ്രതീക്ഷയുണ്ടായിരുന്ന എം വി നികേഷ്‌കുമാര്‍, ടി സിദ്ദീഖ്, എ പി അബ്ദുല്ലക്കുട്ടി, കെ സുധാകരൻ തുടങ്ങിയവരും പരാജയപ്പെട്ടു.